ചിലര്‍ക്ക് ഐ.പി.എല്ലിനെക്കാള്‍ ആവേശം നല്‍കിയത് വനിതാ ഐ.പി.എല്‍; കാരണം വിശദീകരിച്ച് ഹര്‍മന്‍പ്രീത്
ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗിന്റെ ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ചായിരുന്നു വുമണ്‍സ് പ്രീമിയര്‍ ലീഗ് പിറവിയെടുത്തത്. ഡബ്ല്യൂ.ബി.ബി.എല്ലിന് പിന്നാലെ പിറന്ന ഡബ്ല്യൂ.പി.എല്ലിനെയും ക്രിക്കറ്റ് ലോകം ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഐ.പി.എല്ലിന്റെ അതേ ആവേശത്തോടെയാണ് ഡബ്ല്യൂ.പി.എല്ലിനെയും ആരാധകര്‍ ഏറ്റെടുത്തത്.
ഡബ്ല്യൂ.പി.എല്ലിന്റെ ആദ്യ സീസണില്‍ ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച മുംബൈ ഇന്ത്യന്‍സാണ് കപ്പുയര്‍ത്തിയത്. കലാശപ്പോരാട്ടത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ പരാജയപ്പെടുത്തിയായിരുന്നു ഹര്‍മനും സംഘവും കിരീടം സ്വന്തമാക്കിയത്.
ഡബ്ല്യൂ.പി.എല്ലിനെ കുറിച്ചും അത് ആരാധകരില്‍ ഉണ്ടാക്കിയ ആവേശത്തെ കുറിച്ചും സംസാരിക്കുകയാണ് ഹര്‍മന്‍പ്രീത് കൗര്‍. ഡാഗേഴ്‌സ് ആന്‍ഡ് ലിഡ്‌സ് എന്ന പോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് ഹര്‍മന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ആ ടൂര്‍ണമെന്റ് വളരെ മികച്ചതായിരുന്നു. എല്ലാവരും അതിനെ പുകഴ്ത്തിയിരുന്നു. എന്നെ വിശ്വസിക്കൂ, ചില ആരാധകര്‍ക്ക് ഐ.പി.എല്ലിനെക്കാളും വുമണ്‍സ് പ്രീമിയര്‍ ലീഗാണ് കൂടുതല്‍ ഇഷ്ടമായത്. കാരണം ഇതൊരു പുതിയ സംഗതിയാണ്. ഇത്തരത്തിലൊന്ന് ആദ്യമായാണ് അവര്‍ കാണുന്നത്,’ ഹര്‍മന്‍ പറഞ്ഞു.
അടുത്ത സീസണില്‍ കൂടുതല്‍ ടീമുകള്‍ ഡബ്ല്യു.പി.എല്ലിന്റെ ഭാഗമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യയിലെ വനിതാ താരങ്ങള്‍ക്ക് തീര്‍ച്ചയായും ഒരു അവസരം ലഭിക്കണമെന്നും ഹര്‍മന്‍പ്രീത് സൂചിപ്പിച്ചു.
‘ടൂര്‍ണമെന്റില്‍ കൂടുതല്‍ ടീമുകളെ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് എപ്പോള്‍ സംഭവിക്കുമെന്ന് എനിക്ക് ഉറപ്പില്ല, എന്നാല്‍ അത് സംഭവിക്കുമെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പാണ്. നിരവധി കഴിവുറ്റ താരങ്ങള്‍ ഇന്ത്യയിലുണ്ട്. ആ പെണ്‍കുട്ടികള്‍ക്ക് തീര്‍ച്ചയായും അവസരം ലഭിക്കണം,’ ഹര്‍മന്‍ കൂട്ടിച്ചേര്‍ത്തു.
ഡബ്ല്യൂ.പി.എല്ലിന്റെ ആദ്യ സീസണില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് മുംബൈ കിരീടം സ്വന്തമാക്കിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദല്‍ഹി നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ മെഗ് ലാനിങ് (29 പന്തില്‍ 35) രാധ യാദവ് (12 പന്തില്‍ 27), ശിഖ പാണ്ഡേ (17 പന്തില്‍ 27) എന്നിവരാണ് ദല്‍ഹിക്കായി സ്‌കോര്‍ ചെയ്തത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി നാറ്റ് സ്‌കിവര്‍ ബ്രണ്ട് അര്‍ധ സെഞ്ച്വറി തികച്ചപ്പോള്‍ 37 റണ്‍സാണ് കൗര്‍ സ്വന്തമാക്കിയത്. ഒടുവില്‍ മൂന്ന് പന്ത് ബാക്കി നില്‍ക്കെ ഹര്‍മനും സംഘവും വിജയം പിടിച്ചടക്കുകയായിരുന്നു.
Content Highlight: Harmanpreet Kaur about WPL