വനിതാ ഏഷ്യാ കപ്പിന്റെ ഫൈനലിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ടൂര്‍ണമെന്റിലെ ഏറ്റവും സക്‌സസ്ഫുള്‍ ടീമായ ഇന്ത്യ ആതിഥേയരായ ശ്രീലങ്കയെ നേരിടും. ജൂലൈ 28ന് നടക്കുന്ന മത്സരത്തിന് ദാംബുള്ളയിലെ റാണ്‍ഗിരി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദിയാകുന്നത്.
ആദ്യ സെമി ഫൈനലില്‍ ബംഗ്ലാദേശിനെ പത്ത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ ദാംബുള്ളയില്‍ നടന്ന രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയാണ് ചമാരി അത്തപ്പത്തുവും സംഘവും കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.
India’s women cricketers continue their global domination.
Congratulations for the superb win against Bangladesh in the semi final. Your talent, teamwork and commitment are exemplary. Best wishes for the final. #WomensAsiaCup2024pic.twitter.com/lejg80QLbX
ഫൈനലിനിറങ്ങുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ കിരീടത്തിന് പുറമെ മറ്റൊരു നേട്ടവും കാത്തിരിക്കുന്നുണ്ട്. ഈ നേട്ടം സ്വന്തമാക്കാന്‍ താരത്തിന് വേണ്ടതാകട്ടെ വെറും 15 റണ്‍സും.
ശ്രീലങ്കക്കെതിരെ 15 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ ഈ നേട്ടത്തിലെത്തുന്ന നാലാമത് മാത്രം ക്യാപ്റ്റന്‍ എന്ന നേട്ടവും ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടവും ഹര്‍മനെ തേടിയെത്തും.
അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ക്യാപ്റ്റന്‍ (വനിതകള്‍)
(താരം – ടീം – റണ്‍സ് എന്ന ക്രമത്തില്‍)
ചമാരി അത്തപ്പത്തു – ശ്രീലങ്ക – 2644
മെഗ് ലാന്നിങ് – ഓസ്ട്രേലിയ – 2619
ഷാര്‍ലെറ്റ് എഡ്വാര്‍ഡ്സ് – ഇംഗ്ലണ്ട് – 2529
ഹര്‍മന്‍പ്രീത് കൗര്‍ – ഇന്ത്യ – 2485*
സൂസി ബേറ്റ്സ് – ന്യൂസിലാന്‍ഡ് – 2071
ഇതിന് പുറമെ ഫൈനലില്‍ 85 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ അന്താരാഷ്ട്ര ടി-20യില്‍ 3500 റണ്‍സെന്ന നേട്ടവും താരത്തിന്റെ പേരില്‍ കുറിക്കപ്പെടും.
ഇന്ത്യക്കായി ബാറ്റെടുത്ത 152 ഇന്നിങ്‌സില്‍ നിന്നും 3415 റണ്‍സാണ് ഹര്‍മന്‍ സ്വന്തമാക്കിയത്. 28.22 ശരാശരിയില്‍ സ്‌കോര്‍ ചെയ്യുന്ന ഹര്‍മന്‍ ഒരു സെഞ്ച്വറിയും 12 അര്‍ധ സെഞ്ച്വറിയും തന്റെ പേരില്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.
അതേസമയം, ഫൈനലില്‍ എട്ടാം കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
ഏഷ്യാ കപ്പിന്റെ ചരിത്രത്തില്‍ നടന്ന എല്ലാ ഫൈനലിലും ഇന്ത്യയുടെ സാന്നിധ്യമുണ്ടായിരുന്നു. 2004 മുതല്‍ 2022 വരെ നടന്ന എട്ട് ഏഷ്യാ കപ്പില്‍ എട്ട് ഫൈനലും കളിച്ച ഇന്ത്യ ഏഴ് തവണ വിജയവും സ്വന്തമാക്കി.
2004, 2005-06, 2006, 2008, 2012, 2018, 2022 വര്‍ഷങ്ങളിലായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം. 2008 വരെ ഏകദിന ഫോര്‍മാറ്റിലായിരുന്നു ടൂര്‍ണമെന്റ് നടത്തിയിരുന്നത്. തുടര്‍ന്നിങ്ങോട്ട് ടി-20യിലും. ഫോര്‍മാറ്റ് ഏത് തന്നെയായാലും കിരീടം നേടുക എന്നതായിരുന്നു ഇന്ത്യയുടെ ശൈലി.
ഇതില്‍ അഞ്ച് തവണ ശ്രീലങ്കയെ തോല്‍പിച്ച് ഇന്ത്യ കിരീടമണിഞ്ഞപ്പോള്‍ രണ്ട് തവണ പാകിസ്ഥാനെയും ഇന്ത്യന്‍ വനിതകള്‍ തകര്‍ത്തുവിട്ടു.
2018ല്‍ മാത്രമാണ് ഇന്ത്യക്ക് കിരീടം നേടാന്‍ സാധിക്കാതെ പോയത്. കോലാലംപൂരില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനോട് മൂന്ന് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 113 റണ്‍സിന്റെ വിജയലക്ഷ്യം മൂന്ന് വിക്കറ്റ് ശേഷിക്കെ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു.
അവസാന ഓവറില്‍ ഒമ്പത് റണ്‍സായിരുന്നു ബംഗ്ലാദേശിന് വിജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ മൂന്ന് പന്തില്‍ നിന്നും ഒരു ബൗണ്ടറി ഉള്‍പ്പെടെ ആറ് റണ്‍സ് പിറന്നു. നാലാം പന്തില്‍ സാജിദ ഇസ്‌ലാം പുറത്തായി.
അഞ്ചാം പന്തില്‍ ഡബിളിനായി ഓടിയ ബംഗ്ലാദേശ് ഒരു റണ്‍സ് പൂര്‍ത്തിയാക്കിയെങ്കിലും രണ്ടാം റണ്‍സ് ഓടിയെടുക്കാനായില്ല. മറ്റൊരു റണ്‍ ഔട്ട് കൂടി പിറന്നു. അവസാന പന്തില്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ ബംഗ്ലാദേശ് ഡബിള്‍ ഓടി കിരീടമുയര്‍ത്തുകയായിരുന്നു.
Content Highlight: Harmanpreet Kaur need 15 runs to complete 2500 runs as captain