2024 ഒക്ടോബറില്‍ നടക്കാനിരിക്കുന്ന വനിതാ ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹര്‍മന്‍ പ്രീത് കൗറിന്റെ നേതൃത്വത്തില്‍ ഒരു പിടി മികച്ച താരനിരയുമായാണ് ഇന്ത്യ കുട്ടി ക്രിക്കറ്റിന്റെ കിരീടം സ്വന്തമാക്കാന്‍ തയ്യാറെടുക്കുന്നത്. ടീമിന്റെ വൈസ് ക്യാപ്റ്റനായി സ്മൃതി മന്ഥാനെയെയാണ് നിയമിച്ചിട്ടുള്ളത്.
ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഹര്‍മന്‍ സ്വന്തമാക്കിയിരിക്കുന്നത്. വനിതാ ടി-20 ലോകകപ്പിന്റെ നാല് സീസണിലും ഇന്ത്യന്‍ ടീമിനെ നയിക്കുന്ന ആദ്യ ക്യാപ്റ്റനാകാനാണ് താരത്തിന് സാധിച്ചിരിക്കുന്നത്. 2018, 2020, 2023 വര്‍ഷങ്ങളിലാണ് ഹര്‍മന്‍പ്രീത് കൗര്‍ ഇന്ത്യയുടെ ക്യാപ്റ്റനായി സ്ഥാനമോറ്റത്.
മലയാളി താരങ്ങളായ ആശാ ശോഭനയും സജന സജീവനും ടീമില്‍ ഇടം നേടി. ചരിത്രത്തില്‍ ഇതാദ്യമായാണ് രണ്ടു മലയാളി താരങ്ങള്‍ ലോകകപ്പിന്റെ വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ഒക്ടോബര്‍ മൂന്ന് മുതല്‍ 20 വരെ ദുബായിലും ഷാര്‍ജയിലും ആണ് ടൂര്‍ണമെന്റ് നടക്കുന്നത്.
കിരീട പോരാട്ടത്തിനായി 10 ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്നത്. അഞ്ച് ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കിയാണ് തിരിച്ചിട്ടുള്ളത്. ഇന്ത്യ ഗ്രൂപ്പ് എയില്‍ ആണ് ഇടം നേടിയിട്ടുള്ളത്. ഇന്ത്യക്ക് ഒപ്പം നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ശ്രീലങ്ക, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, എന്നീ ടീമുകളുമാണ് മത്സരിക്കുന്നത്.
ഗ്രൂപ്പ് ബിയില്‍ ബംഗ്ലാദേശ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, സ്‌കോട്ലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകളാണ് ഉള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ ടീമിനും നാലു മത്സരങ്ങളാണ് ഉള്ളത്. രണ്ട് ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാരായിരിക്കും സെമിഫൈനലിലേക്ക് മുന്നേറുക.
ഒക്ടോബര്‍ നാലിന് ന്യൂസിലന്‍ഡിനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.ലോകകപ്പ് തുടങ്ങുന്നതിനു മുന്നോടിയായി സെപ്റ്റംബര്‍ 29ന് വെസ്റ്റ് ഇന്‍ഡീസിനെതിരെയും ഒക്ടോബര്‍ ഒന്നിന് സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയും ഇന്ത്യ രണ്ട് സന്നാഹ മത്സരങ്ങള്‍ കളിക്കും.
ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്:
ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ദീപ്തി ശര്‍മ, ജെമീമാ റോഡ്രിഗസ്, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രാക്കര്‍, അരുന്ധതി റെഡ്ഡി, രേണുക സിങ് താക്കൂര്‍, ദയാലന്‍ ഹേമലത, ആശാ ശോഭന, രാധാ യാദവ്, ശ്രേയങ്ക പാട്ടീല്‍, സജന സജീവന്‍.
Content Highlight: Harmanpreet Kaur In Record Achievement