വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്ക് അരങ്ങേറിയ താരമാണ് കല്പന. മലയാളത്തിന് പുറമേ തമിഴിലും അറിയപ്പെടുന്ന നടിയായി മാറാന്‍ കല്പനക്ക് അധികം സമയം വേണ്ടി വന്നില്ല. മലയാള സിനിമയിലെ ഒരുകാലത്തെ ഒട്ടുമിക്ക സിനിമകളിലും കല്പന അഭിനയിച്ചിട്ടുണ്ട്. കൂടുതലും സഹതാരമായും കോമഡി വേഷങ്ങളിലുമാണ് കല്പന അഭിനയിച്ചിരുന്നത്. എന്നാല്‍ എണ്ണം പറഞ്ഞ ചില മികച്ച സീരിയസ് കഥാപാത്രങ്ങള്‍ക്കും ജീവന്‍ കൊടുത്തുകൊണ്ട് ഏത് വേഷവും തനിക്ക് ഇണങ്ങുമെന്ന്കല്പനതെളിയിച്ചിട്ടുണ്ട്.
കല്പനയെ കുറിച്ച് സംസാരിക്കുകയാണ് ഹരിശ്രീ അശോകന്‍. കല്പനയുമായുള്ള നാടക വേദികള്‍ എല്ലാം നല്ല രസമാണെന്നും അധികം റിഹേഴ്‌സലുകള്‍ ഉണ്ടാകാറില്ലെന്നും ഹരിശ്രീ അശോകന്‍ പറയുന്നു. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമകള്‍ ചെയ്യുമ്പോള്‍ ചില സീനുകളില്‍ കട്ട് പറയേണ്ടെന്ന് സംവിധായകനോട് ആദ്യമേ പറയാറുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിന് കാരണം സീന്‍ തീര്‍ന്നാലും എന്തെങ്കിലും കല്പന കയ്യില്‍ നിന്നും ഇടുമെന്നും ഒപ്പത്തിന് പിടിച്ചില്ലെങ്കില്‍ കൂടെ അഭിനയിക്കുന്നവര്‍ തോറ്റുപോകുമെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു. ഓരോ ഷോട്ടിലും ചെറിയ എക്‌സ്പ്രഷനുകള്‍ കല്പന ചെയ്യുമെന്നും വളരെ മിടുക്കിയായിരുന്നു അവരെന്നും അദ്ദേഹം പറയുന്നു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ഹരിശ്രീ അശോകന്‍.
‘കല്പനയുള്ള സ്റ്റേജ് തന്നെ നല്ല കോമഡിയാണ്. കല്പനയായുള്ള കോമ്പിനേഷന്‍ സീനുകളെല്ലാം ഞങ്ങള്‍ ചുമ്മാ ഇരുന്ന് പറഞ്ഞ് നോക്കാറേ ഉള്ളു. ഡയലോഗെല്ലാം ഒരു വട്ടം പറഞ്ഞ് നോക്കും. എന്നിട്ട് തട്ടേ കാണാം എന്ന് കല്പന പറയും. അത്രയേ ഉള്ളു.
അതുപോലെതന്നെയാണ് കല്പനയുടെ കൂടെ ചെയ്യുന്ന സിനിമകളും. ഞങ്ങള്‍ തമ്മിലുള്ള സിനിമകളിലെ കോമ്പിനേഷന്‍ സീനുകള്‍ ചെയ്യുമ്പോള്‍ കട്ട് പറയേണ്ടെന്ന് സംവിധായകനോട് നേരത്തേ പറയും. കാരണം സീന്‍ തീര്‍ന്ന് കഴിഞ്ഞാലും കുറച്ച് സംഭവങ്ങളുണ്ടാകും. ഷോട്ട് കഴിഞ്ഞ് ഒരു മിനിറ്റോ അര മിനിറ്റോ കഴിഞ്ഞിട്ടായിരിക്കും കട്ട് പറയുക.
റിഹേഴ്‌സല്‍ ചെയ്യുമ്പോള്‍ കാണിക്കാത്ത കുറച്ച് കാര്യങ്ങള്‍ അവസാനം കാണിക്കും. എന്തെങ്കിലും കയ്യില്‍ നിന്ന് ഇടാനുണ്ടെങ്കില്‍ അതെല്ലാം അപ്പോഴായിരിക്കും. അത് ഭയങ്കര രസമായിരിക്കും. കോമ്പിനേഷന്‍ ഇപ്പോഴും നല്ല രസമായിരിക്കും.
നമ്മള്‍ ഡയലോഗ് പറയുമ്പോള്‍ ചെറിയ ചെറിയ എക്‌സ്പ്രഷനുകള്‍ എല്ലാം. ഒപ്പത്തിന് നമ്മള്‍ പിടിച്ചില്ലേല്‍ തോറ്റുപോകും. കല്പന കേറി സ്‌കോര്‍ ചെയ്യും. മിടുക്കിയാണ് ആ കാര്യത്തില്‍,’ ഹരിശ്രീ അശോകന്‍ പറയുന്നു.
Content Highlight: Harisree Ashokan Talks About Kalpana