| Tuesday, 7th May 2024, 8:05 am

ഹര്‍മന്‍പ്രീത് കൗര്‍ 300 നോട്ട് ഔട്ട്! ഇന്ത്യയില്‍ രണ്ട്, ലോകത്തില്‍ അഞ്ച്; ചരിത്രനേട്ടവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ വുമണ്‍സും-ബംഗ്ലാദേശ് വുമണ്‍സും തമ്മിലുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ ഡക്ക് വര്‍ത്ത് ലൂയിസ് സ്റ്റേണ്‍ നിയമപ്രകാരം 56 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

സെയ്ഹെറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മഴമൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് ആണ് ആദ്യം നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് 14 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.

ഈ തകര്‍പ്പന്‍ വിജയത്തിനൊപ്പം ഒരു ചരിത്ര നേട്ടം സ്വന്തമാക്കാനും ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗറിന് സാധിച്ചു. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ 300 മത്സരങ്ങള്‍ എന്ന പുതിയ നാഴികല്ലിലേക്കാണ് ഹര്‍മന്‍ പ്രീത് നടന്നു കയറിയത്. ഇതോടെ വുമണ്‍സ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന അഞ്ചാമത്തെ താരമായി മാറാനും ഹര്‍മന്‍ പ്രീതിന് സാധിച്ചു.

വുമണ്‍സ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം, മത്സരങ്ങളുടെ എണ്ണം, രാജ്യം എന്നീ ക്രമത്തില്‍

മിതാലി രാജ്-333-ഇന്ത്യ

സൂസി ബേറ്റ്‌സ്-317- ഓസ്‌ട്രേലിയ

എലീസ് പെറി-314-ഓസ്‌ട്രേലിയ

ചാര്‍ലോട്ടേ എഡ്വാര്‍ഡ്‌സ്-309-ഇംഗ്ലണ്ട്

ഹര്‍മന്‍പ്രീത് കൗര്‍-300*-ഇന്ത്യ

ബാറ്റിങ്ങിലും മികച്ച പ്രകടനമാണ് ക്യാപ്റ്റന്‍ പുറത്തെടുത്തത്. 26 പന്തില്‍ 39 റണ്‍സ് നേടി മത്സരത്തില്‍ ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍ ആവാനും ഹര്‍മന് സാധിച്ചു. അഞ്ച് ഫോറുകളാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇന്ത്യന്‍ ബൗളിങ്ങില്‍ ദീപ്തി ശര്‍മ, ആശ ശോഭന എന്നിവര്‍ രണ്ടു വീതം വിക്കറ്റും പൂജ വസ്താക്കര്‍, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ബംഗ്ലാദേശ് ബാറ്റിങ് 68 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 4-0ത്തിന് മുന്നിലാണ് ഇന്ത്യ. മെയ് ഒമ്പതിനാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. സൈഹെറ്റ് സ്റ്റേഡിയമാണ് വേദി.

Content Highlight: Harmanpreet Kaur Compleated 300 International Matches

Latest Stories

We use cookies to give you the best possible experience. Learn more