| Saturday, 2nd November 2019, 4:53 pm

ലോകത്തെ വിസ്മയിപ്പിച്ച ഫീല്‍ഡര്‍മാരുടെ 'പുരുഷപട്ടിക'യിലേക്ക് ഇന്നുമുതല്‍ ഒരു ഇന്ത്യക്കാരിയും; പറന്നുയര്‍ന്നു പിടിച്ചെടുത്ത ക്യാച്ചിന് കൈയടിച്ച് ലോകം- വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ആന്റിഗ്വ: ജോണ്ടി റോഡ്‌സ്, റോബിന്‍ സിങ്, യുവ്‌രാജ് സിങ്, പോള്‍ കോളിങ്‌വുഡ് തുടങ്ങിയ പേരുകളാണ് ക്രിക്കറ്റ് ലോകത്ത് ഫീല്‍ഡിങ്ങിനെക്കുറിച്ചു പറയുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വരിക. എന്നാല്‍ ഇനിമുതല്‍ അതങ്ങനെയായിരിക്കില്ല. ഈ ‘പുരുഷപട്ടിക’യിലേക്ക് ഇന്നുമുതല്‍ ഒരു വനിതാ ക്രിക്കറ്റര്‍ കൂടി പ്രവേശിക്കും.

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് സിങ്ങാണ് കരീബിയന്‍ മണ്ണില്‍ നേടിയ അത്ഭുതാവഹമായ ക്യാച്ച് പിടിച്ചെടുത്ത് ക്രിക്കറ്റ് ലോകത്തിന്റെ കൈയടി നേടിയത്. ആന്റിഗ്വയിലെ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തിലായിരുന്നു മത്സരം.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തിലായിരുന്നു ഹര്‍മന്‍പ്രീതിന്റെ ക്യാച്ച്. വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്‌സിന്റെ അവസാന പന്തില്‍ ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്‌ലര്‍ ലോങ് ഓണിലേക്ക് ഉയര്‍ത്തിയടിച്ച പന്താണ് ഹര്‍മന്‍പ്രീത് ബൗണ്ടറി ലൈനിനു തൊട്ടുമുന്നില്‍ നിന്ന് ആകാശത്തേക്കു പറന്നുയര്‍ന്ന് ഇടംകൈ കൊണ്ടു പിടിച്ചെടുത്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

94-ല്‍ നില്‍ക്കെയാണ് ടെയ്‌ലര്‍ ആ ഷോട്ടടിച്ചത്. അത് ബൗണ്ടറി ലൈന്‍ കടന്നിരുന്നെങ്കില്‍ ടെയ്‌ലര്‍ സെഞ്ചുറി നേടിയേനെ.

മത്സരത്തില്‍ ഇന്ത്യ ഒരു റണ്‍സിന് തലനാരിഴയ്ക്കു പരാജയപ്പെട്ടെങ്കിലും ഈ ക്യാച്ചാണു മത്സരശേഷം ചര്‍ച്ചയാകുന്നത്. 226 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ 224 റണ്‍സിനു പുറത്താകുകയായിരുന്നു.

അവസാന ഓവറില്‍ രണ്ട് വിക്കറ്റ് കൈയിലിരിക്കെ ഒമ്പത് റണ്‍സാണ് ഇന്ത്യക്കു വേണ്ടിയിരുന്നത്. എന്നാല്‍ സ്പിന്നര്‍ അനിസ മുഹമ്മദ് രണ്ട് വിക്കറ്റുകളും നേടിയതോടെ ഇന്ത്യ തോല്‍വിയിലേക്കു പതിച്ചു. അവസാന വിക്കറ്റ് അവസാന പന്തിലാണു വീണത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പ്രിയ പുനിയ നേടിയ അര്‍ധസെഞ്ചുറി (75) മാത്രമാണ് അല്‍പ്പമെങ്കിലും ആശ്വാസം പകര്‍ന്നത്. ഇതോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ വിന്‍ഡീസ് 1-0-ത്തിനു മുന്നിലെത്തി.

We use cookies to give you the best possible experience. Learn more