വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലേക്ക് അരങ്ങേറിയ താരമാണ് കല്പന. മലയാളത്തിന് പുറമേ തമിഴിലും അറിയപ്പെടുന്ന നടിയായി മാറാന്‍ കല്പനക്ക് അധികം സമയം വേണ്ടി വന്നില്ല. മലയാള സിനിമയിലെ ഒരുകാലത്തെ ഒട്ടുമിക്ക സിനിമകളിലും കല്പന അഭിനയിച്ചിട്ടുണ്ട്. കൂടുതലും സഹതാരമായും കോമഡി വേഷങ്ങളിലുമാണ് കല്പന അഭിനയിച്ചിരുന്നത്. എന്നാല്‍ എണ്ണം പറഞ്ഞ ചില മികച്ച സീരിയസ് കഥാപാത്രങ്ങള്‍ക്കും ജീവന്‍ കൊടുത്തുകൊണ്ട് ഏത് വേഷവും തനിക്ക് ഇണങ്ങുമെന്ന് കല്പന തെളിയിച്ചിട്ടുണ്ട്.
കല്പനയും ഹരിശ്രീ അശോകനും നിരവധി സിനിമയില്‍ പെയര്‍ ആയി അഭിനയിച്ചിട്ടുണ്ട്. സിനിമയില്‍ വന്ന് ചെറിയ വേഷങ്ങള്‍ ചെയ്യുന്ന സമയത്ത് പോലും തന്റെ പെയര്‍ ആയി വരണമെന്ന് മനസുകൊണ് ആഗ്രഹിച്ചിട്ടുള്ള അഭിനേത്രി കല്പനയാണെന്ന് പറയുകയാണ് ഹരിശ്രീ അശോകന്‍. തന്റെ ഭാര്യയോ കാമുകിയോ ആയി സിനിമയില്‍ കല്പന വരണമെന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കല്പനയെ ഒരുപാട് ഇഷ്ടമാണെന്നും ഒത്തിരി സിനിമകളില്‍ ഒന്നിച്ച് അഭിനയിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു. കല്പനക്ക് പകരം കല്പന മാത്രമേ ഉള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ഹരിശ്രീ അശോകന്‍.
‘ആ കാലത്ത് നമ്മള്‍ സിനിമയില്‍ വന്ന് കുറേ വേഷങ്ങള്‍ ചെയ്യുന്ന സമയത്ത് നമുക്ക് ഒരു പെയര്‍ കിട്ടും. കാമുകിയോ ഭാര്യയോ ഒക്കെ ആയി ആരെങ്കിലും നമ്മുടെ പെയറായിട്ട് വരും. ചെറിയ ചെറിയ വേഷങ്ങളില്‍ പോലും നമുക്കങ്ങനെ ഉണ്ടാകും. ചെറിയ വേഷങ്ങള്‍ ചെയ്യുന്ന സമയത്ത് പോലും ഞാന്‍ മനസുകൊണ്ട് ആഗ്രഹിച്ചിട്ടുള്ളതാണ് കല്പനയുടെ ജോഡിയാകാന്‍.
എന്റെ ഭാര്യ ആയിട്ടോ കാമുകി ആയിട്ടോ കല്പനയെ കാസ്റ്റ് ചെയ്തിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചിട്ടുണ്ടായിരുന്നു. കാരണം എനിക്ക് അവരെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. ഇപ്പോഴും ഇഷ്ടമാണ്. ആ കാലത്ത് എന്റെ ഭാര്യയായി കുറേ സിനിമകള്‍ കല്പനയും ഞാനും കൂടെ ചെയ്തിട്ടുണ്ട്. കാമുകിയായി ചെയ്തിട്ടുണ്ട്, ഓപ്പോസിറ്റ് ക്യാരക്ടര്‍ ആയി ചെയ്തിട്ടുണ്ട്. കല്പനയെ കുറിച്ച് ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ അവര്‍ക്ക് പകരം വേറെ ഒരാളില്ല.
കല്പനയുടെ കൂടെ ഇന്ന് ഒരു സീന്‍ ഉണ്ടെന്ന് പറഞ്ഞാല്‍ ദൈവമേ ഇന്ന് പിടിച്ച് നില്‍ക്കാന്‍ കുറച്ച് പണിയെടുക്കണം എന്ന് തോന്നും. കാരണം കല്പനയുടെ മീറ്റര്‍ വേറെയാണ്. ഒപ്പത്തിന് നിന്ന് ചെയ്ത് കഴിഞ്ഞാല്‍ അത് നമുക്ക് ഭയങ്കര ആവേശമാണ്. കല്പനക്കും അതുപോലെ എന്നെ ഭയങ്കര ഇഷ്ടമാണ്. നമ്മള്‍ ഒന്നിച്ചൊരു കോമ്പിനേഷന്‍ വരുന്നത് ഇനി ഏത് സിനിമയിലായിരിക്കും എന്ന് എന്നോട് ചോദിക്കാറുണ്ട്,’ ഹരിശ്രീ അശോകന്‍ പറയുന്നു.
Content Highlight: Harisree Ashokan Talks About Kalpana