മലയാളികളുടെ പ്രിയനടന്‍ ടൊവിനോ തോമസ് പൊലീസ് കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’. കേരളത്തെ നടുക്കിയ ഒരു കൊലപാതകവും അതിന് പിന്നിലെ ദുരൂഹതകളും നിഗൂഢതകളുമൊക്കെയാണ് ഈ ചിത്രത്തില്‍ പറയുന്നത്.
ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരു ഇമോഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം ഫെബ്രുവരി ഒമ്പതിനാണ് തിയേറ്ററുകളിലെത്തുന്നത്.
ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹരിശ്രീ അശോകനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ ഈ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് താരം.
ടൊവിനോ തോമസിനൊപ്പമുള്ള തന്റെ രണ്ടാമത്തെ ചിത്രമാണ് ഇതെന്നും മുമ്പ് അഭിനയിച്ച മിന്നല്‍ മുരളി ഒരു വമ്പന്‍ ഹിറ്റായിരുന്നെന്നും ഹരിശ്രീ അശോകന്‍ പറയുന്നു.
അതുപോലെ തന്നെയാകട്ടെ ഈ ചിത്രമെന്ന് താന്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് പറഞ്ഞ താരം അങ്ങനെയാകാനുള്ള എല്ലാ ചേരുവകളും ഈ സിനിമയില്‍ ഉണ്ടെന്നാണ് വിശ്വാസമെന്നും കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത് നല്ല ഒരു കഥാപാത്രമായാണ്. ടൊവിനോയുടെ കൂടെയുള്ള എന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. മിന്നല്‍ മുരളി ഒരു വമ്പന്‍ ഹിറ്റായിരുന്നു. അതുപോലെ തന്നെയാകട്ടെ ഈ ചിത്രമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
അങ്ങനെ ആകാനുള്ള എല്ലാ ചേരുവകളും ഇതില്‍ ഉണ്ടെന്ന വിശ്വാസവും എനിക്കുണ്ട്. കാരണം ഇതിന്റെ സംവിധായകന്‍ വളരെ എക്‌സ്പീരിയന്‍സ് ഉള്ള ഒരാളാണ്. സിനിമ ഷൂട്ട് ചെയ്യുന്ന സമയത്ത് വളരെ എഫേര്‍ട്ട് എടുത്ത് കൊണ്ടാണ് അദ്ദേഹം ഓരോ സീനും എടുക്കുന്നത്. കറക്റ്റ് റിസള്‍ട്ട് കിട്ടിയില്ലെങ്കില്‍ അദ്ദേഹം രണ്ടാമത് വീണ്ടും ഷൂട്ട് ചെയ്യുമായിരുന്നു.
പിന്നെ കുറേ സിനിമകളില്‍ യങ്‌സ്റ്റേഴ്‌സിന്റെ കൂടെ അഭിനയിച്ചപ്പോള്‍ ഞാനും യങ്ങായത് പോലെ തോന്നി. ഇവിടെ എല്ലാവരും പിള്ളേരായിരുന്നു. ടൊവിനോ ഉള്‍പ്പെടെ,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.
തിയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‌റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി. എബ്രഹാമാണ്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.
Content Highlight: Harisree Ashokan Talks About Anweshippin Kandethum