| Monday, 4th March 2024, 5:08 pm

പഞ്ചാബി ഹൗസ് പോലെയുള്ള സിനിമകള്‍ ഇനിയും വരും; ഈ ജനറേഷന്‍ അത്തരം സിനിമകള്‍ സ്വീകരിക്കുമെന്ന് ഉറപ്പാണ്: ഹരിശ്രീ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1998ല്‍ പുറത്തിറങ്ങി വലിയ വിജയമായ ചിത്രമായിരുന്നു പഞ്ചാബി ഹൗസ്. റാഫി – മെക്കാര്‍ട്ടിന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ഹരിശ്രീ അശോകന്റെ രമണനെന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ കഥാപാത്രം ഇന്നും മീമിലൂടെയും മറ്റും ഏറെ പ്രശസ്തമാണ്.

എല്ലാവര്‍ക്കും ഇന്നത്തെ കാലത്ത് പഞ്ചാബി ഹൗസ് പോലെയുള്ള ഒരു പടം വീണ്ടും ചെയ്യാന്‍ കഴിയുമോ എന്ന സംശയമുണ്ടെന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്. പുതിയ തലമുറക്ക് അത്തരം സിനിമ ഇഷ്ടപ്പെടുമോ എന്നതാണ് ആ സംശയത്തിന് കാരണമെന്നും താരം പറഞ്ഞു.

പക്ഷേ ഈ തലമുറ അത്തരം സിനിമകള്‍ സ്വീകരിക്കുമെന്ന് തനിക്ക് നൂറ് ശതമാനവും ഉറപ്പുണ്ടെന്നും അങ്ങനെയുള്ള പടങ്ങള്‍ കൊടുക്കാത്തതിന്റെ കുഴപ്പമാണെന്നും ഹരിശ്രീ അശോകന്‍ പറയുന്നു. ചിലപ്പോള്‍ അതുപോലെയുള്ള സിനിമകള്‍ ഇനിയും വന്നേക്കാമെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ കട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഹരിശ്രീ അശോകന്‍.

‘ഈ അടുത്ത് തന്റെ പുതിയ പടം സംവിധാനം ചെയ്യാന്‍ പോകുന്ന ഒരു സംവിധായകനെ ഞാന്‍ കണ്ടിരുന്നു. ആ പടത്തില്‍ ഞാനില്ല. ഇനി ഞാന്‍ ഉണ്ടാകുമോ എന്നറിയില്ല. ആളുടെ ആ സിനിമയുടെ കഥ കേട്ടപ്പോള്‍ രസമായിട്ടുണ്ടെന്ന് ഞാന്‍ പറഞ്ഞു.

അപ്പോള്‍ ഇയാള്‍ ബെഡ്റൂമില്‍ കൊണ്ടുപോയി ഇരുത്തിയിട്ട് ചോദിച്ച ഒരു ചോദ്യമുണ്ട്. പഞ്ചാബി ഹൗസൊക്കെ നിങ്ങള്‍ എങ്ങനെ ഷൂട്ട് ചെയ്തു എന്നാണ് ചോദിച്ചത്. അദ്ദേഹത്തിന് ആ കാര്യം അറിയണമായിരുന്നു.

എനിക്ക് അതിനെ പറ്റി ഒന്നും പറയാന്‍ പറ്റില്ലെന്ന് ഞാന്‍ മറുപടി പറഞ്ഞു. അത് റാഫിക്കും മെക്കാര്‍ട്ടിനും മാത്രമേ അറിയുകയുള്ളൂവെന്നും പറഞ്ഞു. അവര്‍ക്കൊക്കെ ഇന്ന് അതുപോലെയുള്ള ഒരു പടം വീണ്ടും ചെയ്യാന്‍ കഴിയുമോ എന്ന സംശയമുണ്ട്.

ഈ ജനറേഷന് അത് ഇഷ്ടപ്പെടുമോ എന്നതാണ് ആ സംശയത്തിന് കാരണം. പക്ഷേ ഈ ജനറേഷന്‍ അത്തരം സിനിമകള്‍ സ്വീകരിക്കുമെന്ന് എനിക്ക് നൂറ് ശതമാനവും ഉറപ്പുണ്ട്. അങ്ങനെയുള്ള പടങ്ങള്‍ കൊടുക്കാത്തതിന്റെ കുഴപ്പമാണ്. ചിലപ്പോള്‍ അതുപോലെയുള്ള സിനിമകള്‍ ഇനിയും വന്നേക്കാം,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.


Content Highlight: Harisree Ashokan Talks About Comedy Movies Like Punjabi House

Latest Stories

We use cookies to give you the best possible experience. Learn more