അടുത്ത തവണ ബംഗ്ലാദേശിലേക്ക് വരുമ്പോള്‍ അംപയറെ എങ്ങനെ നേരിടണമെന്നും അറിയാം; രോഷമടങ്ങാതെ ഹര്‍മന്‍
Sports News
അടുത്ത തവണ ബംഗ്ലാദേശിലേക്ക് വരുമ്പോള്‍ അംപയറെ എങ്ങനെ നേരിടണമെന്നും അറിയാം; രോഷമടങ്ങാതെ ഹര്‍മന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 22nd July 2023, 8:39 pm

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ മൂന്നാം ഏകദിനത്തില്‍ അനിഷ്ട സംഭവങ്ങള്‍ക്ക് ഷേര്‍ ഇ ബംഗ്ല സാക്ഷ്യം വഹിച്ചിരുന്നു. മോശം അംപയറിങ്ങിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ നില മറന്ന് പെരുമാറിയതാണ് ക്രിക്കറ്റ് ലോകത്തെ ചൂടേറിയ സംസാര വിഷയം.

മത്സരത്തിന്റെ 34ാം ഓവറിലായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കമായത്. നാഹിദ അക്തര്‍ എറിഞ്ഞ ഡെലിവെറി സ്വീപ് ചെയ്യാനുള്ള ഹര്‍മന്റെ ശ്രമം പരാജയപ്പെടുകയും താരം പുറത്താവുകയുമായിരുന്നു. 21 പന്തില്‍ 14 റണ്‍സ് നേടി നില്‍ക്കവെയാണ് ഹര്‍മന്‍ പുറത്താകുന്നത്.

പുറത്തായതിന് പിന്നാലെ അംപയറിങ്ങിനോടുള്ള തന്റെ ദേഷ്യം താരം വ്യക്തമാക്കുകയും ചെയ്തിരുന്നു. സ്റ്റംപ് ബാറ്റുകൊണ്ട് അടിച്ചുതെറിപ്പിക്കുകയും അംപയര്‍ക്കെതിരെ മോശം പദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.

താരത്തിന്റെ ഈ പ്രവൃത്തിയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

എന്നാല്‍ എന്തുകൊണ്ട് താന്‍ ഇങ്ങനെ ചെയ്‌തെന്ന് വ്യക്തമാക്കുകയാണ് ഹര്‍മന്‍. പരമ്പരയിലുടനീളം മോശം അംപയറിങ്ങായിരുന്നു ഉണ്ടായതെന്നും അതിലുള്ള അതൃപ്തി പ്രകടിപ്പിച്ചതാണെന്നും താരം വ്യക്തമാക്കി.

‘ഈ മത്സരത്തില്‍ നിന്നും ഞങ്ങള്‍ക്ക് പലതും പഠിക്കാനുണ്ടെന്ന് കരുതുന്നു. ക്രിക്കറ്റിന് പുറമെ അംപയറിന്റെ പല തീരുമാനങ്ങളിലും ഞങ്ങള്‍ അതിശയിച്ച് പോയി. അടുത്ത തവണ ബംഗ്ലാദേശിലേക്ക് വരുമ്പോള്‍ ഇത്തരത്തിലുള്ള അംപയങ്ങിനെ നേരിടാനും അതിനനനുസരിച്ച് സ്വയം തയ്യാറെടുക്കാനും ഞങ്ങള്‍ ശ്രദ്ധിക്കും.

ബംഗ്ലാദേശ് മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. അവര്‍ സാഹചര്യങ്ങള്‍ക്കൊത്ത് കളിച്ചു. ഞങ്ങളുടെ ഇന്നിങ്‌സില്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ അംപയറിങ് ദയനീയമായിരുന്നു. അംപയര്‍മാരുടെ ചില തീരുമാനങ്ങളില്‍ ഞങ്ങള്‍ ശരിക്കും നിരാശരാണ്,’ ഹര്‍മന്‍പ്രീത് പറഞ്ഞു.

ഷേര്‍ ഇ ബംഗ്ലയില്‍ നടന്ന പരമ്പരയിലെ മൂന്നാം മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 1-1ന് സമനിയില്‍ അവസാനിക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുത്തു. ഫര്‍ഗാന ഹഖിന്റെ സെഞ്ച്വറിയും ഷാമിന സുല്‍ത്താനയുടെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് നേടി.

ഫര്‍ഗാന 160 പന്തില്‍ 107 റണ്‍സ് നേടിയപ്പോള്‍ 78 പന്തില്‍ നിന്നും 52 റണ്‍സാണ് സുല്‍ത്താനയുടെ സമ്പാദ്യം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി സ്മൃതി മന്ദാനയും ഹര്‍ലീന്‍ ഡിയോളും അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. മന്ദാന 85 പന്തില്‍ 59 റണ്‍സടിച്ചപ്പോള്‍ 108 പന്തില്‍ നിന്നും 77 റണ്‍സ് നേടിയാണ് ഡിയോള്‍ പുറത്തായത്.

ഒരുവേള അനായാസ വിജയം നേടുമെന്ന് തോന്നിച്ചിടത്ത് നിന്നുമാണ് ഇന്ത്യ തോല്‍വിയിലേക്ക് കൂപ്പുകുത്തിയത്. 190ന് നാല് എന്ന നിലയില്‍ നിന്നും 225ന് പത്ത് എന്ന അവസ്ഥയിലേക്കാണ് ഇന്ത്യ വഴുതി വീണത്. അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയ ബംഗ്ലാദേശ് മത്സരവും പരമ്പരയും സമനിലയിലാക്കുകയായിരുന്നു.

ഹര്‍ലീന്‍ ഡിയോള്‍ മത്സരത്തിന്റെ താരമായപ്പോള്‍ ഫര്‍ഗാന ഹഖ് പരമ്പരയുടെ താരവുമായി.

 

 

Content highlight: Harmanpreet Kaur about umpiring