| Wednesday, 5th October 2022, 11:12 pm

ഐ.സി.സിയുടെ വനിതാ താരമാകാനുള്ള പട്ടികയിൽ ഇടം നേടി ഇന്ത്യൻ ക്യാപ്റ്റനും ഓപ്പണറും

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സിയുടെ സെപ്റ്റംബറിലെ മികച്ച വനിതാ താരമാകാനുള്ള പട്ടികയിൽ ഇടം നേടി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും ഓപ്പണർ സ്മൃതി മന്ദാനയും. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ടോപ് സ്‌കോററായതാണ് ഹർമന് നേട്ടമായത്.

പരമ്പരയിൽ 3-0ന് ഇന്ത്യ ക്ലീൻ സ്വീപ്പ് ചെയ്തത് ഹർമൻപ്രീതിന്റെ നേതൃത്വത്തിലായിരുന്നു. 1999ന് ശേഷം ഇംഗ്ലണ്ടിൽ ഇന്ത്യയുടെ ആദ്യ പരമ്പര വിജയമായണ് ഇതിനെ അടയാളപ്പെടുത്തിയത്.

221 റൺസുമായി ടോപ് സ്‌കോററായ ഹർമന് 103.27 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും നിലനിർത്താനായി. ആദ്യ ഏകദിനത്തിൽ പുറത്താകാതെ 74 റൺസടിച്ച താരം രണ്ടാം മത്സരത്തിൽ പുറത്താകാതെ 143 റൺസടിച്ചു. ഏകദിനത്തിൽ ഹർമന്റെ ഉയർന്ന വ്യക്തിഗത സ്‌കോറുമാണിത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ രണ്ടാമത്തെ വലിയ റൺവേട്ടക്കാരിയായിരുന്നു സ്മൃതി മന്ദാന. മത്സരത്തിൽ 181 റൺസുമായി ഹർമന് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ കൂടിയായ സ്മൃതി മന്ദാന. രണ്ട് അർധസെഞ്ചുറികൾ അടക്കമാണ് സ്മൃതി 181 റൺസടിച്ചത്.

ബംഗ്ലാദേശ് ക്യാപ്റ്റൻ നിഗർ സുൽത്താനയാണ് പട്ടികയിലെ മൂന്നാമത്തെ താരം. യു.എ.ഇയിൽ നടന്ന വനിതാ ടി20 ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ബംഗ്ലാദേശിനെ ചാമ്പ്യൻമാരാക്കിയതിനൊപ്പം 180 റൺസുമായി ടൂർണെമന്റിലെ രണ്ടാമത്തെ റൺവേട്ടക്കാരായായിരുന്നു നിഗർ.

നേരത്തെ സെപ്റ്റംബറിലെ ഐ.സി.സി പരുഷ താരമാവാനുള്ള ചരുക്കപ്പട്ടികയിൽ ഇന്ത്യൻ ഓൾ റൗണ്ടർ അക്‌സർ പട്ടേൽ ഇടം നേടിയിരുന്നു. അക്‌സറിന് പുറമെ പാക് ഓപ്പണർ മുഹമ്മദ് റിസ്വാൻ, ഓസ്‌ട്രേലിയൻ ഓൾ റൗണ്ടർ കാമറൂൺ ഗ്രീൻ എന്നിവരാണ് പട്ടികയിലുള്ളത്.

ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരെ നടന്ന ടി-20 പരമ്പരകളിലെ മികച്ച പ്രകടനമാണ് അക്‌സറിന് ചുരുക്കപ്പട്ടികയിൽ ഇടം നൽകിയത്.

Content highlights: Harmanpreet Kaur and Smriti Mandhana nominated for ICC Women’s Player of the Month award for September

Latest Stories

We use cookies to give you the best possible experience. Learn more