ഹര്‍മന്‍പ്രീതിനേയും ബുംറയേയും തേടി ഫോബ്‌സിന്റെ അംഗീകാരം
Cricket
ഹര്‍മന്‍പ്രീതിനേയും ബുംറയേയും തേടി ഫോബ്‌സിന്റെ അംഗീകാരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 6th February 2018, 2:45 pm

മുംബൈ: ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരങ്ങളായ ജസ്പ്രീത് ബുംറയേയും ഹര്‍മന്‍പ്രീതിനേയും തേടി അവിസ്മരണീയ നേട്ടം. ഫോബ്സ് മാസികയുടെ 30 അണ്ടര്‍ 30 പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇടംപിടിച്ചിരിക്കുകയാണ്. 30 വയസില്‍ പ്രായം കുറഞ്ഞ, വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച 30 പേരാണ് പട്ടികയില്‍ ഇടംപിടിച്ചത്.

ഇന്ത്യന്‍ പുരുഷ ടീമിലെ ജസ്പ്രീത് ബുംറയും വനിതാ ടീമിലെ ഹര്‍മന്‍ പ്രീത് കൗറുമാണ് പട്ടികയില്‍ ഇടംപിടിച്ചത്. ഇവര്‍ക്കൊപ്പം ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഗോള്‍കീപ്പര്‍ സവിതാ പൂനി, ഷൂട്ടര്‍ ഹീനാ സിന്ധു എന്നിവരും പട്ടികയിലുണ്ട്.

ഐ.പി.എല്ലിലെ തിളക്കമാര്‍ന്ന പ്രകടനത്തോടെയാണ് ബുംറയെ കായികലോകം ശ്രദ്ധിച്ച് തുടങ്ങിയത്. ഓസ്ട്രേല്യക്കെതിരെ 2016 ല്‍ അരങ്ങേറ്റം കുറിച്ച് താരം പിന്നീട് ടീം ഇന്ത്യയുടെ സ്ഥിരം സാന്നാധ്യമായി മാറി. ഇന്ന് ഇന്ത്യന്‍ ടീമിലെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റാണ് ബുംറ. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലൂടെ താരം ടെസ്റ്റിലും അരങ്ങേറി.

ഹര്‍മന്‍പ്രീത് കൗര്‍ വനിതാ ദേശീയ ട്വന്റി-20 ടീമിന്റെ നായക സ്ഥാനം വഹിക്കുന്ന താരമാണ്. പോയ വര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ലോകകപ്പിലെ പ്രകടനമാണ് താരത്തിന് പ്രശസ്തി നേടി കൊടുത്തത്. ഇന്ത്യന്‍ ടീമിന്റെ ഭാവി നായികയായി വരെ കരുതപ്പെടുന്ന താരമാണ് ഹര്‍മന്‍.