| Monday, 27th November 2023, 7:01 pm

ഒരുപാട് സിനിമകൾ വന്നാലും മരണമില്ലാത്തത് അത്തരം ചിത്രങ്ങൾക്കാണ്: ഹരിശ്രീ അശോകൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് ഹരിശ്രീ അശോകൻ. മലയാളികളെ എന്നും ചിരിപ്പിച്ചിട്ടുള്ള താരം നിലവിൽ സീരിയസ് വേഷങ്ങളും ചെയ്ത് പ്രേക്ഷകരുടെ കൈയ്യടി നേടുന്നുണ്ട്. മകൻ അർജുൻ അശോകനും ഇന്ന് മലയാളത്തിലെ തിരക്കുള്ള യുവ താരമാണ്.

പ്രേക്ഷകരും മലയാള സിനിമയും മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്തെ സിനിമകളെക്കുറിച്ച് സംസാരിക്കുകയാണ് ഹരിശ്രീ അശോകൻ.

കാലഘട്ടമനുസരിച്ച് പ്രേക്ഷകർ മാറുന്നുണ്ടെന്നും എല്ലാതരത്തിലുള്ള സിനിമകളും സംവിധായകർ പരീക്ഷിക്കുന്നത് നല്ലതാണെന്നും ഹരിശ്രീ അശോകൻ പറയുന്നു. കോമഡി സിനിമകൾക്ക് എല്ലാക്കാലവും പ്രേക്ഷകർക്കിടയിൽ വലിയ സ്ഥാനം ഉണ്ടെന്നും താരം മൂവി വേൾഡ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

‘കാലഘട്ടം അനുസരിച്ച് പ്രേക്ഷകരും മാറുന്നുണ്ട്. ഒരു സമയത്ത് പ്രേക്ഷകർക്ക് തമാശ സിനിമകളായിരുന്നു ഇഷ്ടം. അന്ന് നല്ല നല്ല കഥകൾ ഉണ്ടായിരുന്നു. പിന്നെ അവയിൽ നിന്നെല്ലാം മാറി ഫൈറ്റ് സിനിമകളിലേക്ക് എത്തി.

ഏറ്റവും ഒടുവിൽ തീയേറ്റർ സിനിമകൾക്കാണ് പ്രേക്ഷകർ ഏറെയുള്ളത്. അതുകൊണ്ട് തന്നെ പലരീതിയിൽ പലതരത്തിൽ സിനിമകൾ മേക്ക് ചെയ്യാൻ സംവിധായകർ ശ്രമിക്കുകയാണ്. അത് നല്ലതാണ്. ഒരു കാറ്റഗറി മാത്രം പിടിക്കാതെ എല്ലാ ഴോണറും ചെയ്യണം.

ഈയിടെ ഒരു സംവിധായകൻ എന്നോട് ചോദിച്ചിരുന്നു പണ്ടൊക്കെ എങ്ങനെയാണ് അങ്ങനെയുള്ള ഹ്യൂമർ മേക്ക് ചെയ്തെടുത്തതെന്ന്. ഞാൻ പറഞ്ഞത്, മേക്ക് ചെയ്തതെല്ലാം അതിന്റെ സംവിധായകരാണ്. പുള്ളിക്ക് അതിനെക്കുറിച്ച് ചിന്തിക്കാൻ പറ്റുന്നില്ല. ഹ്യൂമർ സീനുകൾ ചെയ്യുമ്പോൾ ഒരു ഷോട്ട് മിസ്സായാൽ തന്നെ വലിയ ബുദ്ധിമുട്ടല്ലേ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

അങ്ങനെ എല്ലാ കാലഘട്ടത്തിലും വ്യത്യസ്തങ്ങളായ ഒരുപാട് സിനിമകൾ വരും. പക്ഷേ ഏത് സിനിമ വന്നാലും ഏതു കാലഘട്ടം ആണെങ്കിലും ശരി, തമാശയുള്ള സിനിമകൾക്ക് മരണമില്ല. അത് നല്ല സിനിമയാണെങ്കിൽ എപ്പോഴും ഹിറ്റ് തന്നെയായിരിക്കും. നല്ല തമാശകളും നല്ല മേക്കിങ്ങും എല്ലാം കൂടെ ഒത്തു വരണം,’ഹരിശ്രീ അശോകൻ പറയുന്നു.

Content Highlight: Harisree Ashokan Talk About New Malayalam Movies

Latest Stories

We use cookies to give you the best possible experience. Learn more