ഹരിയാന സംഘര്‍ഷം; 393 പേര്‍ അറസ്റ്റില്‍, 118 പേര്‍ കരുതല്‍ തടങ്കലില്‍
ഛണ്ഡിഗഢ്: സംഘര്‍ഷം തുടരുന്ന നൂഹിലെ മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്.എം.എസ് സേവനങ്ങളുടെ നിരോധനം ഞായറാഴ്ച വരെ നീട്ടിയതായി ഹരിയാന സര്‍ക്കാര്‍. സംഭവത്തില്‍ ഇതുവരെ 393 പേരെയാണ് അറസ്റ്റ് ചെയതത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 118 പേരെ കരുതല്‍ തടങ്കലില്‍ എടുത്തിട്ടുണ്ട്. 300ഓളം ആളുകളെ കാണാതായുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.
നൂഹ്, ഗുരുഗ്രാം, ഫരീദാബാദ്, പല്‍വാര്‍, റെവാരി, പാനിപത്, ബിവാനി, ഹിസാര്‍ എന്നിവിടങ്ങളിലായി 160 എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ് പ്രസ്താവനയിലൂടെ അറിയിച്ചു.
വി.എച്ച്.പിയും ബജ്റംദളും സംഘടിപ്പിച്ച ഘോഷയാത്രയുമായി ബന്ധപ്പെട്ട് പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ രണ്ട് ഹോംഗാര്‍ഡുകളും ഒരു പുരോഹിതനും ഉള്‍പ്പെടെ 6 പേരാണ് മരിച്ചത്.
സംസ്ഥാനത്തെ ബി.ജെ.പി-ജെ.പി.പി ഭരണപരാജയമാണ് നൂഹിലെ ആക്രമണത്തിന് കാരണമെന്ന് ഹരിയാനയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ക്രമസമാധാനം പുനസ്ഥാപിക്കുന്നതിനായി വെള്ളിയാഴ്ച നൂഹിലെ ഇന്റര്‍നെറ്റ്, എസ്.എം.എസ് ആഗസ്റ്റ് 13 രാത്രി 11.59 വരെ നീട്ടിയിരുന്നു. ജില്ലയിലെ നിയന്ത്രണങ്ങളും വെള്ളിയാഴ്ച രാത്രി 11.59 വരെയും നേരത്തെ നീട്ടിയിരുന്നുവെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
‘ക്രമസമാധാന സാഹചര്യം വിലയിരുത്തിയിട്ടുണ്ട്. ജില്ലയിലെ സാഹചര്യം ഇപ്പോഴും സംഘര്‍ഷഭരിതമാണ്, ഇക്കാര്യം ഡെപ്യൂട്ടി കമ്മീഷണര്‍ എന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്,’ ഹരിയാന അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.വി.എസ്.എന്‍ പ്രസാദ് വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.
‘ക്രമസമാധാന നില വിലയിരുത്തിയ ശേഷവും, ഡെപ്യൂട്ടി കമ്മീഷണറുടെ നിര്‍ദേശങ്ങള്‍ കണക്കിലെടുത്തും, പൊതുമുതല്‍ നശിപ്പിക്കപ്പെടാനും വ്യാജ വാര്‍ത്തകളിലൂടെ ഇന്റര്‍നെറ്റ് ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ടെന്നത് ഞാന്‍ പരിഗണിക്കുന്നു. ഇതിനാല്‍ ഇന്റര്‍നെറ്റ് സേവനങ്ങളുടെ നിരോധനം നീട്ടുന്നു’ ഉത്തരവില്‍ പറയുന്നു.
ഹരിയാനയിലെ നൂഹില്‍ വി.എച്ച്.പിയും ബജ്റംദളും സംഘടിപ്പിച്ച ബ്രിജ് മണ്ഡല്‍ ജലാഭിഷേക് യാത്രയിലാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. പശുക്കടത്ത് ആരോപിച്ച് ഹരിയാനയില്‍ രണ്ടു യുവാക്കളെ ചുട്ടുകൊന്ന കേസിലെ പ്രതിയും സംഘപരിവാര്‍ പ്രവര്‍ത്തകനുമായ മോനു മനേസര്‍ യാത്രയിലുണ്ടായതായുള്ള ആരോപണവുമായിരുന്നു സംഘര്‍ഷത്തിലേക്ക് നയിച്ചത്. ഘോഷയാത്രക്കെതിരെ കല്ലേറും വെടിവെപ്പും ഉണ്ടായി.
Content Highlights: Hariyana conflict; 393 have been arrested