| Sunday, 31st July 2022, 7:57 pm

ധോണിയും കോഹ്‌ലിയും രോഹിത്തുമല്ല; ട്വന്റി-20യില്‍ ഇന്ത്യയെ ഏറ്റവും കൂടുതല്‍ മത്സരം വിജയിപ്പിച്ച ക്യാപ്റ്റന്‍ ഇവരാണ്

സ്പോര്‍ട്സ് ഡെസ്‌ക്

ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനെ ഏറ്റവും കൂടുതല്‍ മത്സരം വിജയപ്പിച്ച ക്യാപ്റ്റന്‍ ലോകകപ്പ് നേടികൊടുത്ത നായകന്‍ ധോണിയോ മുന്‍ നായകകന്‍ വിരാട് കോഹ്‌ലിയോ നിലവിലെ നായകന്‍ രോഹിത് ശര്‍മയോ അല്ല. അത് ഇന്ത്യന്‍ വനിതാ ടീം നായിക ഹര്‍മന്‍പ്രീത് കൗര്‍ ആണ്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പാകിസ്ഥാനെതിരെ വിജയിച്ചതോടെയാണ് അവര്‍ ഈ റെക്കോഡ് കരസ്ഥമാക്കിയത്. 42 മത്സരമാണ് ഇന്ത്യന്‍ വനിതാ ടീം കൗറിന്റെ കീഴില്‍ വിജയിച്ചത്. 41 മത്സരം ജയിപ്പിച്ച ധോണിയുടെ റെക്കോഡാണ് അവര്‍ തകര്‍ത്തത്.

മൂന്നാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലി 30 മത്സരത്തിലാണ് ഇന്ത്യന്‍ ടീമിനെ വിജയിപ്പിച്ചത്. നിലവിലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 27 മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ വിജിയപ്പിച്ചിട്ടുണ്ട്.

അതേസമയം പാകിസ്ഥാനെ എട്ട് വിക്കറ്റിനാണ് ഇന്ത്യന്‍ ടീം തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ വെറും 99 റണ്‍സിന് ഇന്ത്യന്‍ ടീം പുറത്താക്കിയിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് തന്നെ ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. മേഘ്‌ന സിങ്ങാണ് ഇന്ത്യക്കായി ആദ്യ വിക്കറ്റ് നേടിയത്.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ മുനീബ അലിയും നായിക ബിസ്മ മറൂഫും 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടുക്കിയിരുന്നു. ഒമ്പതാം ഓവറില്‍ സ്‌നേഹ് റാന ഈ കൂട്ടുക്കെട്ട് തകര്‍ക്കുകയായിരുന്നു. പിന്നീട് പാക് മധ്യനിര ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. ഇന്ത്യക്കായി സ്‌നേഹ് റാനയും രാധ യാഥവും രണ്ട് വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അനായാസം ഈ സ്‌കോര്‍ മറികടക്കുകയായിരുന്നു. 42 പന്ത് നേരിട്ട് 63 റണ്‍സ് നേടിയ സ്മൃതി മന്ദാനയാണ് ഇന്ത്യന്‍ വിജയം എളുപ്പമാക്കിയത്. എട്ട് ഫോറും മൂന്ന് സിക്‌സും സ്മൃതിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയോടെ തോറ്റ ഇന്ത്യക്ക് ഈ മത്സരം വിജയിക്കുന്നത് അനിവാര്യമായിരുന്നു. ഇതോടെ എ ഗ്രൂപ്പില്‍ ഒന്നാമതെത്താന്‍ ഇന്ത്യക്ക് സാധിച്ചു. ബാര്‍ബഡോസ് ടീമാണ് ഇന്ത്യയുടെ അടുത്ത എതിരാളി. ഓഗസ്റ്റ് മൂന്നിനാണ് ഈ മത്സരം അരങ്ങേറുക.

Content Highlights: Harmanpreet Kaur Broke Ms Dhonis Record for most wins ind T20i’s as captain

We use cookies to give you the best possible experience. Learn more