2002ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത് വലിയ ഹിറ്റായ സിനിമയായിരുന്നു മീശ മാധവന്‍. രഞ്ജന്‍ പ്രമോദ് രചന നിര്‍വഹിച്ച ഈ ചിത്രത്തില്‍ നായകനായത് ദിലീപായിരുന്നു.
മലയാളത്തില്‍ 2002ല്‍ നല്ല സാമ്പത്തിക വിജയം നേടിയ ഈ ചിത്രം ഇതേ പേരില്‍ തമിഴിലും ദൊന്‍ഗഡു എന്ന് പേരില്‍ തെലുങ്കിലും എത്തിയിരുന്നു. ഈ സിനിമയില്‍ ദിലീപിന് പുറമെ കാവ്യ മാധവന്‍, ജഗതി, ഇന്ദ്രജിത്ത് സുകുമാരന്‍, കൊച്ചിന്‍ ഹനീഫ തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.
ഒപ്പം നടന്‍ ഹരിശ്രീ അശോകനും മീശ മാധവന്റെ ഭാഗമായി. സുഗുണന്‍ എന്ന കഥാപാത്രമായിട്ടാണ് അദ്ദേഹം അഭിനയിച്ചത്. അതില്‍ കൃഷ്ണനായി എത്തിയ ഹരിശ്രീ അശോകന്റെ സീനുകള്‍ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്. ഈ സിനിമയിലെ തന്റെ അവസാനത്തെ ഒരു സീനിനെ കുറിച്ച് പറയുകയാണ് ഹരിശ്രീ അശോകന്‍. സ്‌കൈലാര്‍ക്ക് പിക്‌ചേഴ്‌സ് എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മീശ മാധവന്റെ സമയത്ത് ഒരു സംഭവമുണ്ടായി. അതില്‍ രാവിലെ പോയി ഷൂട്ട് ചെയ്യേണ്ട ഒരു സീന്‍ ഉണ്ടായിരുന്നു. വെളുപ്പിനെ അഞ്ച് മണിക്കായിരുന്നു അത് ഷൂട്ട് ചെയ്യേണ്ടിയിരുന്നത്.
കമല്‍ സാറിന്റെ പടത്തിലൊക്കെ പണ്ട് പാട്ടില്‍ സ്ഥിരമായി ഒരു നീളമുള്ള പുല്ലുണ്ടാകുമായിരുന്നു. സിനിമയില്‍ അതിനെ കമല്‍ പൂവ് എന്നായിരുന്നു പറയുന്നത്. മീശ മാധവനിലെ സീനിനായി ആ പുല്ലുള്ള സ്ഥലം ആദ്യമേ തന്നെ കണ്ടുവെച്ചിരുന്നു.
അതിന്റെ അരികിലൂടെ ഒരു അരുവി ഒഴുകുന്നുണ്ടായിരുന്നു. അവിടെ വെച്ചായിരുന്നു മാധവന്‍ ആദ്യത്തെ ഓര്‍മകളൊക്കെ അയവിറക്കുന്ന സീന്‍ ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. അതായത് മാധവന്‍ പുല്ലും കടിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ രുഗ്മിണിയോട് ചെന്നിട്ട് അവന്‍ ഓര്‍മകള്‍ അയവിറക്കുകയാണെന്ന് ഞാന്‍ പറയുന്ന സീനായിരുന്നു അത്.
അന്ന് തീരുമാനിച്ചത് പോലെ, ആ സീന്‍ ഷൂട്ട് ചെയ്യാനായി രാവില തന്നെ എല്ലാവരും റെഡിയായി പോയി. ആ സീന്‍ കൂടെ കഴിഞ്ഞാല്‍ മീശ മാധവനിലെ എല്ലാ സീനുകളും ഏകദേശം ഷൂട്ട് ചെയ്ത് കഴിയും. അതിന് വേണ്ടി മാത്രമായിരുന്നു അന്നത്തെ ദിവസം ഞാന്‍ രാവിലെ വരെ കാത്തിരുന്നത്.
പക്ഷെ അവിടെ എത്തിയപ്പോഴാണ് ഒരു കാര്യം മനസിലായത്. ആ പുല്ലുകള്‍ മൊത്തം ആരോ വെട്ടികളഞ്ഞിരുന്നു. പിന്നെ എവിടുന്നോ പുല്ലുകള്‍ കൊണ്ട് വന്നിട്ട് അതിന്റെ മുകളില്‍ കെട്ടിവെച്ചിട്ടാണ് ഷൂട്ട് ചെയ്യുന്നത്,’ ഹരിശ്രീ അശോകന്‍ പറയുന്നു.
Content Highlight: Harisree Ashokan Talks About His Last Scene In Meesa Madhavan