|

തോറ്റെങ്കിലും ക്യാപ്റ്റന്‍ അടിച്ചുകയറിയത് കിടിലന്‍ റെക്കോഡില്‍; മുന്നിലുള്ളത് മന്ഥാന മാത്രം!

സ്പോര്‍ട്സ് ഡെസ്‌ക്

വിമണ്‍സ് പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ദല്‍ഹി ക്യാപിറ്റല്‍സ്. വഡോദര ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ദല്‍ഹിയുടെ വിജയം. അവസാന പന്തിലെ ത്രില്ലിങ് മത്സരത്തിനൊടുവില്‍ ക്യാപിറ്റല്‍സ് വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ ക്യാപിറ്റല്‍സ് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് 19.1 ഓവറില്‍ 164 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു മുംബൈ. മറുപടിക്ക് ഇറങ്ങിയ ക്യാപിറ്റല്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത് മൂന്നാമതായി ഇറങ്ങിയ നാറ്റ് സൈവര്‍ ആണ്. 59 പന്തില്‍ നിന്ന് 13 ഫോര്‍ ഉള്‍പ്പെടെ 80 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. 135.59 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 22 പന്തില്‍ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 42 റണ്‍സ് നേടി മികവ് പുലര്‍ത്തി മറ്റാര്‍ക്കും തന്നെ ടീമിനുവേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.

നേടിയത് 42 റണ്‍സാണെങ്കിലും തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാന്‍ കൗറിന് സാധിച്ചിരിക്കുകയാണ്. വിമണ്‍സ് ടി-20സില്‍ 8000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് ഹര്‍മന് സാധിച്ചത്. ടി-20സില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന രണ്ടാമത്തെ സ്‌കോറാണിത്. കൗറിന്റെ മുന്നില്‍ സൂപ്പര്‍ താരം സ്മൃതി മന്ഥാന മാത്രമാണുള്ളത്. 8000 റണ്‍സ് പിന്നിടുന്ന രണ്ട് ഇന്ത്യന്‍ താരങ്ങളാണ് ഇരുവരും.

ക്യാപിറ്റല്‍സിനു വേണ്ടി അനാബല്‍ സദര്‍ ലാന്‍ഡ് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ശിഖ പാണ്ഡെ രണ്ടു വിക്കറ്റും നേടി മികവ് പുലര്‍ത്തി. ആലിസ് ക്യാപ്‌സി മിന്നു മണി എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

ക്യാപിറ്റല്‍സിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് ഓപ്പണര്‍ ഷഫാലി വര്‍മയായിരുന്നു. 18 പന്തില്‍ 2 സിക്‌സറും ഏഴ് ഫോറും ഉള്‍പ്പെടെ 43 റണ്‍സ് ആണ് താരം നേടിയത്. 238.89 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ ആയിരുന്നു ഷഫാലി ബാറ്റ് വീശിയത്. താരത്തിന് പുറമേ മധ്യനിരയില്‍ നിക്കി പ്രസാദ് 35 റണ്‍സ് നേടിയിരുന്നു.

മുംബൈയ്ക്ക് വേണ്ടി ഹെയ്‌ലി മാത്യൂസ്, അമേലിയ കെര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ശബ്നിം ഇസ്മയില്‍, നാറ്റ് സൈവര്‍ ബ്രന്‍ഡ്, സജ്‌ന സജീവന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Harmanpreet Kaur In Great Record Achievement In T-20 Women’s Cricket

Latest Stories