| Sunday, 5th March 2023, 8:06 am

ഉദ്ഘാടന മത്സരമാണോ, ഒരു പഞ്ഞിക്കിടല്‍ അത് നിര്‍ബന്ധാ... അന്ന് മക്കെല്ലം ഇന്ന് ഹര്‍മന്‍പ്രീത്

സ്പോര്‍ട്സ് ഡെസ്‌ക്

ഡബ്ല്യൂ.പി.എല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ പടുകൂറ്റന്‍ വിജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഗുജറാത്ത് ജയന്റ്‌സിനെ 143 റണ്‍സിന് തകര്‍ത്താണ് മുംബൈ ഡബ്ല്യൂ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ആദ്യ മത്സരം വിജയിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ഓപ്പണര്‍ യാഷ്ടിക ഭാട്ടിയയെ പെട്ടെന്ന് നഷ്ടമായിരുന്നു. എട്ട് പന്തില്‍ നിന്നും ഒരു റണ്‍സുമായാണ് ഭാട്ടിയ പുറത്തായത്. വണ്‍ ഡൗണായെത്തിയ നാറ്റ് സ്‌കിവര്‍ ബ്രണ്ടിനെ കൂട്ടുപിടിച്ച് ഓപ്പണറായ ഹെയ്‌ലി മാത്യൂസ് സ്‌കോര്‍ ഉയര്‍ത്തി. ടീം സ്‌കോര്‍ 69ല്‍ നില്‍ക്കവെ നാറ്റ് സ്‌കിവര്‍ പുറത്തായതിന് ശേഷമാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് ക്രീസിലേക്കെത്തിയത്.

ഹര്‍മന്‍ ക്രീസിലെത്തിയതോടെ വെടിക്കെട്ടിന് വേഗമേറി. 30 പന്തില്‍ നിന്നും 65 റണ്‍സാണ് ഹര്‍മന്‍ നേടിയത്. ഇതോടെ ഡബ്ല്യൂ.പി.എല്ലിന്റെ ചരിത്രത്തിലെ ആദ്യ അര്‍ധ സെഞ്ച്വറി നേട്ടം കുറിക്കാനും ഹര്‍മനായി.

47 റണ്‍സ് നേടിയ ഹെയ്‌ലി മാത്യൂസ് പുറത്തായതിന് ശേഷം ക്രീസിലെത്തിയ അമേല കേറും ആഞ്ഞടിച്ചു. 24 പന്തില്‍ നിന്നും 45 റണ്‍സാണ് താരം നേടിയത്. ഒടുവില്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സാണ് മുംബൈ നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് തുടക്കത്തിലേ പിഴച്ചിരുന്നു. ടോപ് ഓര്‍ഡറിലെ മൂന്ന് പേരും റണ്ണെടുക്കും മുമ്പേ പുറത്തായി.

ആറാമതായി ബാറ്റിങ്ങിനിറങ്ങിയ ഡി. ഹേമലത മാത്രമാണ് ഗുജറാത്ത് നിരയില്‍ അല്‍പമെങ്കിലും ചെറുത്തുനിന്നത്. 23 പന്തില്‍ നിന്നും 29 റണ്‍സുമായി താരം പുറത്താകാതെ നിന്നു. ഹേമലതക്ക് പുറമെ 11ാമതായി കളത്തിലിറങ്ങിയ മോണിക പട്ടേല്‍ മാത്രമാണ് രണ്ടക്കം കടന്നത്.

നാല് വിക്കറ്റ് വീഴ്ത്തിയ സൈക ഇഷാഖും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ നാറ്റ് സ്‌കിവര്‍, അമേല കേര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗുജറാത്തിനെ എറിഞ്ഞിട്ടത്.

മുംബൈ ഇന്ത്യന്‍സിന്റെ ഈ പ്രകടനം കാണുമ്പോള്‍ ക്രിക്കറ്റ് ആരാധകര്‍ ഓര്‍ത്തുപോകുന്നത് 2008ല്‍ ഐ.പി.എല്ലിന്റെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തരിപ്പണമാക്കിയതാണ്.

ബ്രണ്ടന്‍ മക്കെല്ലെത്തിന്റെ 158ന്റെ കരുത്തിലായിരുന്നു അന്ന് കൊല്‍ക്കത്ത റോയല്‍ ചലഞ്ചേഴ്‌സിനെ നിഷ്പ്രഭമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് 82 റണ്‍സ് ഓള്‍ ഔട്ടായി. 140 റണ്‍സിനായിരുന്നു നൈറ്റ് റൈഡേഴ്‌സിന്റെ വിജയം.

മക്കെല്ലത്തിന്റെ വെടിക്കെട്ടിനോടാണ് ആരാധകര്‍ ഹര്‍മന്റെ പ്രകടനവും ചേര്‍ത്ത് വെക്കുന്നത്. കൊല്‍ക്കത്തയുടെ വിജയമാര്‍ജിനേക്കാള്‍ അല്‍പം അധികമായിരുന്നു മുംബൈയുടെ വിജയം.

മാര്‍ച്ച് ആറിനാണ് മുംബൈയുടെ അടുത്ത മത്സരം. സ്മൃതി മന്ദാനയുടെ റോയല്‍ ചലഞ്ചേഴ്‌സാണ് എതിരാളികള്‍.

Content Highlight:  Harmanpreet Kaur’s brilliant batting in WPL

We use cookies to give you the best possible experience. Learn more