കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മാച്ചിന് ശേഷം ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച ദീപ്തി ശര്‍മ നടത്തിയ മന്‍കാദിങ്ങാണ്.
ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ് ഡീനിനെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്നും റണൗട്ടാക്കിയ ദീപ്തി ശര്‍മയുടെ ആക്ഷനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍.
ദീപ്തി ശര്‍മ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും തന്റെ പ്ലെയേഴ്‌സിനെ പിന്തുണക്കുന്നുവെന്നും ഹര്‍മന്‍പ്രീത് കൗര്‍ പറഞ്ഞു.
പത്ത് വിക്കറ്റുകളും ഏറെ പ്രധാനപ്പെട്ടതാണെന്നും ഈ മാച്ചിലെ വിജയത്തെ വിജയമായി തന്നെയാണ് കാണുന്നതെന്നും ഹര്‍മന്‍ പ്രീത് അഭിപ്രായപ്പെട്ടു. ഷാര്‍ലറ്റ് ഡീനിനെ ദീപ്തി ശര്‍മ മന്‍കാദ് ചെയ്തതിനെ കുറിച്ചുള്ള ചോദ്യമായിരുന്നു മാച്ചിന് ശേഷം ഹര്‍മന്‍പ്രീതിനോട് അവതാരകന്‍ ആവര്‍ത്തിച്ച് ചോദിച്ചത്.
മന്‍കാദിങ്ങിനെ കുറിച്ചുള്ളു ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയാണല്ലോ എന്ന് കൂടി ഇയാള്‍ പറഞ്ഞതോടെയാണ് ക്യാപ്റ്റന്റെ മറുപടി തഗ് മറുപടി എത്തിയത്.
‘ഞാന്‍ വിചാരിച്ചത് നിങ്ങള്‍ ഞങ്ങളെടുത്ത പത്ത് വിക്കറ്റുകളെ കുറിച്ചും ചോദിക്കുമെന്നായിരുന്നു. ആ വിക്കറ്റുകള്‍ ഓരോന്നും എടുക്കാന്‍ എളുപ്പമായിരുന്നില്ല. പിന്നെ ദീപ്തി ചെയ്തത് ഈ ഗെയിമിന്റെ ഭാഗമായ കാര്യം തന്നെയാണ്. അല്ലാതെ ഞങ്ങള്‍ പുതുതായി കണ്ടുപിടിച്ചതൊന്നുമല്ല.
ബാറ്റര്‍മാര്‍ എന്താണ് ചെയ്യുന്നത് എന്നതിനെ കുറിച്ച് ബൗളര്‍മാര്‍ എത്രമാത്രം ജാഗരൂകരാണെന്നാണ് അത് കാണിക്കുന്നത്. നിയമവിരുദ്ധമായി ഒന്നും തന്നെ ദീപ്തി ചെയ്തിട്ടില്ല, അതുകൊണ്ട് ഞാന്‍ എന്റെ കളിക്കാരെ പിന്തുണക്കും. പിന്നെ എന്തൊക്കെ പറഞ്ഞാലും അവസാനം നോക്കുമ്പോള്‍ വിജയം വിജയം തന്നെയാണ്,’ ഹര്‍മന്‍ പ്രീത് പറഞ്ഞു.
ഹര്‍മന്‍ പ്രീതിന്റെ ഈ മറുപടി സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയിക്കഴിഞ്ഞു. വീഡിയോ ഷെയര്‍ ചെയ്താണ് ഇന്ത്യന്‍ ഫാന്‍സ് ആഘോഷിക്കുന്നതെങ്കില്‍ കടുത്ത നിരാശയും രോഷവും പ്രകടിപ്പിച്ച് ഇംഗ്ലണ്ടുകാരും എത്തിയിട്ടുണ്ട്.
മാച്ചിനെയും ഇന്ത്യന്‍ ബാറ്റര്‍മാരെയും കുറിച്ചും ഹര്‍മന്‍ പ്രീത് കൗര്‍ വിശദീകരിച്ചു. കളി കൈവിട്ട് പോയതായി താനൊരിക്കലും കരുതിയിരുന്നില്ലെന്നും ബൗളര്‍മാരില്‍ തനിക്ക് നല്ല വിശ്വാസമുണ്ടായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങളുടെ ബാറ്റര്‍മാര്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ആ സ്‌കോറിനെ പ്രതിരോധിക്കാന്‍ ബൗളര്‍മാര്‍ക്കുമായി. സ്പിന്നും പേസും വെച്ചാണ് വിക്കറ്റുകളെടുക്കേണ്ടതെന്ന് ഞങ്ങള്‍ മനസിലാക്കിയിരുന്നു. ഈ മാച്ചില്‍ ഒരിക്കല്‍ പോലും കാര്യങ്ങള്‍ കൈവിട്ടുപോയതായി ഞങ്ങള്‍ക്ക് തോന്നിയിരുന്നേയില്ല,’ ഹര്‍മന്‍ പ്രീത് പറഞ്ഞു.
16 റണ്‍സിനാണ് ഏകദിന പരമ്പരയിലെ അവസാന മാച്ചില്‍ ഇന്ത്യ ജയം നേടിയത്. ഇതോടെ 3-0ത്തിന് ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കി. സ്മൃതി മന്ദാനയും ദീപ്തി ശര്‍മയും നേടിയ അര്‍ധ സെഞ്ച്വറികളായിരുന്നു ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ മെച്ചപ്പെട്ട സ്‌കോറിലെത്തിച്ചത്.
170 വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിനെ 103ല്‍ പിടിച്ചു കിട്ടാന്‍ ഇന്ത്യക്കായി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ആമി ജോണ്‍സും ഷാര്‍ലെറ്റ് ഡീനും അവസാന ഓവറുകളില്‍ പൊരിഞ്ഞ പോരാട്ടം തന്നെ നടത്തിയെങ്കിലും ജയം നേടാതെ തിരിച്ചു പോകാനായിരുന്നു ഇംഗ്ലണ്ടിന്റെ വിധി.