കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ തടവുപുള്ളിയുടെ വേഷത്തില്‍ കണ്ടപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ലെന്ന് നടന്‍ ഹരിശ്രീ അശോകന്‍. അന്തിമവിധി വരുന്നതിനുമുന്‍പ് ദിലീപിനെ മാധ്യമവിചാരണ ചെയ്യരുതെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് ഹരിശ്രീ അശോകന്റെ പ്രതികരണം.
റണ്‍വെ സിനിമയില്‍ ഒന്നിച്ചഭിനയിച്ചപ്പോഴാണ് ദിലീപിനെ തടവുപുള്ളിയായി കണ്ടതെന്നും നിയമപരമായ അനുമതിയോടെയാണ് ജയിലില്‍ പോയി ദിലീപിനെ കണ്ടതെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.
“ജയിലില്‍ ആകെ ലഭിച്ച 15 മിനിട്ടില്‍ ദിലീപും താനും പൊട്ടിക്കരഞ്ഞു “എനിക്കൊന്നുമറിയില്ല അശോകേട്ടാ” എന്നും പറഞ്ഞ് ദിലീപ് പൊട്ടിക്കരഞ്ഞു. പിന്നീട് നിറകണ്ണുകളുമായി മുഖത്തോട് മുഖം നോക്കി നിന്നു”.
എന്നാല്‍ കേസിനെക്കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞു. അവസരം കിട്ടിയാല്‍ ഇനിയും ദിലീപിനെ ജയിലില്‍ പോയി കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിക്കുന്ന തീയേറ്റര്‍ കത്തിക്കണമെന്നു പറയുന്നവരെ ചലച്ചിത്ര അക്കാദമിയുടെ അംഗമായിരുത്തുന്നത് അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സിനിമ നല്ലതാണെങ്കില്‍ ഓടുമെന്നും നൂറു രൂപ കടം ചോദിച്ച് കൊടുക്കാത്തവര്‍ വരെ ഇന്ന് ദിലീപിന്റെ ശത്രുക്കളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിലീപ് ആളുകള്‍ക്ക് സിനിമയില്‍ അവസരം നിഷേധിച്ചെന്ന വാദത്തോട് യോജിപ്പില്ലെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.