Advertisement
Entertainment
തിളക്കത്തിലെ തയ്യല്‍ക്കാരന് പകരം മറ്റൊരു വേഷം ഞാന്‍ ചെയ്യേണ്ടി വന്നേനെ: ഹരിശ്രീ അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Nov 10, 09:39 am
Sunday, 10th November 2024, 3:09 pm

ദിലീപ്, ഹരിശ്രീ അശോകന്‍, കാവ്യ മാധവന്‍, ജഗതി തുടങ്ങിയ വന്‍ താരനിര അണിനിരന്ന ചിത്രമാണ് 2003 ല്‍ ഇറങ്ങിയ തിളക്കം. റാഫി മെക്കാര്‍ട്ടിന്‍സിന്റെ തിരക്കഥയില്‍ ജയരാജാണ് ചിത്രം സംവിധാനം ചെയ്തത്. മലയാളത്തിലെ എവര്‍ഗ്രീന്‍ ഹാസ്യചിത്രങ്ങളുടെ ഗണത്തില്‍ പെടുത്താവുന്ന സിനിമയാണ് തിളക്കം.

തിളക്കം എന്ന സിനിമയിലെ കഥാപാത്രത്തിനെ കുറിച്ച് സംസാരിക്കുകയാണ് ഹരിശ്രീ അശോകന്‍. റാഫി തന്നെ വിളിച്ച് തയ്യല്‍ക്കാരന്റെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ താന്‍ മറ്റൊരു സിനിമയുടെ ലൊക്കേഷനില്‍ ആയിരുന്നെന്നും ഡേറ്റിന്റെ പ്രശ്‌നമുണ്ടായിരുന്നെന്നും ഹരിശ്രീ അശോകന്‍ പറയുന്നു. റാഫി മെക്കാര്‍ട്ടിന്‍സ് എഴുതുന്ന കഥയെല്ലാം നല്ലതായിരിക്കുമെന്നും അതിനാല്‍ തന്നെ ആ സിനിമ വിട്ടുകളയാന്‍ തനിക്ക് താത്പര്യമില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തയ്യല്‍ക്കാരന്റെ കഥാപാത്രം അല്ലെങ്കില്‍ വെളിച്ചപ്പാടിന്റെ കഥാപാത്രം ഉണ്ട് അത് ചെയ്‌തോയെന്നും വെളിച്ചപ്പാട് വെള്ളത്തിലേക്ക് ചാടുന്ന സീന്‍ ഉണ്ടെന്നും റാഫി പറഞ്ഞെന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞു. തനിക്ക് നീന്താന്‍ അറിയാത്തതിനാല്‍ ആ കഥാപാത്രം വേണ്ടെന്നും തയ്യല്‍ക്കാരനെത്തന്നെ ചെയ്യാമെന്ന് തീരുമാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തിളക്കത്തിലേക്ക് എന്നെ വിളിക്കുമ്പോള്‍ ഞാന്‍ വേറൊരു സിനിമയുടെ സെറ്റിലായിരുന്നു. റാഫി എന്നെ വിളിച്ചിട്ട് പറഞ്ഞു ‘തിളക്കത്തില്‍ നല്ലൊരു വേഷമുണ്ട്. തയ്യല്‍ക്കാരനായിട്ടാണ്’ എന്ന്. ഞാന്‍ പറഞ്ഞു, റാഫി എനിക്ക് ഭയങ്കര ആഗ്രഹമുണ്ട് നിന്റെ സിനിമയില്‍ അഭിനയിക്കാന്‍, പക്ഷെ സമയമില്ലെന്ന്.

എനിക്കാണെങ്കില്‍ റാഫിയുടെ ഒരു സിനിമയും വിടാന്‍ താത്പര്യമില്ല. റാഫി മെക്കാര്‍ട്ടിന്‍സിന്റെ എല്ലാ സിനിമയും അടിപൊളി ആയിരിക്കും. ഡേറ്റിന്റെ പ്രശ്‌നമുണ്ടെന്ന് പറഞ്ഞപ്പോള്‍ അതിനൊരു പണിയുണ്ട്, ചിത്രത്തില്‍ ഒരു വെളിച്ചപ്പാടിന്റെ വേഷമുണ്ട് അത് ചെയ്യെന്ന് പറഞ്ഞു.

അതെന്താ സംഭവം എന്ന് ചോദിച്ചപ്പോള്‍ വെളിച്ചപ്പാടാണ്, ഇങ്ങനെ നടക്കണം, വെള്ളത്തില്‍ ചാടണം എന്നൊക്കെ പറഞ്ഞു. വെള്ളത്തില്‍ ചാടണം എന്നറിഞ്ഞപ്പോള്‍ ഞാനില്ലെന്ന് പറഞ്ഞു. എനിക്ക് നീന്താന്‍ അറിയില്ല. ഞാന്‍ എങ്ങനെയെങ്കിലും തയ്യല്‍ക്കാരന്റെ വേഷം ചെയ്യാന്‍ വരാമെന്ന് പറഞ്ഞു. അങ്ങനെയാണ് തിളക്കത്തില്‍ ഞാന്‍ എത്തുന്നത്,’ ഹരിശ്രീ അശോകന്‍ പറയുന്നു.

Content Highlight: Harisree Ashokan Talks About His Character In Thilakkam Movie