|

അതെന്റെ ഒടുക്കത്തെ ചിരിയായിരുന്നെടാ പിന്നെ അതുപോലെ ചിരിച്ചിട്ടേയില്ലയെന്ന് ആ ഫോട്ടോ കാണിച്ച് മകനോട് പറയും: ഹരിശ്രീ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികളുടെ പ്രിയ നടനാണ് ഹരിശ്രീ അശോകന്‍. ഹരിശ്രീ എന്ന മിമിക്‌സ് ട്രൂപ്പിലൂടെ വന്ന് സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ തന്റെ കരിയര്‍ ആരംഭിച്ച ഹരിശ്രീ അശോകന്‍ പിന്നീട് മലയാളത്തിലെ മികച്ച ഹാസ്യതാരമായി വളര്‍ന്നു. ശ്രദ്ധേയമായ ഒരുപാട് വേഷങ്ങളില്‍ ഹരിശ്രീ അശോകന്‍ മലയാളികളെ ചിരിപ്പിച്ചിട്ടുണ്ട്.

ഇന്ന് ഹാസ്യ വേഷങ്ങളോടൊപ്പം സീരിയസ് കഥാപാത്രങ്ങളും താരത്തിന്റെ കയ്യില്‍ ഭദ്രമാണ്. മലയാളത്തിലെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിലെല്ലാം ഹരിശ്രീ അശോകന്റെ സാന്നിധ്യമുണ്ടായിരുന്നു.

ഇപ്പോഴും ഗൗരവക്കാരനാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഹരിശ്രീ അശോകന്‍. തന്റെ മകന്‍ അര്‍ജുന്‍ അശോകന്‍ അച്ഛന് ചിരിച്ചാല്‍ എന്താ, ചിരിക്കാന്‍ ഇത്രക്ക് പിശുക്കനാണോ എന്ന് ചോദിക്കുമെന്ന് ഹരിശ്രീ അശോകന്‍ പറയുന്നു. തന്റെ വിവാഹ ഫോട്ടോയില്‍ താന്‍ നന്നായി ചിരിച്ചിട്ടുണ്ടെന്നും അതുപോലെ ചിരിച്ചിരുന്നുടെയെന്ന് മകന്‍ ചോദിക്കുമ്പോള്‍ അത് തന്റെ ഒടുക്കത്തെ ചിരി ആയിരുന്നു എന്നും അതുപോലെ പിന്നെ ചിരിച്ചിട്ടില്ലെന്നും താന്‍ മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.

അത് തമാശക്ക് പറയുന്നതാണെന്നും പ്രീതയെ പങ്കാളിയായി കിട്ടിയതാണ് തന്റെ ഭാഗ്യമെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു. വിവാഹത്തിനുശേഷമാണ് തന്റെ ഭാഗ്യം തെളിഞ്ഞതെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹരിശ്രീ അശോകന്‍.

‘എന്റെ മകന്‍ അര്‍ജുന്‍ കൂടെ കൂടെ ചോദിക്കും. ‘അച്ഛന് ഇത്തിരി ചിരിച്ചാല്‍ എന്താ? ഇത്ര പിശുക്ക് കാണിക്കണോ ചിരിക്കാന്‍’ എന്ന്. എന്നിട്ട് ഞങ്ങളുടെ വിവാഹ ഫോട്ടോ ചൂണ്ടി അവന്‍ പറയും. ആ കല്യാണ ഫോട്ടോയില്‍ അച്ഛന്‍ എത്ര സന്തോഷത്തോടെയാണ് ഇരിക്കുന്നതെന്ന് അതു പോലെ ചിരിച്ചാല്‍ എന്തെന്ന്.

‘അതെന്റെ ഒടുക്കത്തെ ചിരിയായിരുന്നെടാ, അതോടെ ചിരി സോള്‍ഡ് ഔട്ട് ആയി. പിന്നെ അതുപോലെ ചിരിച്ചിട്ടേയില്ല’ എന്ന് ഞാന്‍ മറുപടിയും പറഞ്ഞു. വെറുതെ തമാശ പറഞ്ഞതാണ് കേട്ടോ. പ്രീതയെ പങ്കാളിയായി കിട്ടിയതാണ് എന്റെ ഭാഗ്യം. വിവാഹത്തിനുശേഷമാണ് എന്റെ ഭാഗ്യം തെളിഞ്ഞതെന്നാണ് ഞാന്‍ വിശ്വസിക്കുന്നതും,’ ഹരിശ്രീ അശോകന്‍ പറയുന്നു.

Content Highlight: Harisree Ashokan talks about why he is not smiling all the time