Entertainment
അന്ന് ആളുകള്‍ എലിയെ തരാനായി ക്യൂ ആയിരുന്നു; പക്ഷെ ആ സീനില്‍ ആരും ശ്രദ്ധിക്കാത്ത ഒരു കാര്യമുണ്ട്: ഹരിശ്രീ അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 24, 03:05 am
Sunday, 24th November 2024, 8:35 am

2001ല്‍ പുറത്തിറങ്ങി മികച്ച വിജയമായി മാറിയ ഒരു ചിത്രമായിരുന്നു ഈ പറക്കും തളിക. താഹ സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപ്, ഹരിശ്രീ അശോകന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, നിത്യ ദാസ് തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.

നിത്യ ദാസിന്റെ കരിയറിലെ ആദ്യ ചിത്രം കൂടിയായിരുന്നു ഈ പറക്കും തളിക. ഇതില്‍ ഹരിശ്രീ അശോകന്റെ കഥാപാത്രം വളരെ ഏറെ ശ്രദ്ധനേടിയിരുന്നു. സുന്ദരന്‍ എന്ന കഥാപാത്രമായിട്ടായിരുന്നു ഹരിശ്രീ അശോകന്‍ ഈ സിനിമയില്‍ എത്തിയത്.

സിനിമയില്‍ സുന്ദരന്‍ എലിയുടെ പിന്നാലെ പോകുന്ന സീനുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ആ സീന്‍ ഷൂട്ട് ചെയ്തതിനെ കുറിച്ച് പറയുകയാണ് ഹരിശ്രീ അശോകന്‍. സ്‌കൈലാര്‍ക് പിക്‌ചേഴ്‌സ് എന്റര്‍ടൈമെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു ദിവസം ഒരു എലിക്ക് അമ്പത് രൂപ വെച്ച് കൊടുക്കണം. ആള്‍ക്കാര് എലിയെ തരാനായി ക്യൂ ആയിരുന്നു. അവസാനം ഒരു എലിക്ക് 200 രൂപ വരെയായി. ഒരോ തവണ ഷൂട്ട് ചെയ്യുമ്പോഴും എലി ഓടി പോകുമായിരുന്നു. പുറകെ അടിക്കാനായി വടിയും കൊണ്ട് പോയാല്‍ ഓടി പോകാതിരിക്കുമോ.

പിന്നെ എലി എവിടെയും നില്‍ക്കില്ലായിരുന്നു. ചില സമയത്ത് നിലത്ത് വെച്ചാല്‍ അപ്പോള്‍ തന്നെ ഓടിക്കളയും. പിന്നെയാണ് വെള്ള എലിയെ വാങ്ങി അതിന്റെ മേലെ കറുത്ത പെയിന്റ് അടിക്കാന്‍ തീരുമാനിച്ചത്. അതിനെ കളറ് ചെയ്തു. ക്ലോസ് സീനുകളൊക്കെ ആദ്യമേ തന്നെ എടുത്തിരുന്നു.

എലിയെ ബസിന്റെ ഇടയിലൂടെയൊക്കെ ഓടിച്ച് ഞാന്‍ തല്ലുന്ന സീന്‍ ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. അത് എന്റെ കയ്യില്‍ ഞാന്‍ ടങ്കീസ് കെട്ടിയിട്ട് മറ്റേയറ്റം എലിയുടെ കാലില്‍ കെട്ടിയാണ് ചെയ്തത്. അല്ലാതെ നമുക്ക് അതിനെ നോക്കിയാല്‍ അത് എങ്ങോട്ടാണ് ഓടുകയെന്ന് പെട്ടെന്ന് മനസിലാകില്ല.

എന്നാല്‍ ടങ്കീസ് കെട്ടിയത് കാരണം അത് വലിക്കുന്ന ഭാഗത്തേക്ക് നമുക്ക് ഓടിയാല്‍ മതിയല്ലോ. എലിയുടെ പുറമെ ഞാന്‍ ഓടുമ്പോള്‍ എന്റെ കയ്യില്‍ ടങ്കീസുണ്ട്. അത് പക്ഷെ ആരും ശ്രദ്ധിച്ചിട്ടില്ല,’ ഹരിശ്രീ അശോകന്‍ പറയുന്നു.

Content Highlight: Harisree Ashokan Talks About Rat Scene In Ee Parakkum Thalika Movie