| Monday, 4th July 2022, 4:11 pm

തിരിച്ചുവരവ് ഗംഭീരം, ഇനി കളി ഓസീസില്‍; ബി.ബി.എല്ലില്‍ തിളങ്ങാനൊരുങ്ങി ഇന്ത്യന്‍ ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

വുമണ്‍സ് ബിഗ് ബാഷ് ലീഗില്‍ (ഡബ്ല്യു. ബി.ബി.എല്‍) തിരിച്ചെത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. മെല്‍ബണ്‍ റെനെഗെഡ്‌സിന് വേണ്ടിയാണ് ഹര്‍മന്‍പ്രീത് ബി.ബി.എല്ലില്‍ കളിക്കാനിറങ്ങുന്നത്.

എല്ലാ ഫോര്‍മാറ്റുകളിലുമായി ഇന്ത്യയെ പ്രതിനിധീകരിച്ച താരം കഴിഞ്ഞ സീസണിലെ റെനെഗെഡ്‌സിന്റെ ലീഡിങ് വിക്കറ്റ് ടേക്കറുമായിരുന്നു. ബാറ്റിങ്ങിനൊപ്പം ഓഫ് സ്പിന്നും ആവാനാഴിയിലൊളിപ്പിച്ച ഹര്‍മന്‍പ്രീത് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ കൂടിയാണ്.

58 ശരാശരിയില്‍ 406 റണ്‍സാണ് താരം കഴിഞ്ഞ സീസണില്‍ റെനെഗെഡ്‌സിനായി നേടിയത്. താന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നതില്‍ ഏറെ ആവേശഭരിതയാണെന്നായിരുന്നു കൗറിന്റെ വാക്കുകള്‍.

‘കഴിഞ്ഞ സീസണില്‍ ടീമിന്റെ ഭാഗമായത് ഞാന്‍ ശരിക്കും ആസ്വദിച്ചു. എന്റെ ഏറ്റവും മികച്ച ക്രിക്കറ്റ് പുറത്തെടുക്കാന്‍ സഹായിച്ചതായാണ് എനിക്ക് തോന്നുന്നത്.

വ്യക്തിപരമായി ടീമിനൊപ്പം ചേരാനും എന്റെ ബെസ്റ്റ് പുറത്തെടുക്കാനും ഞാന്‍ ആഗ്രഹിച്ചിരുന്നു, അത് ചെയ്യാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം. ഞങ്ങള്‍ പരസ്പരം പിന്തുണയ്ക്കുകയും നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ സഹായിക്കുകയും ചെയ്തു.

എന്നാല്‍ ഇനിയും ഞങ്ങള്‍ക്ക് മെച്ചപ്പെടാന്‍ ഇടമുണ്ട്. അത് ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഒരിക്കല്‍ക്കൂടി ഫൈനല്‍ കളിച്ച് കിരീടത്തിനായി കളിക്കാന്‍ സ്വയം പ്രാപ്തരാക്കാം,’ കൗര്‍ പറഞ്ഞു.

കഴിഞ്ഞ സീസണിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി തെരഞ്ഞെടുക്കപ്പെട്ടതും കൗര്‍ തന്നെയായിരുന്നു.

ഡബ്ല്യു ബി.ബി.എല്ലിന്റെ എട്ടാം സീസണാണ് നടക്കാന്‍ പോകുന്നത്. കഴിഞ്ഞ സീസണില്‍ പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സായിരുന്നു ചാമ്പ്യന്‍മാരായത്. അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെ 12 റണ്‍സിന് പരാജയപ്പെടുത്തിയാണ് സ്‌ക്രോച്ചേഴ്‌സ് കിരീടം ചൂടിയത്.

എട്ട് ടീമുകളാണ് വരാനിരിക്കുന്ന സീസണില്‍ മത്സരിക്കാനിറങ്ങുന്നത്.

അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ്, ബ്രിസ്‌ബെയ്ന്‍ ഹീറ്റ്, ഹൊബാര്‍ട്ട് ഹറികെയന്‍സ്, മെല്‍ബണ്‍ റെനെഗെഡ്‌സ്, മെല്‍ബണ്‍ സ്റ്റാര്‍സ്, പെര്‍ത്ത് സ്‌ക്രോച്ചേഴ്‌സ്, സിഡ്‌നി തണ്ടര്‍, സിഡ്‌നി സിക്‌സേഴ്‌സ് എന്നിവരാണ് എട്ടാം സീസണില്‍ കിരീടം തേടിയിറങ്ങുന്നത്.

Content Highlight: Harmanpreet Kaur to return to Melbourne Renegades in WBBL

We use cookies to give you the best possible experience. Learn more