ഇന്ത്യന്‍ വിമണ്‍സ് ടീമിന്റെ നായികയായ ഹര്‍മന്‍പ്രീത് കൗറിന് ഏഷ്യന്‍ ഗെയിംസിലെ രണ്ട് മത്സരങ്ങളില്‍ നിന്നും ബാന്‍ ചെയ്യാന്‍ സാധ്യത. ബംഗ്ലാദേശിനെതിരെയുള്ള മൂന്നാം ഏകദിന മത്സരത്തിലെ മോശം പ്രവര്‍ത്തിയാണ് ബാന്‍ ലഭിക്കാനുള്ള കാരണം.
ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിലാണ് ക്രിക്കറ്റിലെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന് കളങ്കം ചാര്‍ത്തുന്ന രീതിയില്‍ കൗര്‍ പെരുമാറിയത്. അമ്പയര്‍ ലെഗ് ബിഫോര്‍ വിളിച്ച് പുറത്താക്കിയതിന് പിന്നാലെ കൗര്‍ സ്റ്റമ്പ് അടിച്ചുതെറിപ്പിക്കുകയും അമ്പയറോട് കയര്‍ക്കുകയും ചെയ്തിരുന്നു.
മാച്ച് ഫീയുടെ 75 ശതമാനമാണ് താരത്തിന് പിഴയിട്ടത്. ഇതിന് പുറമെ നാല് ഡീമെറിറ്റ് പോയിന്റുകളും താരത്തിന് നേരത്തെ നല്‍കിയിരുന്നു. ശനിയാഴ്ച ഷേര്‍ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തിനിടെയാണ് ഇന്ത്യക്ക് ചീത്തപ്പേരുണ്ടാക്കുന്ന ക്യാപ്റ്റന്റെ പെരുമാറ്റം ഉണ്ടായത്.
ഐ.സി.സിയുടെ കോഡ് ഓഫ് കണ്ടക്ട് പ്രകാരമുള്ള ലെവല്‍ ടു തെറ്റാണ് ഹര്‍മന്‍പ്രീത് ചെയ്തതെന്നും മാച്ച് ഒഫീഷ്യല്‍സിനെ ഉദ്ധരിച്ച് കൊണ്ട് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു. സ്റ്റമ്പ് അടിച്ചുതെറിപ്പിച്ചതിന് 50 ശതമാനവും പ്രസന്റേഷന്‍ സെറിമണിയില്‍ വെച്ച് ബംഗ്ലാദേശ് ക്യാപ്റ്റനെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചതിനാണ് 25 ശതമാനം അധിക പിഴയിട്ടത്.
ഐ.സി.സി പെരുമാറ്റച്ചട്ടം അനുസരിച്ച്, ”ഒരു പ്ലെയര്‍ 24 മാസത്തിനുള്ളില്‍ നാലോ അതിലധികമോ ഡീമെറിറ്റ് പോയിന്റുകളില്‍ എത്തിയാല്‍, അവ സസ്‌പെന്‍ഷന്‍ പോയിന്റുകളായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു, അതിന്റെ ഫലമായി വിലക്കും കാണും. രണ്ട് സസ്പെന്‍ഷന്‍ പോയിന്റുകള്‍ ഒരു ടെസ്റ്റില്‍ നിന്നോ രണ്ട് ഏകദിനങ്ങളില്‍ നിന്നോ രണ്ട് ടി-20യില്‍ നിന്നോ ഉള്ള വിലക്കിന് തുല്യമാണ്. ഡീമെറിറ്റ് പോയിന്റുകള്‍ ഒരു കളിക്കാരന്റെ അച്ചടക്ക റെക്കോര്‍ഡില്‍ 24 മാസത്തേക്ക് തുടരും, അതിനുശേഷം അവ നീക്കം ചെയ്യപ്പെടും.
മത്സരത്തിനിടെ ബാറ്റ് കൊണ്ട് സ്ട്രൈക്കിങ് എന്‍ഡിലെ സ്റ്റമ്പ് അടിച്ചുതെറിപ്പിച്ചതിന് പുറമെ അമ്പയര്‍ തന്‍വീര്‍ അഹമ്മദിനോടാണ് താരം തട്ടിക്കയറിയത്. ഇതിന് ശേഷം മത്സരം തോറ്റതിന് പിന്നാലെ പ്രസന്റേഷന്‍ സെറിമണിയില്‍ വെച്ച് ബംഗ്ലാദേശ് ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനക്കെതിരെ മോശം പരാമര്‍ശങ്ങളും നടത്തിയിരുന്നു.