| Sunday, 10th March 2024, 8:03 am

197.92 സ്ട്രൈക്ക് റേറ്റിൽ തൂക്കിയടി; ഹർമൻ കൊടുങ്കാറ്റിൽ പിറന്നത് റെക്കോഡ് പെരുമഴ

സ്പോര്‍ട്സ് ഡെസ്‌ക്

വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് ആവേശകരമായ വിജയം. അവസാന ഓവര്‍ വരെ ത്രില്ലര്‍ നീണ്ടുനിന്ന മത്സരത്തില്‍ ഏഴു വിക്കറ്റുകള്‍ക്കായിരുന്നു ഗുജറാത്ത് ജയന്റ്‌സിനെ മുംബൈ പരാജയപ്പെടുത്തിയത്.

ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിന്റെ ബാറ്റിങ് കരുത്തിലാണ് മുംബൈ ജയിച്ചു കയറിയത്. 48 പന്തില്‍ പുറത്താവാതെ 95 റണ്‍സ് നേടിക്കൊണ്ടായിരുന്നു മുംബൈ ക്യാപ്റ്റന്റെ നിര്‍ണായക ഇന്നിങ്‌സ്. പത്ത് ഫോറുകളും അഞ്ച് സിക്‌സുകളുമാണ് ഹര്‍മന്‍ നേടിയത്. 197.92 സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരുപിടി റെക്കോഡ് നേട്ടങ്ങളാണ് ഹര്‍മന്‍പ്രീത് സ്വന്തമാക്കിയത്. വിമന്‍സ് പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനായി ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആണിത്. ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് ഹെയ്‌ലി മാത്യൂസ് ആയിരുന്നു. 2023ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ പുറത്താവാതെ 77 റണ്‍സാണ് മാത്യൂസ് നേടിയത്.

ഇതിനു പുറമെ മറ്റൊരു അവിസ്മരണീയ നേട്ടവും മുംബൈ ക്യാപ്റ്റന്‍ സ്വന്തമാക്കി. വുമണ്‍സ് പ്രീമിയർ ലീഗില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍ എന്ന നേട്ടവും ഹര്‍മന്‍ സ്വന്തമാക്കി.

മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് നേടിയത്. ഗുജറാത്ത് ബാറ്റിങ്ങില്‍ ഡയാലന്‍ ഹേമലത 40 പന്തില്‍ 74 റണ്‍സും ക്യാപ്റ്റന്‍ ബേത്ത് മൂണി 35 പന്തില്‍ 65 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങില്‍ മുംബൈക്കായി ക്യാപ്റ്റന്റെ തകര്‍പ്പന്‍ പ്രകടനത്തിന് പുറമേ യാസ്തിക ബാട്ടിയ 36 പന്തില്‍ 49 റണ്‍സ് നേടി വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

ജയത്തോടെ പ്ലേ ഓഫിലേക്ക് യോഗ്യത നേടാനും ഹര്‍മനും കൂട്ടര്‍ക്കും സാധിച്ചു.

Content Highlight: Harmanpreet Kaur great innings in wpl

Latest Stories

We use cookies to give you the best possible experience. Learn more