| Monday, 22nd July 2019, 5:41 pm

മകനെ തോളിലേറ്റി ആനയെ സ്പര്‍ശിച്ചു; യതീഷ് ചന്ദ്രയ്ക്ക് എതിരെ ഗവര്‍ണര്‍ക്കും ഡി.ജി.പിക്കും ബാലാവകാശ കമ്മീഷനും പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: സിറ്റി പൊലീസ് കമ്മീഷണര്‍ ജി.എച്ച് യതീഷ്ചന്ദ്രക്ക് എതിരെ ഗവര്‍ണര്‍ക്കും ഡി.ജി.പിക്കും വനംവകുപ്പിനും ബാലാവകാശകമ്മീഷനും പരാതി. വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്ന ആനയൂട്ടില്‍ മകനെ തോളിലേറ്റി വന്ന് ആനയെ സ്പര്‍ശിച്ചതിനെതിരെ ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്സ് ആണ് പരാതി നല്‍കിയത്.

ആനയും ആളുകളും തമ്മില്‍ മൂന്നുമീറ്ററിന്റെ അകലം പാലിക്കണമെന്ന വനംവകുപ്പിന്റെ വ്യക്തമായ നിര്‍ദേശം നിലനില്‍ക്കുന്നുണ്ടെന്നും ബാരിക്കേഡുകള്‍ തീര്‍ത്താണ് ആനകളെ നിര്‍ത്തുന്നത്. പൊലീസും ഈ അകലം പാലിച്ചാണ് ആളുകളെ നിര്‍ത്തുന്നതെന്നും ഹെറിറ്റേജ് ആനിമല്‍ ടാസ്‌ക് ഫോഴ്സ് സെക്രട്ടറി വി കെ വെങ്കിടാചലം പറഞ്ഞു.

തൃശ്ശൂര്‍ പൂരത്തിന്റെ സമയത്ത് യതീഷ് ചന്ദ്ര ഈ നിയമം കര്‍ശനമായി നടപ്പാക്കിയതാണ്. നിയമം അറിയുന്ന ഒരാള്‍ തന്നെയാണ് ലംഘിച്ചിരിക്കുന്നതെന്നും പരാതിയില്‍ പറഞ്ഞു.

ഗണേശ് കുമാര്‍ മന്ത്രിയായിരുന്ന സമയത്താണ് അകലം സംബന്ധിച്ച ഉത്തരവിട്ടത്. കഴിഞ്ഞ ദിവസമാണ് യതീഷ് ചന്ദ്രയും മകനും ആനയൂട്ടിന് എത്തിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

കര്‍ക്കിടകം ഒന്നാം തിയ്യതിയുള്ള ആനയുട്ടിനായിരുന്നു മഫ്തിയില്‍ യതീഷ് എത്തിയത്. മകന്‍ വിശ്രുത് ചന്ദ്രയെ തോളത്തിരുത്തി യതീഷ് ചന്ദ്ര ആനയൂട്ട് കാണുന്നതാണ് ചിത്രങ്ങളിലുളളത്. ഇതാണ് പരാതിക്ക് ഇടയാക്കിയത്.
DoolNews Video

We use cookies to give you the best possible experience. Learn more