| Monday, 3rd December 2018, 9:12 pm

മിതാലിയെ പുറത്തിരുത്തിയത് കൂട്ടായെടുത്ത തീരുമാനം; രമേഷ് പവാറിനെ പിന്തുണച്ച് ഹര്‍മന്‍പ്രീതും സ്മൃതി മന്ദാനയും

സ്പോര്‍ട്സ് ഡെസ്‌ക്

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം കോച്ച് രമേഷ് പവാറിനെ പിന്തുണച്ച് ടി-20 ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും. ടി-20 ലോകകപ്പ് സെമിയില്‍ വെറ്ററന്‍ താരം മിതാലി രാജിനെ പുറത്തിരുത്തിയ തീരുമാനം ടീം മാനേജ്‌മെന്റ് ഒരുമിച്ചെടുത്ത തീരുമാനമാണെന്നും ഹര്‍മന്‍ ബി.സി.സി.ഐയ്ക്കയച്ച കത്തില്‍ പറയുന്നു.

ന്യൂസിലന്റ് പര്യടനവും 15 മാസത്തിനുള്ളില്‍ ടി-20 ലോകകപ്പും നടക്കാനിരിക്കെ പരിശീലകനെ മാറ്റുന്നത് ടീമിന് ദോഷം ചെയ്യുമെന്ന് ഹര്‍മന്‍പ്രീതും മന്ദാനയും പറഞ്ഞു.

“നമ്മുടെ ടീം കഴിഞ്ഞ വര്‍ഷങ്ങളില്‍ മികച്ച പ്രകടനം നടത്തിയാണ് ലോകത്തെ മികച്ച ടീമുകളില്‍ ഒന്നായി മാറിയത്. സെമിയില്‍ നമ്മള്‍ പരാജയപ്പെട്ടത് തീര്‍ച്ചയായും വേദനയുളവാക്കുന്നതാണ്. പവാര്‍ ഞങ്ങളുടെ ന്യൂനതകള്‍ പരിഹരിച്ച് മികച്ച താരമാക്കുന്നതില്‍ സഹായിച്ചു. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ മുഖം മാറ്റിയത് പവാറാണ്.- ഹര്‍മന്‍പ്രീത് ബി.സി.സി.ഐയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

ALSO READ: ഇത് സുവര്‍ണവാസരം; ഓസീസ് പടയെ എങ്ങനെ തുരത്താം: ടീം ഇന്ത്യയ്ക്ക് സച്ചിന്റെ ഉപദേശം

മിതാലിയുടെ സെമിയില്‍ കളിപ്പിക്കാതിരുന്നതിനെക്കുറിച്ചും ഹര്‍മന്‍പ്രീത് കത്തില്‍ വിശദീകരിക്കുന്നുണ്ട്. “ക്രിക്കറ്റിലെ യുക്തിയനുസരിച്ചാണ് ആ തീരുമാനം കൈക്കൊണ്ടത്. ഞാനും സ്മൃതിയും സെലക്ടര്‍ സുധാ ഷായും കോച്ചും മാനേജരുടെ സാന്നിധ്യത്തിലാണ് ആ തീരുമാനമെടുത്തത്. വിജയസാധ്യതയുള്ള ടീമിനെ ഗ്രൗണ്ടിലിറക്കുക എന്നതായിരുന്നു പദ്ധതി”.

ടി-20 ക്യാപ്റ്റനെന്ന നിലയിലും ഏകദിന വൈസ് ക്യാപ്റ്റനെന്ന നിലയിലും പവാറിനെ നിലനിര്‍ത്തണമെന്നതാണ് തന്റെ അഭിപ്രായമെന്ന് ഹര്‍മന്‍ കത്തില്‍ പറയുന്നു. പവാറിനെ മാറ്റാന്‍ നിലവില്‍ കാരണമൊന്നുമില്ലെന്നും ഹര്‍മന്‍ പറഞ്ഞു.

ALSO READ: ഒരോവറില്‍ ആറ് സിക്‌സ്, 113 പന്തില്‍ ഡബിള്‍ സെഞ്ച്വറി; ഓസീസ് ക്രിക്കറ്റില്‍ പുത്തന്‍ താരോദയം

തീരുമാനം ഐക്യകണ്‌ഠേനയെടുത്തതാണെന്ന് സ്മൃതി മന്ദാനയും പറയുന്നു. പവാറും സപ്പോര്‍ട്ടിംഗ് സ്റ്റാഫും ചുമതലയേറ്റെടുത്തശേഷമാണ് ടി-20യില്‍ ഇന്ത്യ തുടര്‍ച്ചയായി 14 ജയങ്ങള്‍ സ്വന്തമാക്കിയതെന്നും മന്ദാന ചൂണ്ടിക്കാണിച്ചു.

മിതാലി-പവാര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടണമെന്നും മന്ദാന കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ക്രിക്കറ്റിന് അതാണ് ഗുണമെന്നും മന്ദാന പറഞ്ഞു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more