|

മൂന്ന് വിജയം നേടിയാല്‍ രോഹിത്തിന് ധോണിയെ മറികടക്കാം, എന്നാല്‍ ഈ പെണ്‍കരുത്തിനെ മറികടക്കാന്‍ ഹിറ്റ്മാന് അതൊന്നും പോരാതെ വരും

സ്പോര്‍ട്സ് ഡെസ്‌ക്

പുരുഷന്‍മാരുടെ ടി-20യില്‍ ഇന്ത്യയെ ഏറ്റവുമധികം ജയത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ എന്ന എം.എസ്. ധോണിയുടെ റെക്കോഡിനൊപ്പമെത്താന്‍ നിലവിലെ നായകന്‍ രോഹിത് ശര്‍മക്ക് ഇനി കേവലം രണ്ട് വിജയം മാത്രം മതി. മൂന്ന് മത്സരത്തില്‍ വിജയിച്ചാല്‍ ധോണിയുടെ റെക്കോഡ് തിരുത്തിയെഴുതാനും രോഹിത് ശര്‍മക്കാകും.

ക്യാപ്റ്റനെന്ന നിലയില്‍ 41 മത്സരങ്ങളിലാണ് ധോണി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 39 വിജയങ്ങളാണ് രോഹിത് ശര്‍മയുടെ അക്കൗണ്ടിലുള്ളത്.

എന്നാല്‍ ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യയെ ഏറ്റവുമധികം വിജയത്തിലേക്ക് നയിച്ചത് ധോണിയല്ല. മൂന്ന് വിജയം നേടിയാല്‍ ആ റെക്കോഡ് നേടാന്‍ രോഹിത് ശര്‍മക്ക് സാധിക്കുകയുമില്ല.

ഇന്ത്യന്‍ വനിതാ ടീമിന്റെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ പേരിലാണ് ആ റെക്കോഡുള്ളത്. ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും വിജയിച്ചതോടെ ഇക്കാര്യത്തില്‍ ഹാഫ് സെഞ്ച്വറി തികയ്ക്കാനും കൗറിനായി.

കഴിഞ്ഞ ദിവസം ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തിലായിരുന്നു കൗറിന്റെ ക്യാപ്റ്റന്‍സിയുടെ പവര്‍ ഒരിക്കല്‍ക്കൂടി ക്രിക്കറ്റ് ലോകം കണ്ടത്.

ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനിയക്കുകയായിരുന്നു. മികച്ച തുടക്കമായിരുന്നു ഓസീസിന് ലഭിച്ചത്. ക്യാപ്റ്റന്‍ അലീസ ഹെയ്‌ലിയും ബെത് മൂണിയും ചേര്‍ന്ന് ടീം സ്‌കോറിന് അടിത്തറയിട്ടു.

ഓസീസ് സ്‌കോര്‍ 29ല്‍ നില്‍ക്കവെ 15 പന്തില്‍ നിന്നും 25 റണ്‍സ് നേടിയ ഹെയ്‌ലി പുറത്താവുകയായിരുന്നു. എന്നാല്‍ വണ്‍ ഡൗണായെത്തിയ ടാലിയ മഗ്രാത്തിനെ കൂട്ടുപിടിച്ച് മൂണി സ്‌കോര്‍ ഉയര്‍ത്തി. 54 പന്തില്‍ നിന്ന് 82 റണ്‍സ് നേടി ബെത് മൂണിയും 51 പന്തില്‍ നിന്നും 70 റണ്‍സുമായി ടാലിയയും പുറത്താകാതെ നിന്നു.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 187 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയും മോശമാക്കിയില്ല. ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയും ഷെഫാലി വര്‍മയും തകര്‍ത്തടിച്ചതോടെ സ്‌കോര്‍ ഉയര്‍ന്നു. 49 പന്തില്‍ നിന്നും മന്ഥാന 79 റണ്‍സും 23 പന്തില്‍ നിന്നും ഷെഫാലി 34 റണ്‍സും നേടി.

പിന്നാലെയെത്തിയവരും ടീം സ്‌കോറിലേക്ക് സംഭാവന നല്‍കിയപ്പോള്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് തന്നെ ഇന്ത്യയും നേടി.

ഒടുവില്‍ സൂപ്പര്‍ ഓവറിലേക്ക് കളി നീണ്ടു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 20 റണ്‍സാണ് നേടിയത്. സ്മൃതി മന്ഥാന മൂന്ന് പന്തില്‍ നിന്നും 13 റണ്‍സും റിച്ച ഘോഷ് രണ്ട് പന്തില്‍ നിന്നും ആറ് റണ്‍സും ക്യാപ്റ്റന്‍ കൗര്‍ ഒരു പന്തില്‍ നിന്ന് ഒരു റണ്‍സും നേടി.

21 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഓസീസിന് 16 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ ഇന്ത്യ നാല് റണ്‍സിന്റെ വിജയം ആഘോഷിച്ചു.

ഈ വിജയത്തിന് പിന്നാലെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരമവസാനിച്ചപ്പോള്‍ 1-1ന് സമനില നേടാനും ഇന്ത്യക്കായി. ഡിസംബര്‍ 14നാണ് പരമ്പരയിലെ അടുത്ത മത്സരം.

Content Highlight: Harmanpreet holds the record as the captain with most wins for India in T20Is

Latest Stories