ഈയിടെ ഇറങ്ങിയ മലയാള സിനിമകളിൽ വലിയ വിജയമായി മാറിയ ചിത്രമായിരുന്നു ജിതു മാധവൻ ഒരുക്കിയ രോമാഞ്ചം. കോമഡി ഹൊറർ ചിത്രമായി അണിയിച്ചൊരിക്കിയ രോമാഞ്ചം ബോക്സ് ഓഫീസിലും വലിയ ചലനം ഉണ്ടാക്കിയിരുന്നു. ചിത്രത്തിന്റെ വിജയത്തെ കുറിച്ച് പറയുകയാണ് നടൻ ഹരിശ്രീ അശോകൻ.
ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ രോമാഞ്ചത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.
രോമാഞ്ചം കണ്ടപ്പോൾ തനിക്ക് അത്ഭുതം തോന്നിയെന്നും ചിത്രം കണ്ട് കഴിഞ്ഞപ്പോൾ ഒരു മാജിക് ഫീൽ ആയെന്നും അതുകൊണ്ടാണ് ചിത്രം വലിയ രീതിയിൽ വിജയമായതെന്നും ഹരിശ്രീ അശോകൻ പറഞ്ഞു. മകൻ അഭിനയിച്ചത് കൊണ്ട് മാത്രം പറയുകയല്ല രോമാഞ്ചം തനിക്ക് ഇഷ്ടപ്പെട്ട ചിത്രമാണെന്നും മൂവി വേർഡ് മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘രോമാഞ്ചം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമയാണ്. അതൊരിക്കലും എന്റെ മോൻ അഭിനയിച്ചത് കൊണ്ടല്ല. രോമാഞ്ചം എന്ന സിനിമയുടെ ആ മേക്കിങും അവർ പറഞ്ഞിരിക്കുന്ന കണ്ടന്റും അതിൽ അഭിനയിച്ചിരിക്കുന്നവരുടെ റീ റെക്കോർഡിങ് ഡബ്ബിങുമെല്ലാം ഭയങ്കരമായി ചേർന്ന് വന്നിട്ടുള്ള ഒരു ചെറിയ സിനിമയാണത്. അതൊരിക്കലും അത്ര ഹിറ്റാവും എന്നോ വിജയമാവും എന്നോ സിനിമയുടെ കഥ എഴുതുമ്പോഴോ റിലീസ് ചെയ്യുമ്പോഴും ഒന്നും അവരുടെ മനസിൽ ഉണ്ടായിരുന്നില്ല.
അതിന്റെ എഴുത്തുകാരനും സംവിധായകനും ആയിട്ടുള്ള വ്യക്തി പറഞ്ഞിട്ടുണ്ട്, വെറും രണ്ടാഴ്ച്ച കൊണ്ട് എഴുതി പൂർത്തിയാക്കിയ സിനിമയാണ് രോമാഞ്ചമെന്ന്. ബാക്കി അവരുടെ മനസിൽ ഉണ്ടായിരുന്നു. അത് എടുക്കുംതോറും സിനിമ ഇങ്ങനെ ഡെവലപ്പായി വന്നു.
ഒരു വീടും എട്ട് പത്ത് ആർട്ടിസ്റ്റുകളെയും വച്ചാണ് ആ സിനിമ ചെയ്തുതീർത്തിട്ടുള്ളത്. നമുക്കൊരിക്കലും അങ്ങനെയൊന്നും ചിന്തിക്കാൻ പോലും പറ്റില്ല. അവരുടെ മനസ്സിൽ ഉണ്ടായിരുന്നു രോമാഞ്ചം എങ്ങനെയാണ് ചെയ്യേണ്ടതെന്ന്.
ആ സിനിമയൊക്കെ കാണുമ്പോൾ ശരിക്കും അത്ഭുതം തോന്നുകയാണ്. സിനിമ കഴിയുമ്പോൾ ഇത് ഇത്രത്തോളം ഹിറ്റ് ആകുമെന്ന് അവരെങ്ങനെ പ്രഡിക്റ്റ് ചെയ്തു എന്ന് ആലോചിച്ചിച്ച് പോവും. സിനിമ കണ്ടു ഇറങ്ങുമ്പോൾ നമ്മൾ കിടുങ്ങി പോവുകയാണ്.
അവരെന്താണ് കാണിച്ചിട്ടുള്ളത് എന്നോർത്ത്. ഒരു മാജിക് പോലെ ഫീൽ ചെയ്തു. ആ ഫീൽ ഭയങ്കരമായിട്ട് രോമാഞ്ചം എന്ന ചിത്രത്തിന് കിട്ടിയിട്ടുണ്ട്. അതുപോലെ പലതരത്തിലുള്ള സിനിമകളും കഥകളും പ്രേക്ഷകരുടെ മുന്നിലേക്ക് വരുന്നുണ്ട് അവയിൽ ചിലത് വർക്കാവും ചിലത് വർക്കാവില്ല,’ ഹരിശ്രീ അശോകൻ പറയുന്നു.
Content Highlight: Harisree Ashokan Talk About Romancham Movie