ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ക്രിക്കറ്റിലെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് കളങ്കം ചാര്‍ത്തുന്ന രീതിയില്‍ മോശമായി പെരുമാറിയ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം താരം ഹര്‍മന്‍പ്രീത് കൗറിന് തിരിച്ചടി. അമ്പയര്‍ ലെഗ് ബിഫോര്‍ വിളിച്ച് പുറത്താക്കിയതിന് പിന്നാലെ കൗര്‍ സ്റ്റമ്പ് അടിച്ചുതെറിപ്പിക്കുകയും അമ്പയറോട് കയര്‍ക്കുകയും ചെയ്തിരുന്നു.
മാച്ച് ഫീയുടെ 75 ശതമാനമാണ് താരത്തിന് പിഴയിട്ടത്. ഇതിന് പുറമെ നാല് ഡീമെറിറ്റ് പോയിന്റുകളും താരത്തിന് നല്‍കിയിട്ടുണ്ട്. ശനിയാഴ്ച ഷേര്‍ ബംഗ്ലാ നാഷണല്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തിനിടെയാണ് ഇന്ത്യക്ക് ചീത്തപ്പേരുണ്ടാക്കുന്ന ക്യാപ്റ്റന്റെ പെരുമാറ്റം ഉണ്ടായത്.
ഐ.സി.സിയുടെ കോഡ് ഓഫ് കണ്ടക്ട് പ്രകാരമുള്ള ലെവല്‍ ടു തെറ്റാണ് ഹര്‍മന്‍പ്രീത് ചെയ്തതെന്നും മാച്ച് ഒഫീഷ്യല്‍സിനെ ഉദ്ധരിച്ച് കൊണ്ട് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു. സ്റ്റമ്പ് അടിച്ചുതെറിപ്പിച്ചതിന് 50 ശതമാനവും പ്രസന്റേഷന്‍ സെറിമണിയില്‍ വെച്ച് ബംഗ്ലാദേശ് ക്യാപ്റ്റനെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ചതിനാണ് 25 ശതമാനം അധിക പിഴയിട്ടത്.
മത്സരത്തിനിടെ ബാറ്റ് കൊണ്ട് സ്‌ട്രൈക്കിങ് എന്‍ഡിലെ സ്റ്റമ്പ് അടിച്ചുതെറിപ്പിച്ചതിന് പുറമെ അമ്പയര്‍ തന്‍വീര്‍ അഹമ്മദിനോടാണ് താരം തട്ടിക്കയറിയത്. ഇതിന് ശേഷം മത്സരം തോറ്റതിന് പിന്നാലെ പ്രസന്റേഷന്‍ സെറിമണിയില്‍ വെച്ച് ബംഗ്ലാദേശ് ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനക്കെതിരെ മോശം പരാമര്‍ശങ്ങളും നടത്തിയിരുന്നു.
അതേസമയം, ഒരു സ്‌പോര്‍ട്‌സ് താരമെന്ന നിലയില്‍ ഇന്ത്യന്‍ ക്യാപ്റ്റന് ഇത്തിരി കൂടി മര്യാദ കാട്ടാമായിരുന്നുവെന്നും പ്രശ്‌നം ഹര്‍മന്‍പ്രീതിന്റേതാണെന്നും എനിക്ക് അതുമായി ഒരു ബന്ധവുമില്ലെന്നും ബംഗ്ലാ ക്യാപ്റ്റന്‍ പ്രതികരിച്ചു.
താന്‍ ഇങ്ങനെ ചെയ്തതിന് കാരണം പരമ്പരയിലുടനീളം പ്രകടമായ മോശം അമ്പയറിങ് ആയിരുന്നുവെന്നും അതിലുള്ള അതൃപ്തി പ്രകടിപ്പിച്ചതാണെന്നും ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു. ‘ഈ മത്സരത്തില്‍ നിന്നും ഞങ്ങള്‍ക്ക് പലതും പഠിക്കാനുണ്ടെന്ന് കരുതുന്നു.
ക്രിക്കറ്റിന് പുറമെ അമ്പയറിന്റെ പല തീരുമാനങ്ങളിലും ഞങ്ങള്‍ അതിശയിച്ച് പോയി. അടുത്ത തവണ ബംഗ്ലാദേശിലേക്ക് വരുമ്പോള്‍ ഇത്തരത്തിലുള്ള അമ്പയറിങ്ങിനെ നേരിടാനും അതിനനുസരിച്ച് സ്വയം തയ്യാറെടുക്കാനും ഞങ്ങള്‍ ശ്രദ്ധിക്കും. ബംഗ്ലാദേശ് മികച്ച രീതിയില്‍ ബാറ്റ് ചെയ്തു.
അവര്‍ സാഹചര്യങ്ങള്‍ക്കൊത്ത് കളിച്ചു. ഞങ്ങളുടെ ഇന്നിങ്സില്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ അമ്പയറിങ് ദയനീയമായിരുന്നു. അമ്പയര്‍മാരുടെ ചില തീരുമാനങ്ങളില്‍ ഞങ്ങള്‍ ശരിക്കും നിരാശരാണ്,’ ഹര്‍മന്‍പ്രീത് പറഞ്ഞു.