മലപ്പുറം: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റിനെതിരെ പരാതി നല്‍കിയ ഹരിത നേതാക്കളെ വിമര്‍ശിച്ച് സമസ്ത നേതാവ്. ആഭ്യന്തര പ്രശ്‌നം തെരുവിലല്ല പറയേണ്ടതെന്ന് സുന്നി യുവജന സംഘം നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു.
എം.എസ്.എഫ് പൂക്കോട്ടുര്‍ പഞ്ചായത്ത് സംഘടിപ്പിച്ച വിചാരം വേദിയിലാണ് അബ്ദുസമദിന്റെ പരാമര്‍ശം. സംഘടനയ്ക്കകത്തെ പ്രശ്‌നങ്ങളില്‍ വനിതാ കമ്മിഷനെ സമീപിക്കാന്‍ ഇത് കുടുംബ പ്രശ്‌നമാണോയെന്നും അദ്ദേഹം ചോദിച്ചു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശവും അധിക്ഷേപവും നടത്തിയെന്ന് കാണിച്ചാണ് ലീഗ് വനിതാ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഹരിതയുടെ നേതാക്കള്‍ വനിതാകമ്മീഷനെ സമീപിച്ചത്.
സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്ന് കാണിച്ചാണ് പി.കെ. നവാസ്, മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ് എന്നിവര്‍ക്കെതിരെയാണ് ഹരിതയുടെ ഭാരവാഹികള്‍ പരാതി നല്‍കിയത്.
മോശം പദപ്രയോഗങ്ങള്‍ നടത്തിയെന്നും ഹരിത നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
കോഴിക്കോട് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലുണ്ടായ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് പരാതി. സംസ്ഥാന പ്രസിഡന്റ് സംഘടനാകാര്യങ്ങളില്‍ വനിതാ നേതാക്കളോട് അഭിപ്രായം ചോദിച്ച് സംസാരിച്ചപ്പോള്‍ നടത്തിയ ‘വേശ്യയ്ക്കും വേശ്യയുടേതായ ന്യായീകരണം ഉണ്ടാകുമല്ലോ, അത് പറയൂ’ എന്ന പരാമര്‍ശമാണ് പരാതി നല്‍കാന്‍ കാരണമായത്.
അതേസമയം പ്രശ്നപരിഹാരത്തിന് വേണ്ടിയും ലീഗ് നേതൃത്വം ശ്രമിക്കുന്നുണ്ട്. വനിതാ കമ്മീഷന് നല്‍കിയ പരാതി പിന്‍വലിച്ചാല്‍ നവാസിനെതിരെ നടപടി സ്വീകരിക്കാമെന്ന് ഹരിതാ നേതാക്കളോട് ലീഗ് പറഞ്ഞിരുന്നു.
എന്നാല്‍ നേരത്തെ തന്നെ നവാസിനെതിരെ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച ശേഷം മാത്രമേ മറ്റു കാര്യങ്ങള്‍ ആലോചിക്കുകയുള്ളൂവെന്നുമായിരുന്നു ഹരിതാ നേതാക്കളുടെ മറുപടി.
ഇതിന് പിന്നാലെ ഹരിത സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്നിക്കും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കുമെതിരെ നടപടി സ്വീകരിക്കാനാണ് നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഹരിതയുടെ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചത് അച്ചടക്കലംഘനമാണെന്നാണ് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം കഴിഞ്ഞ ദിവസം പ്രതികരിച്ചത്. പാര്‍ട്ടിക്ക് ലഭിച്ച പരാതിയില്‍ ഇരുവിഭാഗങ്ങളെയും കേള്‍ക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തതാണെന്നും ലഭിച്ച പരാതിയില്‍ തുടര്‍നടപടികള്‍ പരിഗണനയിലിരിക്കുകയായിരുന്നെന്നും സലാം പറഞ്ഞു.
ഇത്തരം കാര്യങ്ങള്‍ സംഘടനാപരിധിക്ക് പുറത്തേക്ക് കൊണ്ട് പോകുന്നതും വനിതാകമ്മീഷനെ സമീപിച്ചതും അച്ചടക്കലംഘനമായി കാണാതിരിക്കാനാവില്ലെന്നും പി.എം.എ. സലാം വ്യക്തമാക്കി. എം.എസ്.എഫ് ദേശീയ സെക്രട്ടറി അഡ്വ.എന്‍.എ. കരീമും വനിതാ കമ്മീഷനില്‍ പരാതി നല്‍കിയതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.