നൂഹില്‍ വി.എച്ച്.പിയുടെ യാത്രക്ക് അനുമതി നിഷേധിച്ചു
national news
നൂഹില്‍ വി.എച്ച്.പിയുടെ യാത്രക്ക് അനുമതി നിഷേധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 27th August 2023, 11:58 am

 

ഛണ്ഡിഗഡ്: ഹരിയാനയില്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ ബ്രജ് മണ്ഡല്‍ ജലാഭിഷേക് യാത്രക്കുള്ള അനുമതി നിഷേധിച്ച് സര്‍ക്കാര്‍. നൂഹ് ജില്ലയില്‍ 28ന് നടത്താനിരുന്ന യാത്രക്കാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. ജില്ലയില്‍ സെക്ഷന്‍ 144 ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്, ഇതനുസരിച്ച് നാല് പേരിലധികം ആളുകള്‍ക്ക് കൂട്ടംകൂടാനാവില്ല. ഓഗസ്റ്റ് 28 വരെ ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്.

യാത്രക്കുള്ള അനുമതി നിഷേധിച്ചെങ്കിലും ഇപ്പോഴും ചില ആളുകള്‍ അനുമതി നല്‍കാനായി നിര്‍ബന്ധം ചെലുത്തുന്നുണ്ടെന്ന് നൂഹ് ഡെപ്യൂട്ടി കമ്മീഷണര്‍ ധീരേന്ദ്ര ഖട്ഗാട്ട പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതിരിക്കാനാണ് സെക്ഷന്‍144 ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ 3 മുതല്‍ 7വരെ നൂഹില്‍ ജി20 യോഗം നടക്കാനിരിക്കുന്നത് മുന്‍നിര്‍ത്തിയാണ് അനുമതി നിഷേധിച്ചിരിക്കുന്നത്. എന്നാല്‍ യാത്ര നടത്തുമെന്നാണ് വി.എച്ച്.പി അറിയിച്ചിരിക്കുന്നത്. 3000ത്തോളം ആളുകള്‍ യാത്രയില്‍ പങ്കെടുക്കുമെന്നും നാളെ 11 മണി മുതല്‍ നാല് മണി വരെയായിരിക്കും യാത്രയെന്നും വി.എച്ച്.പി അറിയിച്ചു.

അതേസമയം, പഞ്ചാബ്, ദല്‍ഹി, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ചണ്ഡിഗഡ് എന്നിവിടങ്ങളിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി ഹരിയാന ഡി.ജി.പി ശത്രുജീത് കപൂര്‍ വീഡിയോ കോണ്‍ഫറന്‍സ് നടത്തി. സാഹചര്യം ഫലപ്രദമായി നേരിടുന്നതിനായി എല്ലാവരുടെയും സഹകരണം യോഗത്തില്‍ ഡി.ജി.പി ആവശ്യപ്പെട്ടു.

യാത്രക്കുള്ള അനുമതി നിഷേധിച്ചിട്ടും ചില സംഘടനകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളെ ഓഗസ്റ്റ് 28ന് നടത്തുന്ന ഘോഷയാത്രയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് സൂചനയെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ നിരീക്ഷിക്കാനും പ്രസംഗത്തിലൂടെ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും പൊലീസ് ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രയില്‍ ജനങ്ങളെ പങ്കെടുപ്പിക്കുന്നത് തടയാന്‍ അന്തര്‍സംസ്ഥാന അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കാനും ഡി.ജി.പി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നവിധത്തിലുള്ള എന്ത് സംഭവമുണ്ടായാലും തത്സമയം തന്നെ അറിയിക്കണമെന്നും അതിലൂടെ സമയബന്ധിതമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

നൂഹില്‍ ജൂലൈ അവസാനം വി.എച്ച്.പിയും ബജ്‌റംഗ്ദളും സംഘടിപ്പിച്ച ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്രയിലായിരുന്നു കലാപം ഉണ്ടായത്. സംഭവത്തില്‍ രണ്ട് സുരക്ഷ ഉദ്യോഗസ്ഥരും ഒരു പള്ളി ഇമാമുമടക്കം ആറ് പേരാണ് കൊല്ലപ്പെട്ടത്. പശുക്കടത്ത് ആരോപിച്ച് ഹരിയാനയില്‍ രണ്ട് യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയും സംഘപരിവാര്‍ പ്രവര്‍ത്തകനുമായ മോനു മനേസര്‍ യാത്രയിലുണ്ടാവുമെന്ന പ്രഖ്യാപനമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.

Content Highlights: Hariyana Govt has denied permission for Vishwa Hindu Parishad’s Braj Mandal Jal Abhishek Yatra,