| Tuesday, 10th August 2021, 11:57 am

ഹര്‍കിഷന്‍ സിംഗ് സുര്‍ജിതും 8 തീന്‍ മൂര്‍ത്തി ലൈനും പ്രതിപക്ഷ ഐക്യവും

ഡൂള്‍ന്യൂസ് ഡെസ്‌ക്

8, തീന്‍ മൂര്‍ത്തി ലൈന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഈ പേരിന് സവിശേഷമായ സ്ഥാനമുണ്ട്. സി.പി.ഐ.എം മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ദീര്‍ഘനാള്‍ താമസിച്ചിരുന്നത് 8, തീന്‍ മൂര്‍ത്തി ലൈന്‍ എന്ന വസതിയിലായിരുന്നു.

1996 ല്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റുന്നതിനായി മറ്റ് പാര്‍ട്ടി നേതാക്കള്‍ ഒത്തുകൂടിയത് ഈ വസതിയിലായിരുന്നു. ദേശീയതലത്തില്‍ മുന്നണി രാഷ്ട്രീയങ്ങളുടെ സമവാക്യങ്ങള്‍ക്കും ചരടുവലികള്‍ക്കും ഹര്‍കിഷന്‍ സിംഗ് സുര്‍ജിതിനും 8, തീന്‍ മൂര്‍ത്തി ലൈന്‍ എന്ന വസതിയ്ക്കും നിര്‍ണായക സ്ഥാനമാണുള്ളത്.

90 കളുടെ തുടക്കത്തില്‍ കോണ്‍ഗ്രസിന്റെ ഉദാരവല്‍ക്കരണനയങ്ങള്‍ക്കെതിരെ, പിന്നീട് കോണ്‍ഗ്രസിനേയും ഒപ്പം നിര്‍ത്തി ബി.ജെ.പിയുടെ വര്‍ഗീയതയ്‌ക്കെതിരെ എല്ലാം ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് തന്ത്രങ്ങള്‍ മെനഞ്ഞു.

യുണൈറ്റഡ് ഫ്രണ്ടിന്റെയും ആദ്യ യു.പി.എയുടെയും ചാലകശക്തിയായി പ്രവര്‍ത്തിച്ചത് ഇടതുപക്ഷമായിരുന്നു. ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തായിരുന്നു എല്ലാവര്‍ക്കും സമീപിക്കാവുന്ന നേതാവ്.

കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ എന്‍.സി.പിയും ആര്‍.ജെ.ഡിയും, എസ്.പിയും അന്ന് തയ്യാറായതിന് പിന്നില്‍ സുര്‍ജിതിന് പവാറും, മുലായവും ലാലുപ്രസാദ് യാദവുമായുള്ള ബന്ധമായിരുന്നു.

പ്രതിപക്ഷ പാര്‍ട്ടികള്‍ ബി.ജെ.പിയ്‌ക്കെതിരെ ഞായറാഴ്ച കപില്‍ സിബലിന്റെ വസതിയില്‍ ഒത്തുകൂടിയത് ചരിത്രത്തിന്റെ ആവര്‍ത്തനമാണ്. സി.പി.ഐ.എം സെക്രട്ടറി സീതാറാം യെച്ചൂരിയും ഇത് ചൂണ്ടിക്കാട്ടുന്നുണ്ട്.

“ഇവിടെയാണ് എല്ലാം. ഇത് ഒരു ശുഭകരമായ തുടക്കമാണെന്ന് ഞാന്‍ കരുതുന്നു,” എന്നായിരുന്നു ഞായറാഴ്ചത്തെ യോഗത്തിന് ശേഷം യെച്ചൂരി പറഞ്ഞത്.

ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവും പഴയ സഖ്യത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു. പ്രാദേശിക പാര്‍ട്ടികളെ ചേര്‍ത്ത് സഖ്യസര്‍ക്കാരുണ്ടാക്കിയ മാസ്റ്റര്‍ തന്ത്രജ്ഞന്‍ കൈവശപ്പെടുത്തിയിരുന്ന വസതിയെന്നാണ് ലാലുപ്രസാദ് യാദവ് 8 തീന്‍ മൂര്‍ത്തി ലൈനിനെ വിശേഷിപ്പിച്ചത്.

കപില്‍ സിബലിന്റെ ജന്മദിനത്തിനോടനുബന്ധിച്ച് ഒത്തുകൂടിയ നേതാക്കള്‍ 2024 ലെ തെരഞ്ഞെടുപ്പിലെ തന്ത്രങ്ങള്‍ രൂപപ്പെടുത്തിയെന്നാണ് വിവരം.

സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രയാന്‍, ഡി.എം.കെ നേതാവ് തിരുച്ചി ശിവ, എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ്, ആര്‍.എല്‍.ഡി നേതാവ് ജയന്ത് ചൗധരി, ബി.ജെ.ഡി നേതാവ് പിനകി മിശ്ര, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, അകാലിദള്‍ നേതാവ് നരേഷ് ഗുജ്‌റാള്‍ എന്നിവരും ടി.ഡി.പിയുടേയും വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റേയും പ്രതിനിധികള്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

യോഗത്തില്‍ പങ്കെടുക്കാത്ത പ്രധാന പ്രതിപക്ഷ പാര്‍ട്ടി ബി.എസ്.പിയാണ്. നേരത്തെ വര്‍ഷകാല സമ്മേളനത്തിന് മുന്‍പ് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നപ്പോള്‍ ബി.ജെ.ഡി, ടി.ഡി.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ പങ്കെടുത്തിരുന്നില്ല.

ഇതാദ്യമായാണ് പ്രതിപക്ഷ നിരയിലെ ഏറെക്കുറെ എല്ലാ കക്ഷികളും ഒരുമിച്ചിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് കപില്‍ സിബലിനെക്കൂടാതെ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ്മ, ഭൂപീന്ദര്‍ സിംഗ് ഹൂഡ, ശശി തരൂര്‍, മനീഷ് തിവാരി എന്നിവരും പങ്കെടുത്തു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട ജി-23 നേതാക്കള്‍ എന്നറിയപ്പെടുന്നവരാണ് കോണ്‍ഗ്രസില്‍ നിന്ന് പങ്കെടുത്തവരില്‍ കൂടുതലും എന്നതും ശ്രദ്ധേയം.

ഇവരെക്കൂടാതെ കോണ്‍ഗ്രസില്‍ നിന്ന് ചിദംബരവും അദ്ദേഹത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവും പങ്കെടുത്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Harkishan Sing Surjeet CPIM 8 Teen Muri Lane

Latest Stories

We use cookies to give you the best possible experience. Learn more