| Tuesday, 28th September 2021, 12:46 pm

ലീഗ് നേതാക്കളെ ഇനി വേദനിപ്പിക്കില്ല: ഹരിത ജനറല്‍ സെക്രട്ടറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ ഹരിതയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് ജനറല്‍ സെക്രട്ടറി റുമൈസ റഫീഖ്. സി.എച്ച്. അനുസ്മരണത്തോടനുബന്ധിച്ച് ഹരിത നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു റുമൈസ.

‘പൊതുബോധത്തിന് വിരുദ്ധമായി പാര്‍ട്ടിയെടുത്ത നിലപാടുകള്‍ ശരിയാണെന്ന് കാലം തെളിയിച്ചിട്ടുണ്ട്. ലീഗിലെ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വികാരത്തെക്കൂടി അഡ്രസ് ചെയ്ത് കൊണ്ടായിരിക്കും ഹരിത സംസ്ഥാന കമ്മിറ്റിയുടെ ഇനിയുള്ള പ്രവര്‍ത്തനം,’ റുമൈസ പറഞ്ഞു.

അവരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഒരു പ്രവര്‍ത്തനവും ഹരിതയുടെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും റുമൈസ കൂട്ടിച്ചേര്‍ത്തു.

‘സ്ത്രീ നവോത്ഥാനത്തിന്റെ നാമ്പുകള്‍’ എന്ന വിഷയത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. പഴയ ഹരിത കമ്മിറ്റി പിരിച്ചുവിട്ട് പുതിയ സംഘം ചുമതലയേറ്റ ശേഷം നടക്കുന്ന പ്രധാന പരിപാടിയാണിത്.

സ്ത്രീത്വത്തെ അപമാനിച്ചെന്ന പേരില്‍ എം.എസ്.എഫ് പ്രസിഡന്റ് പി.കെ നവാസിനെതിരെ നല്‍കിയ കേസില്‍ ഹരിത മുന്‍ ഭാരവാഹികള്‍ ഉറച്ചുനിന്നതിനെ തുടര്‍ന്നാണ് അവരെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നത്.

പിരിച്ചുവിട്ട സംസ്ഥാന കമ്മറ്റിയില്‍ ട്രഷററായിരുന്ന പി.എച്ച്. ആയിഷ ബാനുവാണ് ഹരിതയുടെ പുതിയ അധ്യക്ഷ. ജനറല്‍ സെക്രട്ടറിയായി റുമൈസ റഫീഖിനെയും ട്രഷററായി നയന സുരേഷിനെയുമാണ് ലീഗ് നേതൃത്വം പ്രഖ്യാപിച്ചത്.

വനിത കമ്മിഷനില്‍ നല്‍കിയ പരാതി ഒരുകാരണവശാലും പിന്‍വലിക്കില്ലെന്നാണ് ഹരിത മുന്‍ നേതാക്കളുടെ നിലപാട്.

ഹരിത മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാണ് ഹരിത നേതാക്കളുടെ പരാതി. പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി രണ്ട് മാസം പിന്നിട്ടിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് ഹരിതാ നേതാക്കള്‍ വനിതാ കമ്മീഷനെ സമീപിച്ചതോടെയാണ് വിഷയം വലിയ മാധ്യമശ്രദ്ധ നേടിയത്.

വിവാദം ശക്തമായതോടെ ഹരിത നേതാക്കളുമായി ലീഗ് നേതൃത്വം യോഗം ചേരുകയും ചെയ്തിരുന്നു. എന്നാല്‍ കുറ്റാരോപിതനായ പി.കെ. നവാസിനെതിരെ നടപടി വേണ്ടെന്നും ഖേദപ്രകടനം മതിയെന്നുമായിരുന്നു ലീഗ് നേതൃത്വത്തിന്റെ തീരുമാനം.

എം.എസ്.എഫ്. നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ കൊടുത്ത പരാതി പിന്‍വലിക്കില്ലെന്ന് ഹരിത നേതാക്കള്‍ നിലപാട് എടുക്കുകയും ചെയ്തിരുന്നു.

എം.എസ്.എഫ് നേതാക്കള്‍ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഹരിത, വനിതാകമ്മീഷന് നല്‍കിയ പരാതി പിന്‍വലിക്കുമെന്നാണ് ലീഗിന്റെ പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഹരിത ഇതിന് വഴങ്ങിയിരുന്നില്ല. ഇതിന് പിന്നാലെയായിരുന്നു ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടത്.

പി.കെ. നവാസ്, മലപ്പുറം ജില്ലാ പ്രസിഡന്റ് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ. വഹാബ് എന്നിവര്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് ഹരിത നേതാക്കള്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Haritha General Secretary Rumaisa Rafeeque Muslim League

We use cookies to give you the best possible experience. Learn more