| Monday, 9th September 2024, 3:25 pm

പ്ലാസ്റ്റിക് കൊണ്ട് പൂക്കളമിട്ട് ഹരിത കർമ്മ സേന; ഹൈന്ദവരുടെ ആചാരത്തിൽ തൊട്ട് കളിക്കരുതെന്ന് 'പ്രബുദ്ധ മലയാളികൾ'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: പ്ലാസ്റ്റിക് കൊണ്ട് വ്യത്യസ്തമായി പൂക്കളമിട്ട ഹരിതകർമസേനയെ വിമര്ശിച്ചുകൊണ്ട് കമന്റുകള്‍. ഹൈന്ദവരുടെ മതാചാരത്തെ ഹരിതകർമ സേന വൃണപ്പെടുത്തിയെന്നാണ് പ്രധാന വിമർശനം. ഓണക്കാലം ആകുമ്പോൾ പലവിധത്തിലുള്ള പൂക്കളങ്ങൾ ഉണ്ടാകാറുണ്ട് അത്തരത്തിൽ വ്യത്യസ്തമായൊരു പൂക്കളവുമായി എത്തിയതാണ് ആലപ്പുഴയിലെ വീയപുരത്തെ ഹരിതകര്‍മ്മസേന.

വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കഴുകി വൃത്തിയാക്കിയ ശേഷം അതുകൊണ്ട് പൂക്കളമൊരുക്കുകയായിരുന്നു അവർ. എന്നാൽ പൂക്കളത്തിന്റെ ചിത്രങ്ങൾ പ്രചരിക്കാൻ തുടങ്ങിയതോടെ അതിനെതിരെ വർഗീയ കമന്റുകളുമായി ചിലർ രംഗത്തെത്തി.

‘ഹരിത കർമ്മ സേനാ എമ്പോക്കികൾ, ഇവരുടെ ഒക്കെ ബന്ധുക്കൾ മരണപെട്ടാലും പൂക്കൾക്കു പകരം വേസ്റ്റ് കഴുകി കർമം ചെയുമായിരിക്കും അല്ലെ, മലയാളികളുടെ ഹിന്ദു ആചാര അനുഷ്ഠാനങ്ങളോട് എന്തും ആവാമല്ലോ,’ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിന് താഴെ വന്നിരിക്കുന്നത്.

പൂക്കളവുമായി ബന്ധപ്പെട്ട മനോരമ ന്യൂസ് നൽകിയ വാർത്തക്ക് താഴെ ഫേസ്ബുക്കിലാണ് ഇത്തരം കമന്റ് പ്രത്യക്ഷപ്പെട്ടത്. ഓണ സദ്യയും വേസ്റ്റ് കൊണ്ട് ഉണ്ടാക്കി കഴിക്കാൻ വരെ ഹരിതകർമ സേനയോട് പറയുന്നവരുണ്ട്. ദേശീയ ഉത്സവത്തെയും വിശ്വാസത്തെയും അപമാനിച്ച ഈ വ്യക്തികൾക്ക് എതിരെ കോടതി സ്വമേധയാ കേസ് എടുക്കണം എന്നാണ് മറ്റൊരു കമന്റ്.

‘എന്തിനും ഏതിനും ഒരു മഹിമ ഉണ്ട്. പൂ കൊണ്ട് ഇടുന്നതും പ്ലാസ്റ്റിക് മാലിന്യം കൊണ്ട് ഇടുന്നതും തമ്മിലുള്ള ലോജിക് എന്താണെന്ന് മനസിലാകുന്നില്ല. പിന്നെ ഇതൊക്ക ഒരു പ്രത്യേക മത വിഭാഗത്തിൽ പെട്ടവർക്ക്‌ മാത്രം ബാധകമാണ്, എന്തായാലും മോശം തന്നെ,’ പൂക്കളത്തിന് വർഗീയ പരിവേഷം നൽകിയ മറ്റൊരു കമന്റ് ആണിത്.

പുലർച്ച മുതൽ രാത്രി വരെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചും വേർതിരിച്ചുമാണ് ഹരിതകർമ സേന അംഗങ്ങളുടെ ജീവിതം. ഓണം വന്നതും പൂക്കളം ഒരുക്കാൻ ആ പ്ലാസ്റ്റിക് മാലിന്യങ്ങൾ തന്നെ മതിയെന്നായിരുന്നു വീയപുരത്തെ ഹരിത കർമ്മ സേനാ അംഗങ്ങൾ തീരുമാനിച്ചത്.  പ്ലാസ്റ്റിക് കവറുകളും കുപ്പികളുമാണ് പൂക്കൾക്ക് പകരം ഉപയോഗിച്ചിരിക്കുന്നത്.

content highlights: Harita Karma Sena made pookkalam with  plastic; ‘Enlightened Malayalis’ say not to touch Hindu rituals

We use cookies to give you the best possible experience. Learn more