| Tuesday, 17th August 2021, 1:23 pm

ഒരാള്‍ക്ക് തെറ്റുപറ്റിയാല്‍ തെരുവിലേക്ക് വലിച്ചെറിയുകയല്ല വേണ്ടത്, വനിതാ കമ്മീഷന്‍ പരാതി ബ്ലാക്ക്‌മെയിലിംഗ്; ഹരിത നേതാക്കളെ തള്ളി ഹരിത മലപ്പുറം ജില്ലാ പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റിനും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റിനുമെതിരെ പരാതി നല്‍കിയ ഹരിത നേതാക്കളെ തള്ളി ഹരിത മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. കെ തൊഹാനി.

ഒരാള്‍ക്ക് തെറ്റുപറ്റിയാല്‍ തിരുത്തുകയാണ് വേണ്ടതെന്നും അല്ലാതെ തെരുവിലേക്ക് വലിച്ചെറിയുകയല്ലെന്നും തൊഹാനി ഫേസ്ബുക്കില്‍ കുറിച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു കുടുംബത്തെ പോലെയാണെന്നും തൊഹാനി പറഞ്ഞു.

പ്രസ്ഥാനം പരിഗണിച്ചു കൊണ്ടിരിക്കുന്ന ഒരു വിഷയത്തില്‍ വനിതാ കമീഷനും പൊലീസും കൂടി ഇടപെടണമെന്ന് വന്നാല്‍ അത് ബ്ലാക് മെയിലിങ് ആണെന്നും സംഘടനാ നേതൃത്വത്തെ ഗണ്‍ പോയിന്റില്‍ നിര്‍ത്തലാണെന്നും അവര്‍ പറഞ്ഞു. ജന്‍ഡര്‍ ജസ്റ്റിസ് പറയുമ്പോഴെല്ലാം അതിന് നൈതികതയുടെ അടിത്തറയുണ്ടെന്ന് നെഞ്ചില്‍ കൈവെച്ച് പറയാനാകണമെന്നും തൊഹാനി ഫേസ്ബുക്കില്‍ കുറിച്ചു.

പാണക്കാട് സയ്യിദുമാരിലുള്ള വിശ്വാസത്തിന് തരിമ്പും പോറലേല്‍പിക്കാന്‍ പ്രൊപഗാന്‍ഡ സംഘങ്ങള്‍ക്ക് കഴിയില്ല. കണ്ണിലെ കൃഷ്ണമണി പോലെ ഈ പ്രസ്ഥാനത്തെ നയിക്കുന്ന ഓരോ ലീഗ് പ്രവര്‍ത്തകന്റെയും ആവേശമായ, ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായ പ്രിയപ്പെട്ട നേതാക്കളിലുള്ള ആത്മവിശ്വാസം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നെന്നും തൊഹാനി പറഞ്ഞു.

പെണ്‍കുട്ടികള്‍ക്ക് മതിയായ അവസരം ഈ പ്രസ്ഥാനം നല്‍കുന്നുണ്ട്. എത്ര യുവതികളാണ് ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് ഇലക്ഷനിലേക്ക് ഹരിത പതാകയുടെ കീഴില്‍ മത്സരിച്ചത്.
ഹരിതയുടെ പ്രധാന ചുമതലകളിലൊന്ന് ഏറ്റെടുത്തപ്പോഴുള്ള അനുഭവങ്ങള്‍ ഹൃദ്യമാണ്. സ്വതന്ത്ര ചിന്തകള്‍ക്ക് തടയിടാതെ, ഗുണകാംക്ഷയോടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന നേതാക്കളുടെ പിന്തുണ വിലമതിക്കാനാകില്ലെന്നും തൊഹാനി പറഞ്ഞു.

അഹങ്കാരവും ഈഗോയും ഗ്രൂപ്പിസവും കൊണ്ട് പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു കാര്യം ആലോചിച്ചാല്‍ മതി. ആരൊക്കെ പോയാലും പാര്‍ട്ടിക്കൊരു ചുക്കും സംഭവിക്കില്ല, മറിച്ച് ഈ പാര്‍ട്ടി ഇല്ലാതായാല്‍ പലര്‍ക്കും പലതും നഷ്ടപ്പെടും.

നേതൃത്വത്തെ വിശ്വാസമില്ലെന്ന് പറഞ്ഞ് അപമാനിച്ച്, അവരെ ധിക്കരിച്ച് ശത്രുക്കളെ കൂട്ടുപിടിച്ച് സംഘടനയെ പൊതുമധ്യത്തില്‍ അപമാനിക്കാന്‍ യഥാര്‍ത്ഥ മുസ്‌ലിം ലീഗുകാര്‍ക്ക് ഒരിക്കലും കഴിയില്ലെന്നും തൊഹാനി പറഞ്ഞു.

താന്‍ മുസ്‌ലിം ലീഗിനൊപ്പമാണെന്നും തൊഹാനി പ്രഖ്യാപിച്ചു. വനിതാ കമ്മീഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ഹരിതക്ക് മുസ്‌ലിം ലീഗ് നല്‍കിയ അന്ത്യശാസനം അവസാനിക്കാനിരിക്കെയാണ് തൊഹാനിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

എം.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ. നവാസ്, മലപ്പുറം ജില്ല പ്രസിഡന്റായി അഡ്വ. കെ. തൊഹാനിയെ ഹരിത സംസ്ഥാന കമ്മിറ്റിയോട് ചര്‍ച്ച ചെയ്യാതെ നിയമിച്ചതോടെയാണ് ഹരിതയിലെ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

മലപ്പുറം ജില്ലയില്‍ നിരവധി സജീവ പ്രവര്‍ത്തകര്‍ ഉണ്ടായിരിക്കെ ഹരിത പ്രവര്‍ത്തക അല്ലാത്ത, ലോ കോളജ് അധ്യാപികയായ തൊഹാനിയെ ജില്ലാ പ്രസിഡന്റ് ആയി നിയമിക്കുകയായിരുന്നു.

ഇതിനെതിരെ സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്‌നിക്കും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കും അടക്കമുള്ള ഹരിതയുടെ സംസ്ഥാന നേതൃത്വം രംഗത്തു വരികയായിരുന്നു. ഇതിന് പിന്നാലെയാണ് പി.കെ. നവാസ് അടക്കമുള്ളവര്‍  സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്ന് കാണിച്ച് ഹരിതയുടെ ഭാരവാഹികള്‍ പരാതി നല്‍കിയത്. മോശം പദപ്രയോഗങ്ങള്‍ നടത്തിയെന്നും ഹരിത നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം വനിതാ കമ്മീഷന് നല്‍കിയ പരാതി ചൊവ്വാഴ്ച രാവിലെ പത്ത് മണിക്കുള്ളില്‍ പിന്‍വലിക്കണമെന്നാണ് ലീഗ് നേതാക്കള്‍ നല്‍കിയിരിക്കുന്ന അന്ത്യശാസനം.

വനിതാ കമ്മീഷനിലെ പരാതി പിന്‍വലിച്ചാല്‍ എം.എസ്.എഫ് നേതൃത്വത്തില്‍ നിന്ന് നേരിട്ട ലൈംഗീക അധിക്ഷേപം സംബന്ധിച്ച പരാതിയില്‍ വിശദമായ ചര്‍ച്ചകള്‍ നടത്താമെന്നും ലീഗ് നേതൃത്വം ഹരിതയെ അറിയിച്ചിട്ടുണ്ട്.

പാണക്കാട് കുടപ്പനക്കല്‍ തറവാട്ടില്‍വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ ഹരിത നേതാക്കള്‍ക്ക് പി.കെ കുഞ്ഞാലിക്കുട്ടിയാണ് അന്ത്യശാസനം നല്‍കിയത്.

കുഞ്ഞാലിക്കുട്ടിയെ കൂടാതെ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, എം.എസ്.എഫ് ദേശീയ അധ്യക്ഷന്‍ ടി.പി. അഷ്റഫലി എന്നിവരും ഹരിതയെ പ്രതിനിധീകരിച്ച് സംസ്ഥാന പ്രസിഡന്റ് മുഫീദ തെസ്നിയും ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയും ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയ മുനവ്വറലി ശിഹാബ് തങ്ങള്‍ പരാതി പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചെങ്കിലും ഹരിത നേതാക്കള്‍ വഴങ്ങിയിരുന്നില്ല.

അഡ്വ. തൊഹാനിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം,

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമാകുക വഴി ആ സംഘടനയുടെ വ്യവസ്ഥകള്‍ കൂടി നമ്മള്‍ സ്വമേധയാ അംഗീകരിക്കുകയാണ്.

പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ പ്രസ്ഥാനങ്ങള്‍ക്കും അതിന്റേതായ സംവിധാനവും രീതികളും ഉണ്ട്. ആ സംവിധാനങ്ങളും രീതികളും കൂടി അംഗീകരിക്കുന്ന കാലത്തോളമേ നമ്മള്‍ ആ പ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കൂ.

പ്രസ്ഥാനം പരിഗണിച്ചു കൊണ്ടിരിക്കുന്ന ഒരു വിഷയത്തില്‍ വനിതാ കമ്മീഷനും പൊലീസും കൂടി ഇടപെടണമെന്ന് വന്നാല്‍ അത് ബ്ലാക് മെയിലിംഗാണ്. സംഘടനാ നേതൃത്വത്തെ ഗണ്‍ പോയിന്റില്‍ നിര്‍ത്തലാണ്. ജന്‍ഡര്‍ ജസ്റ്റിസ് പറയുമ്പോഴെല്ലാം അതിന് നൈതികതയുടെ അടിത്തറയുണ്ടെന്ന് നെഞ്ചില്‍ കൈവെച്ച് പറയാനാകണം.

മുസ്‌ലിം ലീഗിനെ ഹൃദയത്തിലേറ്റിയ ഓരോരുത്തരുടെയും അഭിമാനമായ പാണക്കാട് സയ്യിദുമാരിലുള്ള വിശ്വാസത്തിന് തരിമ്പും പോറലേല്‍പിക്കാന്‍ പ്രൊപഗാന്‍ഡ സംഘങ്ങള്‍ക്ക് കഴിയില്ല.
കണ്ണിലെ കൃഷ്ണമണി പോലെ ഈ പ്രസ്ഥാനത്തെ നയിക്കുന്ന ഓരോ ലീഗ് പ്രവര്‍ത്തകന്റെയും ആവേശമായ, ഞങ്ങളുടെ സ്വകാര്യ അഹങ്കാരമായ പ്രിയപ്പെട്ട നേതാക്കളിലുള്ള ആത്മവിശ്വാസം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു.

പെണ്‍കുട്ടികള്‍ക്ക് മതിയായ അവസരം ഈ പ്രസ്ഥാനം നല്‍കുന്നുണ്ട്. എത്ര യുവതികളാണ് ഇക്കഴിഞ്ഞ ത്രിതല പഞ്ചായത്ത് ഇലക്ഷനിലേക്ക് ഹരിത പതാകയുടെ കീഴില്‍ മത്സരിച്ചത്.
ഹരിതയുടെ പ്രധാന ചുമതലകളിലൊന്ന് ഏറ്റെടുത്തപ്പോഴുള്ള അനുഭവങ്ങള്‍ ഹൃദ്യമാണ്. സ്വതന്ത്ര ചിന്തകള്‍ക്ക് തടയിടാതെ, ഗുണകാംക്ഷയോടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന നേതാക്കളുടെ പിന്തുണ വിലമതിക്കാനാകില്ല.

പാര്‍ട്ടി വേദികളില്‍ പ്രവര്‍ത്തകര്‍ നല്‍കുന്ന ബഹുമാനവും അതുപോലെ തന്നെ. അവരുടെ നിഷ്‌കളങ്ക സ്‌നേഹാദരവ് അനുഭവിക്കുമ്പോള്‍ നമുക്കെങ്ങനെയാണ് ഈ പാര്‍ട്ടിയെ തെരുവില്‍ ചര്‍ച്ചക്ക് വെക്കാനാവുക.
പറഞ്ഞു പൊലിപ്പിക്കുന്ന പാട്രിയാര്‍ക്കിയും അസമത്വവും എവിടെയും കണ്ടില്ല. ഞാനോ നിങ്ങളോ ഈ പാര്‍ട്ടിക്ക് അനിവാര്യമാണ് എന്ന ചിന്ത മൗഢ്യമാണ്.

അഹങ്കാരവും ഈഗോയും ഗ്രൂപ്പിസവും കൊണ്ട് പ്രസ്ഥാനത്തെ നശിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒരു കാര്യം ആലോചിച്ചാല്‍ മതി. ആരൊക്കെ പോയാലും പാര്‍ട്ടിക്കൊരു ചുക്കും സംഭവിക്കില്ല, മറിച്ച് ഈ പാര്‍ട്ടി ഇല്ലാതായാല്‍ പലര്‍ക്കും പലതും നഷ്ടപ്പെടും.

മുസ്‌ലിം ലീഗ് വെറുമൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല. അത് അടിച്ചമര്‍ത്തപ്പെട്ട ഒരു സമുദായത്തിന്റെ നാവാണ്, പടവാളാണ്. തലമുറകളുടെ പ്രതീക്ഷയാണ്. നവോത്ഥാനത്തിന്റെയും നവനിര്‍മിതിയുടെയും ചരിത്രമാണ്.
നേതൃത്വത്തെ വിശ്വാസമില്ലെന്ന് പറഞ്ഞ് അപമാനിച്ച്, അവരെ ധിക്കരിച്ച് ശത്രുക്കളെ കൂട്ടുപിടിച്ച് സംഘടനയെ പൊതുമധ്യത്തില്‍ അപമാനിക്കാന്‍ യഥാര്‍ത്ഥ മുസ്‌ലിം ലീഗുകാര്‍ക്ക് ഒരിക്കലും കഴിയില്ല.
പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരു കുടുംബത്തെ പോലെയാണ്. ഒരാള്‍ക്ക് തെറ്റ് പറ്റിയാല്‍ തിരുത്തുകയാണ് വേണ്ടത്. തെരുവിലേക്ക് വലിച്ചെറിയുകയല്ല.

സിയാവുദീന്‍ സര്‍ദാര്‍ പറഞ്ഞുവെച്ചത് ഓര്‍ത്ത് പോവുകയാണ്; ഒന്നിനുമുള്ള റെഡിമെയ്ഡ് പരിഹാരം അല്ല സംഘടന, മനുഷ്യ സമൂഹമെന്ന നിലയില്‍ പ്രശ്‌നങ്ങളുണ്ടെങ്കില്‍ പരിഹാരം നമുക്കുള്ളില്‍ നിന്ന് തന്നെയാണ് രൂപം കൊള്ളേണ്ടത്. അതത്രെ ആരോഗ്യകരമായ ജനാധിപത്യം.
മുസ്‌ലിം ലീഗിനൊപ്പം..

നേതൃത്വത്തിനൊപ്പം…
അഡ്വ. തൊഹാനി,
പ്രസിഡന്റ്, എം.എസ്.എഫ്. ഹരിത മലപ്പുറം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Haritha Malappuram district president rejects Haritha leaders compliant in Women commission 
We use cookies to give you the best possible experience. Learn more