മമ്മൂട്ടിയുടെ ആ സിനിമയിലേക്ക് വിളിച്ചപ്പോള്‍ മീശ വടിക്കുമോയെന്നും ബുള്ളറ്റ് ഓടിക്കുമോയെന്നും ചോദിച്ചു: ഹരിശ്രീ അശോകന്‍
Entertainment news
മമ്മൂട്ടിയുടെ ആ സിനിമയിലേക്ക് വിളിച്ചപ്പോള്‍ മീശ വടിക്കുമോയെന്നും ബുള്ളറ്റ് ഓടിക്കുമോയെന്നും ചോദിച്ചു: ഹരിശ്രീ അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th December 2023, 5:30 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഹരിശ്രീ അശോകന്‍. ഒരുകാലത്ത് ഒരുപാട് നര്‍മം നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്തിരുന്ന താരമിപ്പോള്‍ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ചെയ്യുന്നത്.

ഹരിശ്രീ അശോകന്റേതായി തിയേറ്ററിലെത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ‘എ രഞ്ജിത്ത് സിനിമ’. നിശാന്ത് സട്ടു സംവിധാനം ചെയ്ത ഈ സിനിമയില്‍ അദ്ദേഹത്തിന് പുറമെ ആസിഫ് അലി, സൈജു കുറുപ്പ്, ഹന്ന റെജി കോശി, നമിത പ്രമോദ്, ആന്‍സണ്‍ പോള്‍, അജു വര്‍ഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ഇപ്പോള്‍ റെഡ് എഫ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി നായകനായ ‘ബാവൂട്ടിയുടെ നാമത്തില്‍’ എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് താരം. രഞ്ജിത്ത് എഴുതി നിര്‍മിച്ച ചിത്രമാണ് ‘ബാവൂട്ടിയുടെ നാമത്തില്‍’.

‘രഞ്ജിയുടെ പടത്തില്‍ അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അപ്പോഴാണ് പെട്ടെന്ന് ഒരിക്കല്‍ എനിക്ക് കോള്‍ വരുന്നത്. ആദ്യം കണ്ട്രോളര്‍ വിളിച്ചിട്ട് കാര്യം പറഞ്ഞു.

എന്ത് വേഷമാണെന്ന് ചോദിച്ചപ്പോള്‍ ഇന്ന് വരെ ഞാന്‍ ചെയ്യാത്ത വേഷമാണെന്ന് പറഞ്ഞു. വിജയേട്ടന്‍ (ജി.എസ് വിജയന്‍) ആണ് സിനിമയുടെ ഡയറക്ടര്‍. ഞാന്‍ ഉടനെ ചേട്ടനെ വിളിച്ച് ചോദിച്ചു.

വേഷം എന്താണെന്ന് ചോദിച്ചപ്പോള്‍ ചേട്ടനും ‘കൊള്ളാം, നല്ല വേഷമാണ്. നീ ഇതുവരെ ചെയ്യാത്ത വേഷമാണ്’ എന്ന് പറഞ്ഞു. എല്ലാവരും ഞാന്‍ മുമ്പ് ചെയ്യാത്ത വേഷമാണെന്ന് മാത്രമേ പറയുന്നുള്ളു. പിന്നെ എന്താകും ആ വേഷമെന്ന ചിന്തയായിരുന്നു എനിക്ക്.

അങ്ങനെ പിന്നീട് രഞ്ജി എന്നെ വിളിച്ചു. എന്നോട് സിനിമക്ക് വേണ്ടി മീശ വടിക്കുമോ എന്ന് ചോദിച്ചു. രഞ്ജിയും മമ്മൂട്ടിയുമുള്ള പടമായത് കൊണ്ട് ഞാന്‍ താടിയും മീശയുമൊക്കെ വടിക്കാന്‍ തയ്യാറായിരുന്നു.

ബുള്ളറ്റ് ഓടിക്കുമോയെന്ന് ചോദിച്ചപ്പോള്‍ മുമ്പ് ഓടിച്ചിരുന്നെന്ന് പറഞ്ഞു. അതോടെ കുറച്ചു നാള്‍ ബുള്ളറ്റ് ഓടിച്ച് പ്രാക്ടീസ് ചെയ്യാന്‍ ആവശ്യപ്പെട്ടു,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.


Content Highlight: Harisree Ashokan Talks About Mammootty’s Movie Bavuttiyude Namathil