| Monday, 20th February 2023, 7:25 pm

ഈ നേട്ടം പുരുഷ-വനിതാ ക്രിക്കറ്റുകളില്‍ ആര്‍ക്കുമില്ല; ചരിത്രം കുറിച്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

അന്ത്രാരാഷ്ട്ര ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. ടി-20 ഫോര്‍മാറ്റില്‍ 150 മത്സരം കളിക്കുന്ന ആദ്യ ക്രിക്കറ്ററര്‍ എന്ന റെക്കാഡാണ് ഹര്‍മന്‍പ്രീത് സ്വന്തമാക്കിയത്.

തന്റെ കരിയറിലെ 150ാം ടി-20 മത്സരത്തിനാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സെന്റ് ജോര്‍ജ്‌സ് ഓവലിലേക്കിറങ്ങിയിരിക്കുന്നത്. ഐ.സി.സി വനിതാ ടി-20 ലോകകപ്പിലെ അയര്‍ലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരമാണ് ഹര്‍മന്‍പ്രീതിനെ ഈ റെക്കോഡിന് ഉടമയാക്കിയിരിക്കുന്നത്.

ന്യൂസിലാന്‍ഡിന്റെ സൂപ്പര്‍ താരം സൂസി ബേറ്റ്‌സാണ് വനിതാ ക്രിക്കറ്റില്‍ രണ്ടാമതായി ഏറ്റവുമധികം മത്സരങ്ങളില്‍ കളിച്ചിട്ടുള്ളത്. കരിയറില്‍ 143 മത്സരങ്ങളിലാണ് സൂസി കിവികള്‍ക്കായി കളത്തിലിറങ്ങിയത്.

ഇന്ത്യന്‍ സൂപ്പര്‍ താരം സ്മൃതി മന്ദാനയാണ് പട്ടികയില്‍ മൂന്നാമത്. 115 മത്സരങ്ങളിലാണ് മന്ദാന ഇന്ത്യക്കായി ടി-20 ഫോര്‍മാറ്റില്‍ ബാറ്റേന്തിയിട്ടുള്ളത്.

പുരുഷ ക്രിക്കറ്റിലേക്ക് വരുമ്പോള്‍, ഇന്ത്യന്‍ നായകനാണ് ഏറ്റവുമധികം ടി-20 മത്സരങ്ങള്‍ കളിച്ച താരം. 2007ല്‍ ടി-20 ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ച രോഹിത് കരിയറില്‍ 148 മത്സരങ്ങളാണ് കളിച്ചത്.

ലോകകപ്പിന് മുമ്പ് 146 മത്സരങ്ങളിലായിരുന്നു ഹര്‍മന്‍ ഇന്ത്യക്കായി കളിച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ രോഹിത് ശര്‍മയുടെ പേരിലുള്ള റെക്കോഡിനൊപ്പമെത്തുകയും ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ രോഹിത്തിനെ മറികടക്കുകയുമായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ അയര്‍ലാന്‍ഡിനെതിരെ ടോസിന് ഇറങ്ങിയതോടെ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ 150 മത്സരങ്ങള്‍ തികയ്ക്കുന്ന ചരിത്രത്തിലെ ആദ്യ താരമാകാനും ഹര്‍മന്‍പ്രീത് കൗറിനായി.

ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ നാലാം മത്സരമാണ് അയര്‍ലന്‍ഡിനെതിരെ നടക്കുന്നത്. മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് മത്സരം വിജയിച്ച ഇന്ത്യക്ക് സെമി ഫൈനല്‍ ഉറപ്പാക്കാന്‍ ഈ മത്സരത്തില്‍ വിജയിക്കേണ്ടത് അത്യാവശ്യമാണ്.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഷെഫാലി വര്‍മയുടെയും സ്മൃതി മന്ദാനയുടെ കരുത്തില്‍ ഇന്ത്യ ആദ്യ വിക്കറ്റില്‍ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയിരിക്കുകയാണ്. 62 റണ്‍സാണ് ഇന്ത്യ ആദ്യ വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്.

Content highlight: Harmanpreet Kaur becomes the first cricketer to play in 150 matches in T20 format

We use cookies to give you the best possible experience. Learn more