| Monday, 16th August 2021, 4:28 pm

കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശം തള്ളി ഹരിത, നാളെ പത്ത് മണിക്കുള്ളില്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ലീഗിന്റെ അന്ത്യശാസനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: എം.എസ്.എഫ് നേതൃത്വത്തിനെതിരെ വനിതാ വിഭാഗം ഹരിത നേതാക്കള്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് മുസ്‌ലിം ലീഗിന്റെ അന്ത്യശാസനം.

ചൊവ്വാഴ്ച രാവിലെ പത്ത് മണിക്കുള്ളില്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കണമെന്നാണ് മുസ്‌ലിം ലീഗ് നേതാക്കള്‍ നല്‍കിയിരിക്കുന്ന അന്ത്യശാസനം. വനിതാ കമ്മീഷനിലെ പരാതി പിന്‍വലിച്ചാല്‍ എം.എസ്.എഫ് നേതൃത്വത്തില്‍ നിന്ന് നേരിട്ട ലൈംഗീക അധിക്ഷേപം സംബന്ധിച്ച പരാതിയില്‍ വിശദമായ ചര്‍ച്ചകള്‍ നടത്താമെന്നും ലീഗ് നേതൃത്വം ഹരിതയെ അറിയിച്ചിട്ടുണ്ട്.

പാണക്കാട് കുടപ്പനക്കൽ തറവാട്ടിൽവെച്ച് നടന്ന കൂടിക്കാഴ്ചയില്‍ ഹരിത നേതാക്കൾക്ക് പി.കെ കുഞ്ഞാലിക്കുട്ടിയാണ്  അന്ത്യശാസനം നൽകിയത്.

പി.കെ. കുഞ്ഞാലിക്കുട്ടിയെ കൂടാതെ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ, അബ്ദുറഹ്മാൻ രണ്ടത്താണി, എം.എസ്.എഫ് ദേശീയ അധ്യക്ഷൻ ടി.പി. അഷ്റഫലി എന്നിവരും ഹരിതയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്‍റ് മുഫീദ തെസ്നിയും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയും ചർച്ചയിൽ പങ്കെടുത്തു.

പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയ മുനവ്വറലി ശിഹാബ് തങ്ങള്‍ പരാതി പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ഹരിത നേതാക്കള്‍ വഴങ്ങിയിരുന്നില്ല.

ലൈംഗീക അധിക്ഷേപം നടത്തിയ എം.എസ്.എഫ് പ്രസിഡന്റ് പി.കെ. നവാസ് അടക്കമുള്ളവര്‍ക്കെതിരെ നടപടിയെടുക്കാതെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഇല്ലെന്നാണ് ഹരിത നേതാക്കള്‍ പറഞ്ഞിരിക്കുന്നത്.

ഹരിതയിലെ പത്ത് നേതാക്കളാണ് വനിതാ കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. കമ്മീഷന് നല്‍കിയ പരാതി കോഴിക്കോട് സിറ്റി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിരിക്കുകയാണ്.

ഇതിനെ തുടര്‍ന്ന് പരാതിക്കാരില്‍ ഒരാളായ ഹരിതയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷിറയുടെ മൊഴി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സി. ഹരിദാസ് രേഖപ്പെടുത്തിയിരുന്നു.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്ന് കാണിച്ചാണ് പി. കെ. നവാസ്, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെ എം.എസ്.എഫ് വിദ്യാര്‍ത്ഥിനി വിഭാഗമായ ഹരിതയുടെ ഭാരവാഹികള്‍ പരാതി നല്‍കിയത്.

മോശം പദപ്രയോഗങ്ങള്‍ നടത്തി അപമാനിച്ചതായാണ് ഇവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ ഹരിത ചൂണ്ടിക്കാണിക്കുന്നത്. പാര്‍ട്ടി യോഗങ്ങളിലും മറ്റും സ്ത്രീകളെ അവഹേളിക്കുന്ന തരത്തില്‍ ഇരുവരും നിരന്തരം സംസാരിക്കാറുണ്ടെന്നും ഹരിത ഭാരവാഹികള്‍ പറയുന്നു.

കോഴിക്കോട് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലുണ്ടായ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് പരാതി. സംസ്ഥാന പ്രസിഡന്റ് സംഘടനാകാര്യങ്ങളില്‍ വനിതാ നേതാക്കളോട് അഭിപ്രായം ചോദിച്ച് സംസാരിച്ചപ്പോള്‍ ‘വേശ്യയ്ക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകുമല്ലോ, അത് പറയൂ’ എന്ന പരാമര്‍ശമാണ് പരാതി നല്‍കാന്‍ കാരണമായത്.

‘എം.എസ്.എഫില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളെ ലൈംഗിക ചുവയോടെയാണ് ആണ്‍ നേതാക്കള്‍ ചിത്രീകരിക്കുന്നത്. മാനസികമായി തകര്‍ക്കാന്‍ ശ്രമിക്കുന്നു. മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയായ വി. അബ്ദുള്‍ വഹാബ് ഫോണിലൂടെ അസഭ്യവാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചു. തങ്ങള്‍ക്ക് വഴിപ്പെട്ടില്ലെങ്കില്‍ സംഘടന പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തി.
ഹരിതയിലെ നേതാക്കള്‍ പ്രസവിക്കാത്ത ഒരുതരം ഫെമിനിസ്റ്റുകള്‍ ആണെന്ന് പ്രചരിപ്പിച്ചു’, എന്നാണ് പരാതിയില്‍ പറയുന്നത്.

നേരത്തെ നവാസിനും അബ്ദുല്‍ വഹാബിനുമെതിരെ മുസ്ലിം ലീഗ് നേതൃത്വത്തില്‍ ഹരിത ഭാരവാഹികള്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഇതുവരെ നടപടി ഒന്നും സ്വീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് വനിതാ കമ്മീഷനെ സമീപിച്ചത്. പത്ത് സംസ്ഥാന ഭാരവാഹികള്‍ ഒപ്പിട്ട പരാതിയാണ് വനിത കമ്മീഷന്‍ മുന്‍പാകെ നല്‍കിയിരിക്കുന്നത്.

ഹരിത ഭാരവാഹികള്‍ വനിതാ കമ്മീഷന് നല്‍കിയ പരാതി സംബന്ധിച്ച് പ്രതികരിക്കാന്‍ ലീഗ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. മുസ്‌ലിം ലീഗ് സംസ്ഥാന സമിതിയില്‍ ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ ഹരിതയുടെ ഈ നടപടി ലീഗ് നേതൃത്വത്തിനും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Haritha rejects Kunhalikutty’s suggestion. The League’s ultimatum is to withdraw the complaint lodged with the Women’s Commission by 10 am tomorrow

Latest Stories

We use cookies to give you the best possible experience. Learn more