| Thursday, 9th September 2021, 9:03 am

പുരുഷന്മാര്‍ മുതലാളികളും സ്ത്രീകള്‍ തൊഴിലാളികളും എന്ന രീതി മാറണം; അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നും മുസ്‌ലിം ലീഗിനോട് ഹരിത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: സ്ത്രീവിരുദ്ധ പരാമര്‍ശനത്തിനെതിരെ പരാതി നല്‍കിയതിന്റെ പേരില്‍ എം.എസ്.എഫ് വിദ്യാര്‍ത്ഥിനി സംഘടനയായ ഹരിതയുടെ സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ട നടപടിയില്‍ മുസ്‌ലിം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹരിത നേതാവ് മുഫീദ തെസ്‌നി. പിരിച്ചുവിട്ട സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്റാണ് മുഫീദ തെസ്‌നി.

മാധ്യമത്തില്‍ ‘ഞങ്ങള്‍ പൊരുതും; ഹരിത പകര്‍ന്ന കരുത്തോടെ’ എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് മുഫീദ തന്റെ പ്രതികരണം വ്യക്തമാക്കിയത്. അച്ചടക്കലംഘനം നടത്തിയിട്ടില്ലെന്നും വനിതാകമ്മീഷനില്‍ പോവുകയെന്നത് ഭരണഘടനാപരമായ അവകാശമാണെന്നും മുഫീദ പറഞ്ഞു.

സ്ത്രീവിരുദ്ധപരാമര്‍ശങ്ങളെ പാര്‍ട്ടി നേതൃത്വം ഗൗരവമായി കാണുമെന്നായിരുന്നു പ്രതീക്ഷയെന്നും എങ്കിലും ഇപ്പോഴും പിടിച്ച കൊടി തെറ്റിയിട്ടില്ലെന്ന് തന്നെയാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും മുഫീദ ലേഖനത്തില്‍ വ്യക്തമാക്കി. ഈ പോരാട്ടം തുടരുമെന്നും അതിനുള്ള കരുത്ത് ഹരിത തങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മുഫീദ പറഞ്ഞു.

‘ഹരിത പരാതി നല്‍കിയ വിഷയത്തില്‍ എതിര്‍കക്ഷി പാര്‍ട്ടിയോ പാര്‍ട്ടി ഘടകങ്ങളോ അല്ല, ഭാരവാഹികളായ ചിലരാണ്. ലീഗ് പ്രത്യയശാസ്ത്രത്തിനെതിരെയോ നയങ്ങള്‍ക്കെതിരെയോ അല്ല ഞങ്ങളുടെ പോരാട്ടം. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വ്യക്തി അധിക്ഷേപങ്ങളും പാര്‍ട്ടി നേതൃത്വം ഗൗരവമായി കാണുമെന്നായിരുന്നു പ്രതീക്ഷ.

അച്ചടക്കലംഘനം നടത്തിയിട്ടില്ല. വനിതാ കമ്മീഷനില്‍ പോവുകയെന്നത് ഭരണഘടനാപരമായ അവകാശമാണ്. ഞങ്ങള്‍ പിടിച്ച കൊടി തെറ്റിയിട്ടില്ലെന്ന് ഇനിയും വിശ്വസിക്കുന്നു. ആ പ്രതീക്ഷ മുറുകെപ്പിടിച്ചു തന്നെ സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിക്കുന്നവര്‍ക്കെതിരെ പോരാട്ടം തുടരുമെന്നും ഹരിത അതിനു ഞങ്ങളെ പ്രാപ്തരാക്കിയിട്ടുണ്ട്,’ മുഫീദ പറയുന്നു.

21ാം നൂറ്റാണ്ടിലും കേരളത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയില്‍ പുരുഷന്മാര്‍ മുതലാളികളും സ്ത്രീകള്‍ തൊഴിലാളികളുമായി തുടരുകയാണെന്നും പാര്‍ട്ടികളുടെ പുനര്‍നിര്‍മാണത്തിനും രാഷ്ട്രീയ മുതലെടുപ്പിനും വേണ്ടി അധ്വാനിക്കാന്‍ വിധിക്കപ്പെട്ട ശരീരങ്ങളായാണ് സത്രീകളെ എന്നും കണ്ടിട്ടുള്ളതെന്നും മുഫീദ തെസ്‌നി പറഞ്ഞു.

സ്ത്രീവിരുദ്ധത ഉള്ളില്‍പ്പേറുന്നവരാണ് കേരളത്തിലെ എല്ലാ മുഖ്യധാരരാഷ്ട്രീയപാര്‍ട്ടികളെന്നും തീരുമാനങ്ങളെടുക്കുന്ന കമ്മിറ്റികളിലോ നയതന്ത്രരൂപീകരണത്തിലോ ഈ പാര്‍ട്ടികള്‍ സ്ത്രീകള്‍ക്ക് ഒരു സ്ഥാനവും നല്‍കാറില്ലെന്നും മുഫീദ പറഞ്ഞു.

ഇത്തരം നിലപാടുകളോടൊന്നും കലഹിക്കാതെ അടിച്ചമര്‍ത്തപ്പെട്ട് കഴിയുന്ന ഒരു വിഭാഗം സ്ത്രീകളെയും ഇവയെ ചോദ്യം ചെയ്തും പ്രതിഷേധിച്ചും നീങ്ങുന്ന മറ്റൊരു വിഭാഗം പോരാളികളായ സ്ത്രീകളെയും കേരളത്തിലെ രാഷ്ട്രീയത്തില്‍ കാണാമെന്നും തങ്ങള്‍ പോരാളികളുടെ പക്ഷത്താണ് നില്‍ക്കാന്‍ ആഗ്രഹിക്കുന്നതെന്ന് മുഫീദ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ഹരിതയുടെ സംസ്ഥാനകമ്മറ്റി പിരിച്ചുവിട്ടതായി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം അറിയിച്ചത്. ഹരിത നടത്തിയത് കടുത്ത ചട്ടലംഘനമാണെന്നായിരുന്നു പി.എം.എ. സലാം മാധ്യമങ്ങളോട് പറഞ്ഞത്. ഹരിത കമ്മറ്റിയുടെ കാലാവധി നേരത്തേ അവസാനിച്ചതാണെന്നും പുതിയ കമ്മറ്റി ഉടനെ വരുമെന്നും സലാം കൂട്ടിച്ചേര്‍ത്തു.

ഹരിത സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയുമായി ഹരിത നേതാക്കള്‍ രംഗത്തുവന്നതാണ് ഈ പിരിച്ചുവിടലിലേക്ക് നയിച്ചത്. നവാസിനെ കൂടാതെ മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവരും സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് ഹരിത നേതാക്കള്‍ പറഞ്ഞത്.

പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചതോടെയാണ് വിഷയം വലിയ മാധ്യമശ്രദ്ധ നേടിയത്.

വിവാദം ശക്തമായതോടെ ഹരിത നേതാക്കളുമായി ലീഗ് നേതൃത്വം യോഗം ചേരുകയും ചെയ്തിരുന്നു. എന്നാല്‍ കുറ്റാരോപിതനായ പി.കെ. നവാസിനെതിരെ നടപടി വേണ്ടെന്നും ഖേദപ്രകടനം മതിയെന്നുമായിരുന്നു ലീഗ് നേതൃത്വത്തിന്റെ തീരുമാനം.

ഇതിനെ തുടര്‍ന്ന് പി.കെ. നവാസ് അടക്കമുള്ള നേതാക്കള്‍ ഫേസ്ബുക്കിലൂടെ ഖേദപ്രകടനം നടത്തിയിരുന്നു. താന്‍ വ്യക്തിപരമായോ ലിംഗപരമായോ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും സഹപ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തില്‍, തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നെന്നുമാണ് പി.കെ. നവാസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

എന്നാല്‍ ഖേദപ്രകടനം മാത്രം മതിയെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ലീഗില്‍ നിന്ന് തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ കൊടുത്ത പരാതി പിന്‍വലിക്കില്ലെന്ന് ഹരിത നേതാക്കള്‍ നിലപാട് എടുക്കുകയും ചെയ്തിരുന്നു. പി.കെ. നവാസിന്റെത് ഖേദപ്രകടനമല്ലെന്നും നടപടി ഖേദപ്രകടനത്തില്‍ ഒതുക്കിയാല്‍ പോരെന്നുമാണ് ഹരിതയെടുത്ത നിലപാട്.

എം.എസ്.എഫ് നേതാക്കള്‍ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഹരിത, വനിതാകമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കുമെന്നാണ് ലീഗിന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഹരിത ഇതിന് വഴങ്ങിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Haritha Leader Mufeeda Thesni against Muslim League

We use cookies to give you the best possible experience. Learn more