കോഴിക്കോട്: നടന്‍ വിനായകന്റെ സ്ത്രീവിരുദ്ധ പ്രസ്താവനയില്‍ മാധ്യമപ്രവര്‍ത്തര്‍ക്കും ഡബ്‌ള്യൂ.സി.സിക്കുമെതിരെ വിമര്‍ശനവുമായി മുസ്‌ലിം ലീഗിന്റെ വനിതാ സംഘടനയായ ഹരിത.
നിന്റെ വീട്ടിലെ സ്ത്രീകളോട് ഒരുത്തന് സെക്‌സ് ചെയ്യാന്‍ താത്പര്യം തോന്നി ഇങ്ങനെ ചോദിച്ചാല്‍ എന്താണ് നിന്റെ ഉത്തരം എന്ന മിനിമം ചോദ്യം പോലും ചോദിക്കാനറിയാത്ത ജേര്‍ണലിസ്റ്റ് കോന്തന്‍മാര്‍. ആ വിഡ്ഢികള്‍ അതു കേട്ട് ഉറക്കെ ചിരിച്ച് അത് പ്രസിദ്ധീകരിക്കുമ്പോള്‍ ഇത് കേള്‍ക്കുന്ന, കാണുന്ന കേരളത്തിലെ മുഴുവന്‍ സ്ത്രീ സമൂഹവും വാക്കാല്‍ വ്യഭിചരിക്കപ്പെടുന്നുവെന്ന് ഹരിത ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഇത് ‘അമ്മ’ എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നതെങ്കില്‍ അതിനെതിരെ ചാടി കടിക്കാന്‍ വരുന്ന ഡബ്‌ള്യൂ.സി.സിക്കും, അവരുടെ പുരോഗമന മൂട് താങ്ങികള്‍ക്കും ഈ വഷളന്‍ ഇത് പറഞ്ഞ് നേരത്തോട് നേരമായിട്ടും മിണ്ടാട്ടമില്ല, ആഹാ ഒരു പ്രത്യേകതരം ഫെമിനിസമെന്നും കുറിപ്പില്‍ പറയുന്നു.
‘ഒരുത്തന്‍ അവന് സെക്‌സ് ചെയ്യാന്‍ താല്‍പര്യം തോന്നുന്ന പെണ്ണുങ്ങളെ കാണുമ്പോള്‍ അവന്‍ ചോദിക്കും, അത് അവന്‍ ഇനിയും ആവര്‍ത്തിക്കും. ഒരു പെണ്ണിന്റെ സ്വതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും, ഉത്തരം യെസ് ആയാലും നോ ആയാലും വാക്കാലുള്ള ബലാത്സംഗം (വെര്‍ബല്‍ റേപ്പ്) അവന്‍ ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുന്നു.
വിനായകന് ചോദിക്കാന്‍ വേണ്ടി പടച്ചുണ്ടാക്കിയതാണ് ഇവിടെയുള്ള സ്ത്രീ സമൂഹമെന്ന് പച്ചക്ക് പറഞ്ഞിട്ടും കേസെടുക്കാന്‍ ഒരു കോണത്തിലെ പൊലീസുമില്ല. അടുത്ത വനിതാ മതില്‍ നമുക്ക് വിനായകനെ കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കണം. ജയ് വിനായക സെക്‌സാനന്ദ ബാബ,” ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
തനിക്ക് എന്താണ് മീ ടൂ എന്ന് അറിയില്ലെന്നും, നിങ്ങള്‍ക്കറിയാമെങ്കില്‍ പറഞ്ഞു തരണമെന്നുമാണ് മാധ്യമപ്രവര്‍ത്തകരോട് വിനായകന്‍ പറഞ്ഞത്. ‘ഒരുത്തീ’യുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പത്രസമ്മേളനത്തിലാണ് വിനായകന്‍ ഇക്കാര്യം ചോദിക്കുന്നത്.
‘എന്റെ ലൈഫില്‍ ഞാന്‍ പത്ത് പെണ്ണുങ്ങള്‍ക്കൊപ്പം സെക്സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാന്‍ തന്നെയാണ് ചോദിച്ചത് നിങ്ങള്‍ക്കിതിന് താത്പര്യമുണ്ടോ എന്ന്.
നിങ്ങള്‍ പറയുന്ന മീ ടൂ ഇതാണെങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എനിക്ക് വേറെ ആര്‍ക്കെങ്കിലുമൊപ്പം സെക്സ് ചെയ്യണമെന്ന് തോന്നിയാല്‍ ഞാന്‍ ഇനിയും ചോദിക്കും.
ഇതാണോ നിങ്ങള്‍ പറഞ്ഞ മീ ടൂ? ഇതല്ലെങ്കില്‍ എന്താണ് നിങ്ങള്‍ പറയുന്ന മീ ടൂ? നിങ്ങളെനിക്ക് പറഞ്ഞ് താ എന്താണ് മീ ടൂ എന്ന്,’ വിനായകന്‍ ചോദിക്കുന്നുണ്ട്. ഇതിനെതിരെ പലരും ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്.
വിനായകന് മീ ടു വിന്റെ ക്യാമ്പെയ്ന്‍ മൂല്യത്തെ കുറിച്ച് അറിവില്ല എന്നല്ല അയാള്‍ അതിനെ ഭയപ്പെടുന്നുണ്ട് എന്നാണ് പത്രസമ്മേളനത്തില്‍ നിന്നും മനസിലായതെന്നാണ് മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍ പറഞ്ഞത്.
ഒരു സ്ത്രീ പക്ഷ സിനിമയുടെ പ്രൊമോഷനിടയില്‍ സ്വന്തം വിവരക്കേടും അഹന്തയും അല്‍പത്തവും ഹുങ്കും എന്നുവേണ്ട ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്ത് മെഴുകി അതില്‍ കിടന്നുരുണ്ട് പിരണ്ട് നാറിക്കുഴഞ്ഞ വിനായകന്‍ മഹാ അപമാനമാണ്, മഹാ പരാജയമാണ് എന്നായിരുന്നു എഴുത്തുകാരി ശാരദക്കുട്ടിയുടെ പ്രതികരണം.
വിനായകന് ബെല്ലും ബ്രേക്കുമില്ലാതെ പ്രതികരിക്കാമെന്നും പക്ഷേ തനിക്ക് അങ്ങനെ പറ്റില്ലെന്നുമാണ് നവ്യ നായര്‍ പറഞ്ഞിരുന്നത്.
Content Highlights: Haritha Organisation reacts against WCC and Journalist in Vinayakan issue