സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധിക്കാന്‍ ഇനി ഒരാഴ്ചപോലും തികച്ചില്ല. ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങളും ജനുവരി ഒന്നുമുതല്‍ നിരോധിക്കും. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളും ഉണ്ടായിരിക്കും. നിരോധിച്ച പ്ലാസ്റ്റിക് ഉപയോഗിച്ചാല്‍ 1000 മുതല്‍ 50000 വരെ പിഴശിക്ഷ.
പ്ലാസ്റ്റിക് നിരോധനം നിലവില്‍ വരുമ്പോള്‍ ഒട്ടുമിക്ക പേരുടെയും മനസ്സിലുള്ള ചോദ്യം ഇനിയിപ്പോ എന്തുചെയ്യുമെന്നാണ്. മീന്‍ വാങ്ങിക്കാന്‍ എന്തുചെയ്യും പച്ചക്കറിയും പലചരക്ക് സാധനങ്ങളും എന്തില്‍ വാങ്ങിക്കും ഇതുവരെ ഉപയോഗിച്ച് കൂട്ടിയ പ്ലാസ്റ്റിക് വസ്തുക്കള്‍ എന്തുചെയ്യും? അതെ, ഇനിയിപ്പോള്‍ എന്തു ചെയ്യും?
എന്നാല്‍, വടകരക്കാര്‍ക്ക് ഈ ഒരു ചോദ്യത്തിനെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമേ വരുന്നില്ല.കാരണം സര്‍ക്കാര്‍ പ്ലാസ്റ്റിക്കിന് നോ പറയും മുന്‍പേ വടകര നഗരസഭയിലെ ‘ഹരിയാലി ഹരിത സേന’ പ്ലാസ്റ്റിക്കിനെതിരെ യുദ്ധം തുടങ്ങിക്കഴിഞ്ഞിരുന്നു.
കൃതമായി പറഞ്ഞാല്‍ രണ്ടു വര്‍ഷം മുന്‍പ് 2017ലാണ് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ഹരിയാലി ഹരിതസേന തങ്ങളുടെ ദൗത്യം ആരംഭിക്കുന്നത്.പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഇലക്ട്രോണിക് മാലിന്യങ്ങള്‍ തുടങ്ങിയ അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് പുനരുപയോഗത്തിന് യോഗ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഹരിയാലി ഹരിതസേന പ്രവര്‍ത്തനം തുടങ്ങുന്നത്.
ഇന്ന് വടകര നഗരസഭയുടെ മാലിന്യസംസ്‌കരണ, കൃഷിവ്യാപന, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന സ്ഥാപനമാണ് സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഹരിയാലി.
”സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്ന പ്ലാസ്റ്റിക്ക് ഉല്പന്നങ്ങള്‍ക്ക് ബദല്‍ ഉല്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ഹരിയാലിക്ക് സാധിക്കും. ഞങ്ങള്‍ പാസ്റ്റിക് ബാഗുകള്‍ക്ക് പകരമായി തുണിസഞ്ചികള്‍ നിര്‍മ്മിക്കുന്നുണ്ട്. രണ്ട് വര്‍ഷത്തോളമായി ഹരിയാലി അജൈവ മാലിന്യ സംസ്‌ക്കരണത്തിലും പ്ലാസ്റ്റിക്കിന് ബദലായുള്ള ഉല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിലും ശ്രദ്ധ കേന്ദ്രിക്കരിച്ചു തുടങ്ങിയിട്ട്. പ്ലാസ്റ്റിക് സംസ്ഥാനത്ത് നിരോധിച്ച സാഹചര്യത്തില്‍ കൂടുതല്‍ മികവോടെ മുന്നോട്ട് പോകും” ഹരിയാലിയുടെ സെക്രട്ടറി ഡൂള്‍ന്യൂസിനോട് പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പ്ലാസ്റ്റിക് ഘട്ടംഘട്ടമായി ഒഴിവാക്കാനുള്ള ഇവരുടെ ശ്രമം പാഴായില്ല. സംസ്‌ക്കരണത്തിനപ്പുറത്ത് പ്ലാസ്റ്റിക്കിന്റെ പുനരുപയോഗവും ബദല്‍മാര്‍ഗം കണ്ടെത്തലുമാണ് ഹരിയാലി ലക്ഷ്യം വെക്കുന്നത്. പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് ബദലായി തുണിസഞ്ചികള്‍ ഉത്പ്പാദിപ്പിക്കാന്‍ ഹരയാലിക്ക് പരിസ്ഥിതി സൗഹാര്‍ദ ഉത്പ്പന്ന നിര്‍മ്മാണകേന്ദ്രമുണ്ട്.
പേഴ്സ് രൂപത്തിലുള്ള തുണിസഞ്ചികള്‍, മത്സ്യം, മാംസം എന്നിവക്കായി വെള്ളം പുറത്തുവരാത്ത ഫിഷ്ബാഗ്, പച്ചക്കറികളും പലചരക്ക് സാധനങ്ങളും വാങ്ങിക്കാന്‍ ഒരു സഞ്ചിയി തന്നെ വ്യത്യസ്ത അറകളില്‍ വിവിധതരം സാധനങ്ങള്‍ വെക്കാന്‍ കഴിയുന്ന മള്‍ട്ടിപര്‍പ്പസ് ഷോപ്പര്‍, സ്‌കൂള്‍ ബാഗുകള്‍, സൈഡ്ബാഗുകള്‍, വാനിറ്റി ബാഗുകള്‍ എന്നിവയൊക്കെ ഇവിടെ ഉത്പ്പാദിപ്പിക്കുന്നുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ നഗരസഭാ പരിധിയിലെ മുഴുവന്‍ വീടുകളിലും തുണിസഞ്ചികള്‍ എത്തിച്ച് പ്ലാസ്റ്റിക് ക്യാരിബാഗ് വിമുക്ത നഗരസഭയാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ഹരിയാലി ഹരിത കര്‍മ്മ സേനയുടെ കീഴില്‍പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ഷോപ്പിലൂടെ സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്ന 11 ഇന പ്ലാസ്റ്റിക്ക് ഉല്പന്നങ്ങള്‍ക്കും ബദല്‍ ഉല്പന്നങ്ങള്‍ തങ്ങള്‍ക്ക് നിര്‍മ്മിക്കാന്‍ പറ്റുമെന്നും ഏഴര രൂപമുതല്‍ 500 രൂപവരെയുള്ള തുണിസഞ്ചികളും പലചരക്ക് സാധനങ്ങള്‍ വാങ്ങിക്കാനുള്ള സഞ്ചികളും വിദ്യാര്‍ത്ഥികള്‍ക്ക് തുണിയുടെ ബാഗുകളും തങ്ങള്‍ക്ക് നിര്‍മ്മിച്ചു നല്‍കാന്‍ സാധിക്കുമെന്നും ഹരിയാലിപ്രവര്‍ത്തകര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.
കേടായ ബള്‍ബ്, കംപ്യൂട്ടര്‍ മോണിറ്റര്‍,ടിവി തുടങ്ങിയ ഇലക്ട്രോണിക്സ് സാധനങ്ങള്‍ റിപ്പയര്‍ ചെയ്ത് വില്‍ക്കുന്ന ഷോപ്പും ഡിസ്പോസ്സിബിള്‍ പ്ലേറ്റിനും ഗ്ലാസ്സിനും പകരം വിവാഹപാര്‍ട്ടികള്‍ക്കും മറ്റു പരിപാടികളിലും ഫൈബര്‍ ഗ്ലാസ്സുകളും സ്റ്റീല്‍ പ്ലേയ്റ്റുകളും വാടകയ്ക്ക് നല്‍കുന്ന റെന്റ് ഷോപ്പും ഇവര്‍ക്കുണ്ട്. വളരെ വിജയകരമായിട്ടാണ് പദ്ധതി മുന്നോട്ട് പോകുന്നതെന്ന് ഹരിയാലിലെ അംഗങ്ങള്‍ പറയുന്നത്.
വടകര നഗരസഭയിലെ 47 വാര്‍ഡുകളിലെ കുടുംബശ്രീയി നിന്ന് തിരഞ്ഞെടുത്ത അറുപ്പത്തിമൂന്ന് അംഗങ്ങളാണ് ഹരിയാലിയില്‍ ഉള്ളത്. ഇവര്‍ക്ക് ഒരു മാസത്തെ പരിശീലനം ലഭിച്ചിരുന്നു. റിട്ടയേര്‍ഡ് എക്സിക്യൂട്ടീവ് എഞ്ചിനീയറും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പരിസ്ഥിതി സമിതിയുടെ ചെയര്‍മാനുമായ മണലില്‍ മോഹനനാണ് ഹരിയാലിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഹരിയാലിയുടെ എല്ലാപ്രവര്‍ത്തനങ്ങള്‍ക്കും വടകര നഗരസഭയുടെ പൂര്‍ണ പിന്തുണയുണ്ട്.
” ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങള്‍ നിരോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വീകാര്യമാണ്. നിരോധിച്ച പതിനൊന്നിന പ്ലാസ്റ്റിക് ഉല്പന്നങ്ങളും ഹരിയാലിക്ക് സാധിക്കും. ഓര്‍ഡര്‍ അനുസരിച്ച് അവ കേരളത്തില്‍ എവിടെയും ഹോള്‍സെയ്ല്‍ വിലയില്‍ എത്തിക്കാന്‍ ഹരിയാലി പ്രവര്‍ത്തകര്‍ ഒരുക്കമാണ്” മണലില്‍ മോഹനന്‍ പറഞ്ഞു.
ഹരിയാലിയുടെ പ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ മറ്റു ജില്ലകളി നിന്നുപോലും ആളുകള്‍ സംഘമായി ഇവിടെ എത്തുന്നുണ്ട്. അമ്പതോളം സംഘങ്ങള്‍ ഇപ്പോള്‍ ഇവിടെ എത്തിക്കഴിഞ്ഞു. ഒന്നും മാലിന്യമല്ല , സമ്പത്താണ് എന്ന ആശയത്തില്‍ ഊന്നി നിന്നുകൊണ്ട് ഹരിയാലി പ്രവര്‍ത്തിക്കുന്നത്. മാലിന്യം ശേഖരിച്ച് സംസ്‌ക്കരിക്കുക എന്ന രീതിയില്‍ നിന്നുമാറി ശേഖരിക്കുന്ന മാലിന്യങ്ങളുടെ പുനരുപയോഗ സാധ്യതകള്‍ കൂടി തേടുകയാണ് ഹരിയാലി.
വടകര നഗരസഭയിലെ 47 വാര്‍ഡുകളിലെ എണ്ണായിരത്തോളം വീടുകളില്‍ നിന്ന് ഹരിയാലിയുടെ പ്രവര്‍ത്തകര്‍ മാലിന്യം ശേഖരിക്കുന്നുണ്ട്. 47 വാര്‍ഡുകളിലെ വീടുകളിലും കടകളിലും എത്തി അവിടെയുള്ള അജൈവ മാലിന്യങ്ങള്‍ ഹരിയാലിയിലെ അംഗങ്ങള്‍ ശേഖരിക്കും.