| Monday, 12th November 2018, 1:02 pm

മനം കീഴടക്കി വീണ്ടും ഹര്‍മന്‍; ദേശീയഗാനത്തിനിടെ ചൂടേറ്റ് തളര്‍ന്ന പെണ്‍കുട്ടിയ്ക്ക് സംരക്ഷണവുമായി ഹര്‍മന്‍പ്രീത് (വീഡിയോ)

സ്പോര്‍ട്സ് ഡെസ്‌ക്

ഗയാന: പാകിസ്താനെതിരായ ലോകകപ്പ് ടി-20 മത്സരത്തിന് മുന്‍പ് ആരാധകരുടെ മനസ് കീഴടക്കി ഇന്ത്യന്‍ നായിക ഹര്‍മന്‍പ്രീത് കൗര്‍. ഇന്നലെ നടന്ന മത്സരത്തിന് തൊട്ടുമുന്‍പ് ദേശീയഗാനത്തിനായി അണിനിരന്ന പെണ്‍കുട്ടിയുടെ അസ്വസ്ഥത മനസിലാക്കിയ ഹര്‍മന്‍ ദേശീയഗാനം കഴിഞ്ഞ ഉടനെ കുട്ടിയെ സ്വന്തം കൈകളില്‍ കോരിയെടുത്ത് അധികൃതരുടെ അടുത്തേക്ക് ഓടുകയായിരുന്നു.

ദേശീയഗാനം തുടങ്ങുന്നതിന് മുന്‍പ് തന്നെ തനിക്ക് മുന്നിലായി നിന്ന പെണ്‍കുട്ടി ഹര്‍മനോട് അസ്വസ്ഥയുള്ള കാര്യം പറഞ്ഞിരുന്നു. ഇതോടെ ദേശീയഗാനം ആരംഭിച്ചപ്പോള്‍ കുട്ടി വീഴാതെയിരിക്കാന്‍ ഹര്‍മന്‍ ചേര്‍ത്ത് പിടിച്ചിരുന്നു.

ALSO READ: ചുവപ്പ് കാര്‍ഡ് വാങ്ങി ഹിഗ്വയ്ന്‍; മിലാനിനെതിരെ യുവന്റ്‌സിന് ത്രസിപ്പിക്കുന്ന ജയം

ദേശീയഗാനം കഴിഞ്ഞ ഉടന്‍ ഹര്‍മന്‍ കുട്ടിയെ എടുത്ത് ഓടുകയായിരുന്നു. ഉടന്‍ തന്നെ സ്റ്റേഡിയത്തിലെ ഓഫീഷ്യല്‍സ് ഹര്‍മന്റെ സമീപമെത്തുകയും കുട്ടിയെ ഏറ്റുവാങ്ങുകയും ചെയ്തു.

കനത്ത ചൂട് കാരണം കുട്ടി തളര്‍ന്നുപോകുകയായിരുന്നു.

അതേസമയം വനിതാ ട്വന്റി-20യില്‍ ഇന്ത്യ രണ്ടാം ജയം സ്വന്തമാക്കി. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 134 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. വെറ്ററന്‍ താരം മിതാലി രാജിന്റെ അര്‍ധസെഞ്ചുറിയാണ് ഇന്ത്യയ്ക്ക് ജയം എളുപ്പമാക്കിയത്.

മിതാലി രാജും സ്മൃതി മന്ദാനയും ചേര്‍ന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ഇരുവരും ചേര്‍ന്നൊരുക്കിയത് 73 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടാണ്. 26 റണ്‍സെടുത്ത സ്മൃതി മന്ദാനയെ ലോങ് എന്‍ഡില്‍ ഉമൈമ സൗഹൈലാണ് പുറത്താക്കിയത്.

എന്നാല്‍ ബിസ്മ നല്‍കിയ നിര്‍ണായക ബ്രേക് ത്രൂ ഉപയോഗപ്പെടുത്താന്‍ പാക്കിസ്ഥാന് കഴിഞ്ഞില്ല. അര്‍ധ സെഞ്ചുറിയുമായി മുന്‍ ക്യാപ്റ്റന്‍ കുതിച്ചപ്പോള്‍ ഇന്ത്യ ജയം മണത്തു. ജയിക്കാന്‍ പത്തു റണ്‍സുള്ളപ്പോഴാണ് മിതാലിയുടെ വിക്കറ്റ് നഷ്ടമായത്.

പിന്നീടെത്തിയ വേദ കൃഷ്ണ മൂര്‍ത്തിയ്ക്കൊപ്പം ക്യാപ്റ്റന്‍ ഹര്‍മീത് കൗറും ചേര്‍ന്നപ്പോള്‍ അവസാന ഓവറില്‍ ഇന്ത്യ അയല്‍ക്കാരുയര്‍ത്തിയ വിജയലക്ഷ്യം മറികടന്നു. പാക്കിസ്ഥാനിനായി ഡയാന ബൈഗും സന മിറും ബിസ്മയും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

മറുവശത്ത് മുന്‍ ക്യാപ്റ്റന്‍ ബിസ്മ മാറൂഫും നിദ ദറും ചേര്‍ന്നൊരുക്കിയ രക്ഷാപ്രവര്‍ത്തനമാണ് പാക്കിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.നാല് ഫോറടക്കം 59 റണ്‍സെടുത്ത ബിസ്മയും രണ്ട് സിക്സും അഞ്ച് ഫോറുമടക്കം 52 റണ്‍സെടുത്ത നിദ ദറുമാണ് പാക്കിസ്ഥാന്റെ നട്ടെല്ലായത്.

അവസാന ഓവറില്‍ സുന്ദരമായ രണ്ട് സ്റ്റംപിങിലൂടെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താനിയ ബാട്ടിയ തിളങ്ങിയതോടെ അയല്‍ക്കാരുടെ സ്‌കോര്‍ 133ല്‍ അവസാനിക്കുകയായിരുന്നു.ഇന്ത്യയ്ക്കായി ഹേമലതയും പൂനം യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അരുന്ദതി റെഡ്ഢി ഒരു വിക്കറ്റ് വീഴ്ത്തി.

ന്യുസീലന്‍ഡിനേയും പാക്കിസ്ഥാനേയും തകര്‍ത്ത ഇന്ത്യയാണ് ഗ്രൂപ്പില്‍ ഒന്നാമത്. അയര്‍ലന്‍ഡിനെതിരെ പതിനഞ്ചാം തീയതിയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more