ഇന്ത്യ വുമണ്‍സും-ബംഗ്ലാദേശ് വുമണ്‍സും തമ്മിലുള്ള അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെ ഡക്ക് വര്‍ത്ത് ലൂയിസ് സ്റ്റേണ്‍ നിയമപ്രകാരം 56 റൺസിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
സെയ്‌ഹെറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മഴമൂലം 14 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് ആണ് ആദ്യം നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശിന് 14 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
ഇന്ത്യയുടെ ബാറ്റിങ്ങില്‍ 26 പന്തില്‍ 39 റണ്‍സ് നേടിയ ഹര്‍മന്‍ ആയിരുന്നു ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. അഞ്ച് ഫോറുകളാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതോടെ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും ഹര്‍മന്‍പ്രീത് കൗര്‍ സ്വന്തമാക്കി. ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ഹര്‍മന്‍പ്രീത് സ്വന്തമാക്കിയത്.
ടി-20യില്‍ ഇന്ത്യക്കായി ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ തവണ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന താരമായി മാറാനാണ് ഹര്‍മന്‍പ്രീതിന് സാധിച്ചത്. ഏഴ് തവണയാണ് കൗര്‍ ഈ നേട്ടം സ്വന്തമാക്കിയത്. ആറ് തവണ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടിയ രോഹിത് ശര്‍മയെ മറികടന്നു കൊണ്ടായിരുന്നു ഹര്‍മന്‍പ്രീതിന്റെ മുന്നേറ്റം.
ടി-20യില്‍ ഇന്ത്യക്കായി ക്യാപ്റ്റന്‍ എന്ന നിലയില്‍ ഏറ്റവും കൂടുതല്‍ തവണ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് നേടുന്ന താരം, അവാര്‍ഡുകളുടെ എണ്ണം എന്നീ ക്രമത്തില്‍
ഹര്‍മന്‍പ്രീത് കൗര്‍-7*
രോഹിത് ശര്‍മ-6
വിരാട് കോഹ്‌ലി-3
മിതാലി രാജ്-2
സൂര്യകുമാര്‍ യാദവ്-2
അതേസമയം ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 4-0ത്തിന് മുന്നിലാണ് ഇന്ത്യ. മെയ് ഒമ്പതിനാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. സൈഹെറ്റ് സ്റ്റേഡിയമാണ് വേദി.
Content Highlight: Harmanpreet Kaur Breaks Rohit Sharma record