കോഴിക്കോട്: ഹരിത പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹരിത അംഗങ്ങള്‍. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ വിഷയത്തില്‍ പരാതി നല്‍കിയതിന്റെ പേരില്‍ കൂട്ടായ്മ പിരിച്ചു വിടുന്നത് നിയമവിരുദ്ധമാണ്.
സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമത്തിനെതിരെ പരാതിപ്പെടാനുള്ള ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി വേണമെന്നാണു നിയമം പോലും പറയുന്നത്. എന്നിട്ടും ഇത്തരമൊരു പരാതി നല്‍കിയതിന്റെ പേരില്‍ കൂട്ടായ്മ ഒന്നടങ്കം പിരിച്ചു വിടുന്നതു നിയമവിരുദ്ധമാണെന്നു കോടതിയില്‍ ചൂണ്ടിക്കാട്ടാനാണ് ഹരിത നേതാക്കളുടെ നീക്കം.
വനിതE കമ്മിഷനില്‍ നല്‍കിയ പരാതി ഒരുകാരണവശാലും പിന്‍വലിക്കില്ലെന്നാണ് ഹരിതയുടെ നിലപാട്. നീതി ലഭിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ഹരിത നേതാക്കള്‍ പറഞ്ഞു.
കൂടിയാലോചനകളില്ലാതെ ലീഗ് നേതൃത്വം ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ചത് കൊണ്ടാണ് ഒത്തു തീര്‍പ്പു ഫോര്‍മുലകള്‍ തള്ളിയതെന്നും ഹരിത നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം ഹരിത സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ടത് ചര്‍ച്ചകള്‍ക്ക് ശേഷമാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇത് സംബന്ധിച്ച കൂടുതല്‍ വിശദീകരണം നല്‍കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ചര്‍ച്ചകള്‍ക്ക് ശേഷം ആലോചിച്ചാണ് തീരുമാനമെടുത്തത്. കൂടുതല്‍ വിശദാംശങ്ങള്‍ പറയേണ്ട കാര്യമില്ല. പാര്‍ട്ടി തീരുമാനത്തിന്റെ യുക്തിയും കാരണവും പറഞ്ഞുകഴിഞ്ഞു,’ ഇ.ടി. പറഞ്ഞു.
ഹരിതയ്ക്ക് പുതിയ കമ്മിറ്റി വരുമോ എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം ആണ് ഹരിത പിരിച്ചുവിട്ട കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
ഹരിത നടത്തിയത് കടുത്ത ചട്ടലംഘനമാണെന്നും പുതിയ കമ്മറ്റി നിലവില്‍ വരുമെന്നും സലാം പറഞ്ഞു. ഹരിത കമ്മറ്റിയുടെ കാലാവധി നേരത്തേ അവസാനിച്ചതാണെന്നും പുതിയ കമ്മറ്റി ഉടനെ വരുമെന്നും സലാം പറഞ്ഞു.
നേരത്തേ ‘ഹരിത’ സംസ്ഥാന കമ്മിറ്റിയെ ലീഗ് നേതൃത്വം മരവിപ്പിച്ചിരുന്നു. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ആരോപണമുന്നയച്ചതിന് പിന്നാലെയായിരുന്നു ലീഗിന്റെ നടപടി.
ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചതോടെയാണ് വിഷയം വലിയ മാധ്യമശ്രദ്ധ നേടിയത്.
വിവാദം ശക്തമായതോടെ ഹരിത നേതാക്കളുമായി ലീഗ് നേതൃത്വം യോഗം ചേരുകയും ചെയ്തിരുന്നു. എന്നാല്‍ കുറ്റാരോപിതനായ പി.കെ. നവാസിനെതിരെ നടപടി വേണ്ടെന്നും ഖേദപ്രകടനം മതിയെന്നുമായിരുന്നു ലീഗ് നേതൃത്വത്തിന്റെ തീരുമാനം.
ഇതിനെ തുടര്‍ന്ന് പി.കെ. നവാസ് അടക്കമുള്ള നേതാക്കള്‍ ഫേസ്ബുക്കിലൂടെ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാല്‍ നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ലീഗില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു.
എം.എസ്.എഫ്. നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ കൊടുത്ത പരാതി പിന്‍വലിക്കില്ലെന്ന് ഹരിത നേതാക്കള്‍ നിലപാട് എടുക്കുകയും ചെയ്തിരുന്നു. പി.കെ. നവാസിന്റെത് ഖേദപ്രകടനമല്ലെന്നും നടപടി ഖേദപ്രകടനത്തില്‍ ഒതുക്കിയാല്‍ പോരെന്നുമാണ് ഹരിതയെടുക്കുന്ന നിലപാട്.
എം.എസ്.എഫ് നേതാക്കള്‍ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഹരിത, വനിതാകമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കുമെന്നാണ് ലീഗിന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഹരിത ഇതിന് വഴങ്ങിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടിരിക്കുന്നത്.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവര്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് ഹരിത നേതാക്കള്‍ പറഞ്ഞത്.