നവാഗത സംവിധായകനായ സജില്‍ മമ്പാട് കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് കടകന്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് വിതരണത്തിനെത്തിക്കുന്ന ചിത്രത്തില്‍ ഹക്കീം ഷാജഹാനാണ് നായകന്‍.
കടകനില്‍ ഹരിശ്രീ അശോകന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒപ്പം നാട്ടുരാജാവ്, രാജമാണിക്യം, ചന്ദ്രോത്സവം, ലോകനാഥന്‍ ഐ.എ.എസ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട രഞ്ജിത്തും ഒരു പ്രധാനവേഷത്തില്‍ എത്തുന്നെന്ന പ്രത്യേകതയുമുണ്ട്.
ഇപ്പോള്‍ വെറൈറ്റി മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഹരിശ്രീ അശോകന്‍. താന്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു വേഷമാണ് കടകനില്‍ ചെയ്യുന്നതെന്നാണ് താരം പറയുന്നത്.
‘ഞാന്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു വേഷമാണ് കടകനില്‍ ചെയ്യുന്നത്. ഹക്കീമിന്റെ വാപ്പയായാണ് അഭിനയിക്കുന്നത്. ഞാന്‍ പണ്ട് എങ്ങനെയായിരുന്നോ ആ വഴിയിലൂടെ അവന് സഞ്ചാരിക്കേണ്ടെന്ന് കരുതി അവനെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന വാപ്പയാണ്.
മകന്‍ അച്ഛന്‍ പോയ ആ മോശം വഴിയില്‍ പോയാല്‍ ശരിയാവില്ല, അവന്റെ ഭാവി വേറെയാകണമെന്ന് ആഗ്രഹിക്കുന്ന ഒരു വാപ്പയാണ് ആ കഥാപാത്രം. പക്ഷേ അവന്‍ അച്ഛന്‍ പോയ വഴിയിലൂടെ തന്നെയാണ് പോകുന്നത്. അങ്ങനെയുള്ള മകനും അച്ഛനും തമ്മിലുള്ള കോണ്‍ഫ്‌ലിക്റ്റാണ് കടകനില്‍ പറയുന്നത്.
ഇതിന്റെ ഇടയില്‍ മകനുമായി പ്രശ്‌നങ്ങളുണ്ടാക്കുന്ന പൊലീസ് ഓഫീസറാണ് രഞ്ജിത്ത്. ഇദ്ദേഹവും ഞാനും കൂടെയാണ് എന്റെ അഭിനയ ജീവിതത്തില്‍ ഇതുവരെ ചെയ്തിട്ടില്ലാത്ത ചില മാസ് സീനുകള്‍ ചെയ്യുന്നത്.
Content Highlight: Harisree Ashokan Talks About Kadakan Movie