രഞ്ജിത്ത് എഴുതി നിര്‍മിച്ച ചിത്രമാണ് ‘ബാവൂട്ടിയുടെ നാമത്തില്‍’. മമ്മൂട്ടി നായകനായ ചിത്രത്തില്‍ ഹരിശ്രീ അശോകനും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. റെഡ് എഫ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഹരിശ്രീ അശോകന്‍.
‘രഞ്ജിയുടെ പടത്തില്‍ അഭിനയിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അപ്പോഴാണ് പെട്ടെന്ന് ഒരിക്കല്‍ എനിക്ക് കോള്‍ വരുന്നത്. ആദ്യം കണ്ട്രോളര്‍ വിളിച്ചിട്ട് കാര്യം പറഞ്ഞു. എന്ത് വേഷമാണെന്ന് ചോദിച്ചപ്പോള്‍ ഇന്ന് വരെ ഞാന്‍ ചെയ്യാത്ത വേഷമാണെന്ന് പറഞ്ഞു.
വിജയേട്ടന്‍ (ജി.എസ് വിജയന്‍) ആണ് സിനിമയുടെ ഡയറക്ടര്‍. ഞാന്‍ ഉടനെ ചേട്ടനെ വിളിച്ച് ചോദിച്ചു. വേഷം എന്താണെന്ന് ചോദിച്ചപ്പോള്‍ ചേട്ടനും ‘കൊള്ളാം, നല്ല വേഷമാണ്. നീ ഇതുവരെ ചെയ്യാത്ത വേഷമാണ്’ എന്ന് പറഞ്ഞു. എല്ലാവരും ഞാന്‍ മുമ്പ് ചെയ്യാത്ത വേഷമാണെന്ന് മാത്രമേ പറയുന്നുള്ളു.
പിന്നെ എന്താകും ആ വേഷമെന്ന ചിന്തയായിരുന്നു എനിക്ക്. അങ്ങനെ പിന്നീട് രഞ്ജി എന്നെ വിളിച്ചു. എന്നോട് സിനിമക്ക് വേണ്ടി മീശ വടിക്കുമോ എന്ന് ചോദിച്ചു. രഞ്ജിയും മമ്മൂട്ടിയുമുള്ള പടമായത് കൊണ്ട് ഞാന്‍ താടിയും മീശയുമൊക്കെ വടിക്കാന്‍ തയ്യാറായിരുന്നു.
ബുള്ളറ്റ് ഓടിക്കുമോയെന്ന് ചോദിച്ചപ്പോള്‍ മുമ്പ് ഓടിച്ചിരുന്നെന്ന് പറഞ്ഞു. അതോടെ കുറച്ചു നാള്‍ ബുള്ളറ്റ് ഓടിച്ച് പ്രാക്ടീസ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഒടുവില്‍ ഞാന്‍ ലൊക്കേഷനിലേക്ക് പോയി. എന്താണ് വേഷമെന്ന് അറിയാതെയാണ് പോകുന്നത്.
അന്ന് ചെന്നപ്പോള്‍ രഞ്ജി ഷൂട്ടിങ് നടക്കുന്ന വീടിന്റെ മുന്നിലുള്ള മരത്തിന്റെ താഴെ ഇരിപ്പുണ്ടായിരുന്നു. അശോക് എന്ന് പറഞ്ഞ് എന്നെ വിളിച്ചതും ഞാന്‍ അടുത്തേക്ക് ചെന്നു. എന്നെ രഞ്ജി അടുത്തിരുത്തി. കുറച്ച് കഴിഞ്ഞതും എന്താണ് വേഷമെന്ന് ഞാന്‍ ചോദിച്ചു.
രഞ്ജി കാര്യം പറഞ്ഞു. ശരിക്കും അത് സിനിമ പറയും പോലെയായിരുന്നു പറഞ്ഞു തന്നിരുന്നത്. എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോള്‍ ഞാന്‍ ഇത് ചെയ്യണോ എന്നായി. ആ കഥാപാത്രം ശരിക്കും മമ്മൂക്കയുടെ ഒരു വലംകൈയാണ്. ചെറുപ്പം തൊട്ടുള്ള കൂട്ടുകാരനാണ്.
ഇത് എനിക്ക് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ അശോകനേ ചെയ്യുള്ളൂ എന്നാണ് രഞ്ജി പറഞ്ഞത്. ഷൂട്ടിങ്ങിന്റെ ആദ്യ ദിവസം ആദ്യ ഷോട്ട് മമ്മൂക്കയെ ബുള്ളറ്റിന്റെ പുറകില്‍ ഇരുത്തി കൊണ്ടുവരുന്നതായിരുന്നു. മമ്മൂക്കയുടെ കഥാപാത്രത്തെ ബുള്ളറ്റില്‍ വീട്ടിലേക്ക് ഉള്ള കയറ്റം കയറ്റി കൊണ്ടു വരുന്നതാണ് ആ ഷോട്ട്.
ഞാന്‍ വിജയേട്ടനോടും ക്യാമറമാനോടും ആദ്യ ടേക്കില്‍ തന്നെ ഓക്കേയാക്കി തരാന്‍ പറഞ്ഞു. എന്തേലും അഡ്ജസ്റ്റ്‌മെന്റ് ഉണ്ടായാല്‍ പിന്നെ എനിക്ക് ആ സീന്‍ ചെയ്യാന്‍ പറ്റില്ലെന്നും പറഞ്ഞു. കാരണം മമ്മൂക്കയാണ് എന്റെ പുറകില്‍ ഇരിക്കുന്നത്.
ഞാന്‍ ബുള്ളറ്റ് അവിടെ കൊണ്ടു പോയി നിര്‍ത്തി, മമ്മൂക്ക കയറാന്‍ നിന്നതും ഡയറക്ടര്‍ ഷോട്ട് എടുക്കുകയല്ലേ എന്ന് ചോദിച്ചു. മമ്മൂക്ക ബുള്ളറ്റില്‍ കയറും മുമ്പ് നിനക്ക് ഓടിക്കാന്‍ അറിയുമോ എന്ന് ചോദിച്ചു.
അറിയാമായിരുന്നു എന്ന് ഞാന്‍ മറുപടി പറഞ്ഞു. ഇപ്പോഴോ എന്ന് ചോദിച്ചപ്പോള്‍ പ്രാക്ടീസ് ചെയ്യുന്നുണ്ടെന്ന് മമ്മൂക്കയോട് പറഞ്ഞു. ‘വീഴ്ത്തരുത് എന്നെ’ എന്ന് പറഞ്ഞാണ് മമ്മൂക്ക ബുള്ളറ്റില്‍ കയറിയത്. ആ സീന്‍ ഭാഗ്യത്തിന് ഒറ്റ ഷോട്ടില്‍ റെഡിയായി,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.
Content Highlight: Harisree Ashokan Talks About Bullet Scene With Mammootty