2024 വിമണ്‍സ് ടി-20യില്‍ കഴിഞ്ഞ ദിവസം (വെള്ളി) നടന്ന മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലാന്‍ഡ് 58 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തല്‍ 160 റണ്‍സാണ് കിവീസ് അടിച്ചെടുത്തത്. ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ ന്യൂസിലാന്‍ഡ് നേടുന്ന മൂന്നാമത്തെ ഉയര്‍ന്ന സ്‌കോറാണിത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19 ഓവറില്‍ ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇപ്പോള്‍ മത്സരത്തിലെ തോല്‍വിയുടെ കാരണത്തെക്കുറിച്ച് തുറന്ന് പറയുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍.
‘ബാറ്റിങ്ങിലും ബൗളിങ്ങിലും ഞങ്ങള്‍ക്ക് മികച്ച തുടക്കം ലഭിച്ചിരുന്നില്ല. ദുബായിലെ സാഹചര്യങ്ങള്‍ ന്യൂസിലാന്‍ഡിന് വളരെ അനുയോജ്യമായിരുന്നു. ഈ മത്സരം ഷാര്‍ജയിലെ പിച്ചിലായിരുന്നു നടന്നതെങ്കില്‍ ഫലം വ്യത്യസ്തമാകുമായിരുന്നു. ന്യൂസിലാന്‍ഡ് അത് പരമാവധി പ്രയോജനപ്പെടുത്തി.
അവര്‍ ഫുള്‍ ബൗള്‍ ചെയ്തു. ഒരു ഷോര്‍ട്ട് ഡെലിവറി പോലും ഉണ്ടായില്ല. ന്യൂസിലാന്‍ഡ് നന്നായി കളിച്ചു. പിച്ചിലെ സാഹചര്യങ്ങള്‍ ന്യൂസിലാന്‍ഡിലേത് പോലെയായിരുന്നു. ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഹിറ്റുകള്‍ക്കാണ് ശ്രമിച്ചത്, എന്നാല്‍ അത് ഈ ട്രാക്കില്‍ ശരിയായി വഴങ്ങില്ലായിരുന്നു,’ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ ഹര്‍മന്‍ പറഞ്ഞു.
തുടക്കത്തില്‍ തന്നെ വമ്പന്‍ ബാറ്റിങ് തകര്‍ച്ചയില്‍ ഇന്ത്യ അടിപതറുകയായിരുന്നു. ഓപ്പണിങ്ങിന് എത്തിയ ഷഫാലി വര്‍മയെ രണ്ട് റണ്‍സിന് പറഞ്ഞയച്ച് ന്യൂസിലാന്‍ഡിനായി വ്ക്കറ്റ് വേട്ട ആരംഭിച്ചത് ഈഡെന്‍ കാര്‍സണായിരുന്നു. തുടര്‍ന്ന് സ്മൃതി മന്ഥാനയെ 12 റണ്‍സിനും കാര്‍സണ്‍ പുറത്താക്കി.
ക്യാപ്റ്റന്‍ ഹര്‍മന്‍മന്‍പ്രീത് കൗറിനെ 15 റണ്‍സിന് റോസ്‌മേരി മെയ്ര്സ് പറഞ്ഞയച്ചതോടെ ഇന്ത്യ വീണ്ടും സമ്മര്‍ദത്തിലാകുകയും തുടര്‍ന്ന് ജമീമ റോഡ്രിഗസ് 13 റണ്‍സിനും പുറത്തായി. തുടര്‍ന്ന് വിക്കറ്റ് കീപ്പര്‍ റിച്ചാ ഘോഷും 12 റണ്‍സിന് കൂടാരം കയറി. ജമീമയുടേയും റിച്ചയുടേയും വിക്കറ്റ് വീഴ്ത്തിയത് ലീ തഹൂഹുവാണ്. അരുന്ധതി റെഡ്ഡിക്കും ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല.
കിവീസ് വിമണ്‍സിന് വേണ്ടി റോസ്‌മേരി മെയ്ര്, ലിയ തഹൂഹു എന്നിവര്‍ മൂന്ന് വിക്കറ്റ് നേടി മികച്ച പ്രകടനം നടത്തി.
കിവീസിന് വേണ്ടി ക്യാപ്റ്റന്‍ സോഫിയ ഡിവൈന്‍ അര്‍ധ സെഞ്ച്വറി നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 36 പന്തില്‍ ഏഴ് ഫോര്‍ അടക്കം 57* റണ്‍സ് നേടിയാണ് താരം ഇന്ത്യന്‍ ബൗളര്‍മാരെ വരച്ച വരയില്‍ നിര്‍ത്തിയത്.
Content Highlight: Harmanpreet Kaur Talking About Lose Against New Zealand