| Saturday, 5th August 2023, 8:02 am

നൂഹിലെ വര്‍ഗീയ സംഘര്‍ഷം മുന്‍കൂട്ടി ആസൂത്രണം ചെയ്തത്; ആവശ്യമെങ്കില്‍ ബുള്‍ഡോസര്‍ പ്രയോഗിക്കും: ആഭ്യന്തര മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹരിയാനയിലെ നൂഹിലെ വര്‍ഗീയ കലാപം മുന്‍കൂട്ടി ആസൂത്രണം ചെയ്തതെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്. ഇതില്‍ ഭാഗമായവരെ ഉടനെ അറസ്റ്റ് ചെയ്യുമെന്നും മന്ത്രി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞു.

‘കുന്നുകളില്‍ നിന്നും വെടിവെപ്പ് നടക്കുന്നു. കല്ലേറ് നടക്കുന്നു. ക്ഷേത്രത്തിനടുത്തുള്ള കുന്നുകളിലേക്ക് ആളുകള്‍ പ്രവേശിക്കുന്നു. അവരുടെ കയ്യില്‍ ലാത്തിയുണ്ട്. ഇതൊന്നും ഒരു പദ്ധതിയില്ലാതെ നടത്താന്‍ സാധിക്കില്ല. എവിടെ നിന്നാണ് അവര്‍ക്ക് ആയുധങ്ങള്‍ ലഭിക്കുന്നത്.

ഇത് ആരൊക്കെയോ പദ്ധതിയിട്ട കലാപമാണെന്ന് നമുക്ക് വിവരം കിട്ടിയിട്ടുണ്ട്. ഞങ്ങള്‍ അന്വേഷിക്കും,’ വിജ് മാധ്യമങ്ങളോട് പറഞ്ഞു.

നൂഹ് കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എല്ലാ കേസിലും നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ആവശ്യമെങ്കില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ ബുള്‍ഡോസറുകളും ഉപയോഗിക്കും. ആളുകളുടെ മൊഴി രേഖപ്പെടുത്തും. സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കും,’ വിജ് പറഞ്ഞു.

ഇതുവരെ 102 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 202 പേരെ അറസ്റ്റ് ചെയ്യുകയും 80 പേര്‍ കരുതല്‍ തടങ്കലില്‍ ആകുകയും ചെയ്തതായി വിജ് കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ കലാപത്തിന് പിന്നില്‍ ഏതെങ്കിലും സൂത്രക്കാരനുണ്ടെന്ന് ഇതുവരെയും ഒരു സൂചനയും കിട്ടിയിട്ടില്ലെന്ന് നൂഹിലെ പൊലീസ് സൂപ്രണ്ട് നരേന്ദ്ര സിങ് ബിജാര്‍നിയ പറഞ്ഞു.

അതേസമയം ഹരിയാനയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നാരോപിച്ച് 250 കുടിലുകളാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പൊളിച്ചുനീക്കിയത്. നൂഹില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള തൗറു മേഖലയിലെ കുടിലുകളാണ് പൊളിച്ചുനീക്കിയത്. ഹരിയാന അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലായിരുന്നു കുടിലുകള്‍ പൊളിച്ചുനീക്കല്‍ നടപടി നടന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടാറാണ് പൊളിച്ചുനീക്കല്‍ നടപടിക്ക് ഉത്തരവിട്ടത്.

ബംഗ്ലാദേശില്‍ നിന്നുമുള്ള കുടിയേറ്റക്കാര്‍ ഹരിയാന അര്‍ബന്‍ അതോറിറ്റിയുടെ ഭൂമിയില്‍ അനധികൃതമായി കുടില്‍ കെട്ടി താമസിക്കുകയായിരുന്നെന്നാണ് ആരോപിക്കപ്പെടുന്നത്. ഒരേക്കര്‍ സ്ഥലത്ത് 250 കുടിലുകളാണ് ഉണ്ടായിരുന്നത്. 4 വര്‍ഷകാലമായി ഇവര്‍ ഇവിടെ താമസിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

സംഘര്‍ഷത്തില്‍ ഇതുവരെ ഒരു പുരോഹിതനും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ ആറ് പേരാണ് മരിച്ചത്. ബജ്റംഗ്ദളും വി.എച്ച്.പിയും സംഘടിപ്പിച്ച ബ്രജ്മണ്ഡല്‍ ജലാഭിഷേക് യാത്രക്ക് പിന്നാലെയാണ് ഹരിയാനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്.

content highlights: Hariyana home minister about nuh issue

Latest Stories

We use cookies to give you the best possible experience. Learn more